Tuesday, January 30, 2007

മല കേറ്റം.

പേരു കേല്‍ക്കുമ്പോള്‍ നിങ്ങള്‍ വിചാരിക്കും ഇത്‌ ശബരിമലയിലോ, മലയാറ്റൂരോ മലകേറിയതിന്റെ കഥയാണെന്ന്‌. അല്ല, ഇത്‌ ഞാന്‍ ദുബൈയില്‍ ലൈസന്‍സിനു വേണ്ടി ഹില്‍ എടുത്ത കഥയാണ്‌.

ലൈസന്‍സ്‌ ഹില്‍ പരിചയമില്ലാത്തവര്‍ക്കു വേണ്ടി.. ദുബൈയില്‍ ലൈസന്‍സ്‌ ലഭിക്കുന്നതിന്‌ വേണ്ടിയുള്ള പ്രാധമിക ടെസ്റ്റുകളില്‍ ഒന്നാണ്‌ "ഹില്‍". ചരിഞ്ഞ ഒരു പ്രദേശത്തിന്റെ നടുക്ക്‌ കാര്‍ നിര്‍ത്തിയിട്ടിരിക്കും, അവിടെ നിന്നും വണ്ടി ഒരിഞ്ചു പോലും പുറകിലേക്ക്‌ പോകാതെ മുന്നോട്ടെടുക്കണം, പിന്നീട്‌ തിരികെ അതേ സ്ഥലത്ത്‌ പുറകിലേക്ക്‌ കൊണ്ടുവന്ന്‌ നിര്‍ത്തണം... സോ സിമ്പിള്‍. എല്ലാ സ്ഥലങ്ങളിലും ഇങ്ങനൊരു ടെസ്റ്റ്‌ ഉണ്ടോന്നറിയില്ല. നാട്ടില്‍ ഇല്ല. തലേദിവസം എണ്ണിക്കൊടുത്ത ഗാന്ധിത്തലകളുടെ വെളിച്ചത്തില്‍, റോഡില്‍ക്കൂടി പോകുന്ന ഏതോ ഒരു കാര്‍ ചൂണ്ടിക്കാട്ടി ഏജന്റ്‌ ഖാദിര്‍ പറഞ്ഞത്രേ .. "ലാ പോന്നാനാ തമനു" എന്ന്‌. അങ്ങനാ നാട്ടില്‍ ലൈസന്‍സ്‌ കിട്ടിയത്‌

ഹില്‍ എടുക്കുന്നതിന്‌ മുന്‍പ്‌ രണ്ട്‌ ടെസ്റ്റുകള്‍ കൂടിയുണ്ട്‌, റിവേഴ്സ്‌ പാര്‍ക്കിങ്ങും, സൈഡ്‌ പാര്‍ക്കിംഗും.

ഇന്ത്യക്ക്‌ എന്നെങ്കിലും ഫുട്ബോളിന്‌ ബ്രസീലിനെതിരെ കളിക്കാന്‍ ഒരു ചാന്‍സ്‌ കിട്ടിയാല്‍ , ഒരര മണിക്കൂര്‍ ഓടിക്കഴിഞ്ഞ്‌ ശ്വാസംകിട്ടാതെ കണ്ണും നാക്കും തള്ളി തല കറങ്ങി വീഴുന്നത്‌ പെനാല്‍റ്റി ഏരിയായില്‍ വല്ല ബ്രസീലുകാരന്റെ കാലിനടുത്തെങ്ങാനുമാവുകയും റഫറിക്ക്‌ ദയ തോന്നി ഒരു പെനാല്‍റ്റി കിക്കിന്‌ ചാന്‍സ്‌ കിട്ടുകയും ചെയ്താല്‍, കാറ്റിന്റെ ആനുകൂല്യം കൊണ്ട്‌ പന്ത്‌ ഗോളിയുടെ അടുത്തു വരെ ചെല്ലുകയും ആ സമയത്ത്‌ ബ്രസീല്‍ ഗോളിയുടെ രണ്ടു കണ്ണുകളിലും ഓരോ ഈച്ചയെങ്കിലും വീഴുകയും ചെയ്താല്‍ ഒരു ഗോള്‍ നേടാം എന്നു പറയുന്നതിന്റെ അത്രയും സാധ്യത പോലും എന്റെ ആദ്യ ടെസ്റ്റിന്റെ വിജയത്തിനായി എന്റെ ആശാന്‍ കൊടുത്തിരുന്നില്ല.

പക്ഷേ മണിക്കൂറിന്‌ 35 ദിര്‍ഹംസ്‌ എണ്ണിക്കൊടുത്തിരുന്ന എനിക്ക്‌ അങ്ങനെ ചിന്തിക്കാന്‍ പറ്റില്ലല്ലോ. ജയിച്ചേക്കും എന്നെനിക്ക്‌ ശക്തമായ തോന്നലുണ്ടായിരുന്നു, ആ തോന്നലില്‍ ഒരു കാര്യവുമില്ല എന്നെനിക്കുറപ്പുണ്ടായിരുന്നെങ്കില്‍ പോലും. കാരണം സ്ഥിരമായി ഹിന്ദിപ്പരീക്ഷയ്ക്ക്‌ ശേഷം ഉണ്ടാകാറുള്ള ആ തോന്നലിനെ തെറ്റാണ്‌ തെറ്റാണ്‌ തെറ്റാണ്‌ എന്ന്‌ പരീക്ഷാഫലം കാണിച്ച്‌ കാലം പലപ്രാവശ്യം തെളിയിച്ചിട്ടുള്ളതാണ്‌.

തൊഴിലില്ലായ്മ വേതനം വാങ്ങിക്കാന്‍ പോയിട്ട്‌ രാവിലെ ഏഴു മുതല്‍ പത്തു വരെ ക്യൂവില്‍ നല്ല ഡീസന്റായിട്ട്‌ നിന്നും, പിന്നീട്‌ വരാന്തയില്‍ ഇരുന്നും, അവിടെ വെയില്‍ വന്ന്‌ മൂത്തപ്പോള്‍ അടുത്തുള്ള മരത്തിന്റെ കീഴിലേക്കു മാറിയും, നീണ്ട എട്ടു മണിക്കൂര്‍ കാത്തു നിന്ന എന്നെ, ഒന്നു മൂത്രമൊഴിക്കാന്‍ പോയ രണ്ടേ രണ്ടു മിനിട്ടിനുള്ളില്‍ തന്നെ വിളിച്ച്‌ ചതിച്ച എമ്പ്ലോയ്‌മന്റ്‌ എക്സ്ചേഞ്ച്‌കാരുടെ ചതി ഇവിടെ സംഭവിക്കരുതെന്ന്‌ കരുതി കാത്തിരുപ്പ്‌ മുറിയില്‍ മുന്‍നിരയില്‍ തന്നെ, എന്റെ സ്വന്തം ലാന്‍ഡ്‌ ക്രൂയിസറില്‍ ഫാസ്റ്റ്‌ ട്രാക്കിലൂടെ മുന്‍പേ പോകുന്ന ചിന്ന വണ്ടികളെ ലൈറ്റടിച്ച്‌ മാറ്റി പറക്കുന്ന സ്വപ്നോം കണ്ട്‌ ഞാനിരുന്നു.

അറബിപ്പോലീസിന്റെ വിളി വളരെ മനോഹരമാണ്‌. "വ്‌..ഷ..ളേന്‍" എന്ന്‌ വിളിക്കുമ്പോള്‍ വിശാലനും (ഒരു പക്ഷേ ആ പാവം അറബി വിശാലന്റെ ബ്ലോഗ്‌ വായിച്ചിട്ടുണ്ടാകും- വഷളന്‍ എന്നായിരിക്കും അയാള്‍ ഉദ്ദേശിച്ചിരിക്കുക), "ആ ക്രാ ച്ചാന്‍" എന്നു വിളിക്കുമ്പോള്‍ അഗ്രജനും (ആക്രാന്തന്‍ എന്നായിരുന്നെങ്കില്‍ കറക്റ്റ്‌ ആയേനേ..) എഴുനേറ്റ്‌ ചെല്ലണം. മീരാന്‍ എന്ന എന്റെ സുഹൃത്ത്‌ അറബി തെറി വിളിച്ചു എന്ന്‌ പറഞ്ഞ്‌ ആദ്യത്തെ ദിവസം തന്നെ കട്ടേം പടോം മടക്കിയിരുന്നത്‌ മനസ്സില്‍ വച്ച്‌ എന്റെ പേര്‌ അറബിയില്‍ പറഞ്ഞാല്‍ വൃത്തികേടാവുന്ന എല്ലാ കോമ്പിനേഷനുകളും ഞാന്‍ ആലോചിച്ച്‌ വച്ചു. ഏതു വന്നാലും ചാടിപ്പിടിക്കണമല്ലോ ..

എന്റെ പേരുമായോ, എന്റെ അപ്പന്റെ പേരുമായോ, വീട്ടു പേരുമായൊ സാമ്യമുള്ള ഏത്‌ പേരുകേട്ടാലും ചാടി എഴുന്നേറ്റ്‌ കെ.എസ്‌.ആര്‍.ടി.സി. സ്റ്റാന്‍ഡില്‍ ഏതെങ്കിലും ബസ്‌ വന്ന്‌ കേറുമ്പോള്‍ ഓടിപ്പോയി അതിന്റെ ബോര്‍ഡ്‌ നോക്കി നിരാശരായി വരുന്നതു പോലെ, ദ്വാരജാലകത്തിന്റെ അടുത്ത്‌ ചെന്ന്‌ ആപ്ലിക്കേഷനിലുള്ള ഫോട്ടം നോക്കി, അത്‌ എന്റത്രയും സൗന്ദര്യമുള്ളവനല്ല എന്നു മനസിലാക്കി തിരിച്ചു വരുമ്പോഴേക്കും, ഞാനിരുന്ന സീറ്റില്‍ ഏതെങ്കിലും പഠാന്‍ ഇരിക്കുന്ന കാഴ്ച്ച ഒന്നല്ല, രണ്ടല്ല, മൂന്നല്ല, നാലു പ്രാവശ്യം കണ്ട്‌ നാലുപ്രാവശ്യോം കോള്‍മീരാനായി നിന്നുപോയി ഞാന്‍.

എനിക്കു മുന്‍പിലും പിന്‍പിലും സൈഡിലും ഒക്കെയിരുന്ന ആള്‍ക്കാരെല്ലാം വിളിക്കപ്പെട്ടു.. അവസാനം ഇലന്തൂര്‍ പീപ്പിള്‍സില്‍ സെക്കന്‍ഡ്‌ ഷോക്ക്‌ ആളിരിക്കുന്നതു പോലെ ഞാനും അറബിയറിയാത്ത ഒരു പത്ത്‌ പേരും അവിടവിടായി ശേഷിച്ചു. ഒടുവില്‍ ഒരറബി ഞങ്ങളെ കൈയാട്ടി വിളിച്ചു. പല ഭാഷക്കാരായിരുന്നിട്ടും ഞങ്ങള്‍ക്കെല്ലാം അത്‌ എങ്ങനെ മനസിലായി എന്നൊന്ന്‌ അല്‍ഭുതം കൂറി ചിന്താവിഷ്ടനായി രണ്ട്‌ മിനിട്ട്‌ നില്‍ക്കാന്‍ ചാന്‍സ്‌ ഉണ്ടായിട്ടു പോലും അതിനു മുതിരാതെ മുന്‍പില്‍ തന്നെ ഓടി ചെന്ന എന്നോട്‌ അയാള്‍ അറബിയിലെന്തോ അലറി.

അന്നും ഇന്നും അറബി കേട്ടാല്‍ എനിക്ക്‌, ഞാന്‍ പറയുന്ന ഹിന്ദി കേള്‍ക്കുന്നവന്റെ അതേ അവസ്ഥയാണ്‌. ഒന്നും മനസിലാവുകയില്ല. ഞാന്‍ ദയനീയമായി അറബിയേം, അതു കഴിഞ്ഞ്‌ അതിലും ദയനീയമായി എന്റെ പുറകില്‍ നിന്ന ആളേം നോക്കി.

അയാള്‍ തെറിവിളിക്കുകയാണെന്ന്‌ എനിക്ക്‌ ഒറ്റയടിക്കു തന്നെ മനസിലായിരുന്നു. ഈ എക്സ്പീരിയന്‍സ്‌ എന്നു പറയുന്നത്‌ ചെറിയ കാര്യമൊന്നുമല്ലേ.. ഏതു ഭാഷയിലായാലും വിളിക്കുന്നത്‌ തെറിയാണെങ്കില്‍ എന്റെ ആറാമിന്ദ്രിയം അപ്പോ തുറന്ന്‌ പ്രവര്‍ത്തിച്ച്‌കളേം .. ജനിച്ചതില്‍ പിന്നിന്നു വരെ എത്ര തെറികള്‍ കേട്ടിരിക്കുന്നു, എത്ര ഭാഷകളിലുള്ളത്‌, എത്ര പ്രായക്കാരുടെ പക്കല്‍ നിന്ന്‌, എത്ര ഗ്രേഡിലുള്ളത്‌.. ഹോ ഓര്‍ക്കുമ്പോ ദേ ഇപ്പോഴും എന്റെ രോമങ്ങളൊക്കെ എഴുനേറ്റ്‌ നില്‍ക്കുന്നു. ങ്‌ഹാ .. അതൊരു കാലം.

എന്റെ പുറകില്‍ നില്‍ക്കുന്നവന്‍ "സാര്‍.. സെവനോക്ലോക്ക്‌ കമിംഗ്‌, അറബി നോ അണ്ടര്‍സ്റ്റാന്റ്‌" എന്നൊക്കെ പറയുന്നത്‌ കേട്ടപ്പോളാണ്‌ നമ്മുടെ പേര്‌ നേരത്തെ വിളിച്ചിരുന്നെന്നും, അന്നേരമെന്താടാ കൊജ്ഞാണന്മാരേ എഴുന്നേറ്റ്‌ വരാഞ്ഞേ" എന്നുമാ ചോദിക്കുന്നേന്ന്‌ മനസിലായേ. പൊട്ടന്‍ .. അതു പോലും മനുഷ്യന്‌ മനസിലാകുന്ന ഭാഷയില്‍ ചോദിക്കാന്‍ അറിഞ്ഞു കൂടെ ഇവനൊക്കെ. പോലീസാണു പോലും.. ഇവന്മാരൊക്കെ നമ്മുടെ കേരളാ പോലീസിനെ കണ്ടു പഠിക്കട്ടെ. അവരെന്തെങ്കിലും പറയാന്‍ വാ പൊളിക്കും മുന്‍പ്‌ നമുക്ക്‌ മനസിലാകും എന്തൊക്കെ ആ പറച്ചിലിലുണ്ടാകും എന്ന്‌. ഇപ്പോ പുതിയ ബാച്ചിലുള്ള പോലീസ്‌ പിള്ളേര്‍ നല്ല കിണ്ണന്‍ സാധനങ്ങളാ പറയുന്നത്‌ എന്ന്‌ കേട്ടു. ഒത്തിരി നാളായി നേരിട്ടൊന്ന്‌ കേട്ടിട്ട്‌. കൊതിയാകുന്നു.

അറബി ടെസ്റ്റ്‌ നടക്കുന്ന സ്ഥലത്തേക്ക്‌ കൈചൂണ്ടി എന്തോ അലറി. അതിന്റര്‍ത്ഥം എല്ലാവരേക്കാളും മുന്‍പില്‍ മനസിലാക്കി ഞാന്‍ ആദ്യം പുറത്തു കടന്നു. ഒന്നു രണ്ടു പേര്‍ റിവേഴ്സ്‌ എടുത്ത്‌ തോന്നിയ വഴിയൊക്കെ പോകുന്നത്‌ കണ്ട്‌ അവിടെ നിന്നവരൊക്കെ ചിരിക്കുന്നതു കണ്ടപ്പോള്‍, ഇതൊക്കെ എന്തോ ഇരിക്കുന്നു, ഞാനെടുക്കുന്നത്‌ ഒന്നു കണ്ടിട്ടു പോ, നിങ്ങളു ചിരിച്ച്‌ ചിരിച്ച്‌ ഒരു പരുവമാകും എന്നെനിക്ക്‌ പറയാന്‍ തോന്നിപ്പോയി.

പക്ഷേ അല്‍ഭുതമെന്ന്‌ പറയട്ടെ, ഞാന്‍ ആദ്യത്തെ തവണയില്‍ തന്നെ കൃത്യമായി റിവേഴ്സ്‌ പാര്‍ക്ക്‌ ചെയ്തു. എനിക്കു തന്നെ വിശ്വസിക്കാനൊത്തില്ല. ഞാന്‍ എന്റെ ജീവിതത്തില്‍ ഇന്നു വരെ കൃത്യമായി റിവേഴ്സ്‌ പാര്‍ക്ക്‌ ചെയ്ത ഏക അവസരം അതു മാത്രമായിരുന്നു. ഫോര്‍മുലാ വണ്‍ കാര്‍ റേസിങ്ങില്‍ ജയിച്ചു വരുന്ന മൈക്കല്‍ ഷുമാക്കറുടെ ഒരു വിദൂരഛായയുണ്ടായിരുന്നു ആ കാറില്‍ നിന്ന്‌ ഇറങ്ങിയുള്ള എന്റെ ആ വരവിന്‌.

അടുത്തത്‌ സൈഡ്‌ പാര്‍ക്കിംഗ്‌ ആയിരുന്നു. അത്‌ എനിക്ക്‌ ഒരു വിധം അറിയാമായിരുന്നു. "വണ്ടി പുറകിലോട്ടെടുത്ത്‌ സൈഡ്‌ മിറര്‍ പാര്‍ക്കിംഗ്‌ ഏരിയായുടെ കുറ്റിക്ക്‌ സമാന്തരമാകുമ്പോള്‍ സ്റ്റീയറിംഗ്‌ ഇടത്തേക്ക്‌ മൂന്നു പ്രാവശ്യം.. പിന്നീട്‌ റിയര്‍ വ്യൂ മിററില്‍ കൂടി പുറകിലേ ....." ആശാന്‍ പറഞ്ഞു തന്നതുപോലെ ചെയ്യാമെങ്കില്‍ വണ്ടി ... ദേ ഇങ്ങാട്ട്‌ നോക്കിക്കേ .. എടുത്ത്‌ വച്ചതു പോലെ അകത്തിരിക്കും.

പക്ഷേ ആശാന്‍ പറഞ്ഞ പണികള്‍ എല്ലാം നോക്കീട്ടും പ്രോഗ്രസ്‌ കാര്‍ഡ്‌ ഒപ്പിട്ടോണ്ട്‌ കൊടുക്കേണ്ട ലാസ്റ്റ്‌ ദിവസം പിതാശ്രീയുടെ മുറിയുടെ പുറത്തു നിന്നു പരുങ്ങിയിരുന്ന എന്നെപ്പോലെ തന്നെ ആ വണ്ടിയും അകത്തേക്കു നേരെ ചൊവ്വേ കയറാന്‍ മടിച്ച്‌ പകുതി അകത്തും പകുതി പുറത്തുമായി തന്നെ നിന്നു. ഒരു രക്ഷേമില്ല. ഞാന്‍ വണ്ടി തിരികെ പാര്‍ക്ക്‌ ചെയ്തിട്ട്‌ പോലീസിന്റടുത്തേക്ക്‌ നടന്നു.

അപ്പോഴാണ്‌ ഞാന്‍ മറ്റൊരു കാഴ്ച്ച കാണുന്നത്‌, റിവേഴ്സ്‌ എടുത്ത ഒരുവന്‍ കമ്പി വേലിയും പൊളിച്ച്‌ അപ്പുറത്ത്‌ പോയിരിക്കുന്നു. ആ ശ്രദ്ധയിലാണ്‌ പോലീസുകാരന്‍. ഞാന്‍ ചെന്നപ്പോള്‍ അയാള്‍ എന്നോട്‌ തോറ്റോ എന്ന്‌ അറബിയില്‍ ചോദിച്ചു (അങ്ങനാരിക്കും, അല്ലാതെന്ത്‌ ചോദിക്കാനാ..?) ഞാന്‍ യേസ്‌ എന്നു മൂളി. അയാള്‍ ഉടന്‍ തന്നെ ആപ്ലിക്കേഷനില്‍ മുറുക്കാനിടിക്കുന്നതുപോലെ ഒരു സീല്‍ അടിച്ചിട്ടു പറഞ്ഞു. "ഹില്‍".

എന്റമ്മേ ... ഞാനതു ജയിച്ചോ ... ആ പന്ന നാറി പോലീസുകാരന്‍ അവിടെയും ഇവിടെയും ഒക്കെ നോക്കി നിന്നിട്ട്‌ എന്നെ ആവശ്യമില്ലാതെ ജയിപ്പിച്ചോ .. ഇനി അടുത്തത്‌ ഹില്ലാണ്‌, "ഹില്‍". ആദ്യ രണ്ട്‌ ടെസ്റ്റും ദയനീയമായി പരാജയപ്പെടുമെന്ന്‌ ഉറപ്പുണ്ടായിരുന്നതിനാല്‍ ആശാനെന്നെ ഹില്‍ എടുക്കാന്‍ പഠിപ്പിച്ചിരുന്നില്ല. ഇത്‌ സ്കൂളില്‍ ജൂനിയേര്‍സ്‌ പിള്ളേരെ ഗുസ്തി പിടിച്ച്‌ തോല്‍പ്പിച്ചതിന്റെ യോഗ്യതയില്‍, കറമ്പിപ്പതിയാട്ടി തുണി അലക്കുന്നതു പോലെ എതിരാളികളെ കാലേവാരി നെലത്തടിക്കുന്ന റെസ്‌ലിങ്ങുകാരോട്‌ മല്‍സരിക്കാന്‍ റിങ്ങില്‍ കൊണ്ടിട്ടപോലായല്ലോ.....

ദൈവമേ കാത്തോളണേ ..

എനിക്ക്‌ മുന്‍പ്‌ ഹില്‍ എടുത്ത ഏഴില്‍ നാലുപേരും വെള്ളമുള്ള തോടു ചാടിക്കടക്കാന്‍ രണ്ട്‌ സ്റ്റെപ്പ്‌ പുറകോട്ടു വന്നിട്ട്‌ ആയം പിടിച്ചു ചാടുന്നതുപോലെ പുറകോട്ടു വന്ന്‌ ബുദ്ധിമുട്ടി കേറിപ്പോയി. വണ്ടി സ്വല്‍പ്പം പുറകോട്ടുപോകുമ്പോള്‍ തന്നെ കൂടിരിക്കുന്ന പോലീസുകാരന്‍ ബ്രേക്ക്‌ ചവിട്ടും. അപ്പോപ്പിന്നെ വലിയ ടെന്‍ഷന്‍ വേണ്ടാ. തോറ്റ്‌ പോകുമെന്നല്ലേ ഒള്ളൂ.. തോല്‍വിയല്ലേ വിജയത്തിലേക്കുള്ള ചവിട്ടു പടികള്‍ (എന്റെ കാര്യത്തില്‍ ഈ ചവിട്ടുപടികള്‍ ഒരു പത്തിരുപതെണ്ണമെങ്കിലും കാണുമെന്നാ ഇതുവരെയുള്ള അനുഭവം) കൊറച്ചൊക്കെ ധൈര്യമായി എനിക്ക്‌.

ഒടുവില്‍ ഞാന്‍ ചെന്ന്‌ കേറി. ഒരു അസലാമലൈക്കും കാച്ചി. സകല ദൈവങ്ങളേയും വിളിച്ച്‌ വണ്ടി മുന്നോട്ടെടുത്തു. പണ്ടാരമടങ്ങാന്‍ ..എന്തൊക്കെ ചെയ്തിട്ടും വണ്ടി മുന്നോട്ട്‌ നീങ്ങുന്നില്ല. വണ്ടിക്കാരെങ്കിലും അട വച്ചിട്ടുണ്ടാവുമോ എന്ന്‌ ഞാന്‍ ആദ്യം സംശയിച്ചു. അപ്പോഴാണ്‌ ഞാന്‍ കാണുന്നത്‌ വണ്ടി പുറകോട്ടേക്കു പോകാതിരിക്കാനായി ഹാന്‍ഡ്‌ ബ്രേക്ക്‌ വലിച്ചു വച്ചിരിക്കുവാ .. ഞാനതില്‍ പിടിച്ച്‌ കെ.എസ്‌.ആര്‍.ടി.സി. ബസില്‍ ഗീയര്‍ ഇടുന്നത്‌ പോലെ ശക്തമായി താത്തു. എന്തൊരല്‍ഭുതം .. വണ്ടി മുന്നോട്ടു തന്നെ പോകുന്നു. ഇന്നു കണി കണ്ടോനെ എന്നും കാണിക്കണേ ഭഗവാനേ... വണ്ടി മുന്നോട്ട്‌ കൊണ്ട്‌ നിറുത്തി, പിന്നീട്‌ പുല്ലു പോലെ റിവേഴ്സില്‍ കൊണ്ടുവന്നു. പോലീസ്‌ നിറുത്താന്‍ പറഞ്ഞ സ്പോട്ടില്‍ തമനു ബ്രേക്ക്‌ ചവുട്ടി വണ്ടി നിര്‍ത്തി.

പോലീസ്‌ എന്നെ നോക്കി ഒന്നു മന്ദഹസിച്ചു, എന്നിട്ട്‌ എന്റെ ആപ്ലിക്കേഷനില്‍ 'പാസ്‌' എന്നടിച്ചു.

ഞാന്‍ ഒരു താങ്ക്സ്‌ പറഞ്ഞ്‌ ബ്രേക്കില്‍ നിന്നും കാലെടുത്തു....

സ്വന്തം പുരയിടത്തിലെ ഉയരമുള്ള കൈയാലയുടെ സൈഡിലിരുന്ന്‌ പാലപ്പുറത്തെ പാപ്പച്ചാന്റെ വയലിലേക്ക്‌ സ്ഥിരമായി വെളിക്കിറങ്ങാറുണ്ടായിരുന്ന ഉള്ളന്നൂരെ ജോണ്‍സണ്‍ ഒരു ദിവസം രാവിലത്തെ ശ്രമത്തിനിടയില്‍ കാലുതെന്നി പുറകോട്ട്‌ മലച്ച്‌ വീണതുപോലെ, വണ്ടിയും ഞങ്ങളും കൂടി ബ്രേക്കില്ലാത്ത സൈക്കിളില്‍ ഇറക്കമിറങ്ങുന്ന സ്പീഡില്‍ പുറകിലേക്ക്‌ പോയി.

'ഓ സൈനബായുടെ' മുന്‍പിലുള്ളതിനേക്കാള്‍ കുറെക്കൂടി അപരിഷ്‌കൃതവും, കുറേക്കൂടി ദീര്‍ഘവുമായ ഒരു 'ഓ' ആ പാവം പോലീസുകാരനില്‍ നിന്നും ഉയര്‍ന്നു കേട്ടു.

എനിക്കതിനു പോലും സമയം കിട്ടിയില്ല. അതിനു മുന്‍പ്‌ എന്നെപ്പോലുള്ള കേമന്മാര്‍ തീര്‍ച്ചയായും ഹില്‍ എടുക്കാന്‍ വരുമെന്ന്‌ ദീര്‍ഘവീക്ഷണമുള്ള ആരോ സ്ഥാപിച്ച സുരക്ഷാ തൂണുകളില്‍ ഇടിച്ച്‌ വണ്ടി നിന്നിരുന്നു.

അപ്പോളാണ്‌ ഞങ്ങളൂടെ പിന്‍യാത്രയുടെ രഹസ്യം എനിക്ക്‌ മനസിലായത്‌. ഞാന്‍ ഹാന്‍ഡ്‌ ബ്രേക്ക്‌ വലിച്ചു വയ്ക്കാന്‍ മറന്നു പോയിരുന്നു.

നിങ്ങളൊരു പക്ഷേ വിചാരിക്കുന്നുണ്ടാകും ഞാന്‍ ആ ടെസ്റ്റ്‌ തോറ്റു പോയീന്ന്‌. എന്നെപ്പോലും അല്‍ഭുതപ്പെടുത്തിക്കൊണ്ട്‌ 'അടിച്ചതടിച്ചു' എന്ന തീരുമാനം ആ പോലീസുകാരനെടുത്തു. ഞാന്‍ പാസ്സായി. ഒരു പക്ഷേ എന്നെ തോല്‍പ്പിച്ചാല്‍ ഞാന്‍ വീണ്ടും ഹില്‍ എടുക്കാന്‍ അങ്ങേരുടെ അടുക്കല്‍ തന്നെ ചെല്ലും എന്നു പേടിച്ചായിരിക്കാം പാവം.

ഈയിടെ ഞാന്‍ ഷേക്‌ സായിദ്‌ റോഡില്‍ക്കൂടി കാറോടിച്ച്‌ പോകുമ്പോള്‍ ആ പോലീസുകാരനെ വീണ്ടും കണ്ടു. വണ്ടി റോഡ്‌ സൈഡില്‍ ഒതുക്കി വെറുതെ അവിടെ നില്‍ക്കുന്നു. ഒരു പക്ഷേ ഞാന്‍ വണ്ടിയും കൊണ്ട്‌ ഇറങ്ങിയ കാര്യം അദ്ദേഹം എങ്ങനെങ്കിലും അറിഞ്ഞു കാണും.

പോലീസാണെങ്കിലും ജീവനില്‍ പേടി കാണുമല്ലോ..

52 comments:

തമനു said...

ഒരു മലകേറ്റത്തിന്റെ കഥ. നാട്ടിലല്ല, ഇവിടെ ദുബായില്‍.

എന്റെ ഒരു പുതിയ പോസ്റ്റ്‌.

RR said...

അതു കലക്കി. ഇന്ത്യ ബ്രസീലിനെതിരെ ഗോള്‍ അടിക്കാന്‍ ഉള്ള ചാന്‍സ്‌ വിവരിച്ചത്‌ തകര്‍ത്തു :)

qw_er_ty

Mubarak Merchant said...

എന്റെ പൊന്നുത്തമേട്ടാ, ചിരിച്ചൊരു വഴിക്കായി.
ഹില്ലെടുത്ത് കഴിഞ്ഞപ്പൊ വണ്ടീടെ ആ റിവേഴ്സിലുള്ള പോക്കുണ്ടല്ലോ... ഹെന്റമ്മേ.. ഇതിനു മുന്പ് ഇടിവാളിന്റെ ‘കുല്ലു മിസ്റ്റേക്ക്’ വായിച്ചപ്പഴും ഇതേ ചിരിയായിരുന്നു.
പിന്നെ,
“മീരാന്‍ എന്ന എന്റെ സുഹൃത്ത്‌ അറബി തെറി വിളിച്ചു എന്ന്‌ പറഞ്ഞ്‌ ആദ്യത്തെ ദിവസം തന്നെ കട്ടേം പടോം മടക്കിയിരുന്നത്‌ “ മറക്കാമ്പറ്റൂല്ല. :))))))

അലിഫ് /alif said...

കലക്കന്‍ തമനു,നല്ല വിവരണം,ഉപമകളും; ചിരിക്കാതെന്തു ചെയ്യും, പാവം പോലീസുകാരന്‍.അതുപോട്ടെ. ആ കാറിനെന്തേലും പറ്റിയോ..?

magnifier said...

അപ്പാ...ഹാസ്യ കിരീടങ്ങള്‍ പിന്നേം പിന്നേം പണിയനമല്ലോ തമനൂ....ഒരു വിശാലനും ഒരിടിവാളും നോക്കീട്ട് അസ്സലാകപ്പാടെ രണ്ടെണ്ണം മാത്രം മതിയാരുന്നു ഇതു വരെ! ഇപ്പോ ദാ തമനു, വികടന്‍, വി.വി,കുട്ടിച്ചാത്തന്‍ എന്തിന് ദില്‍ബനും പാച്ചാലവും വരെ പട്ടയണിയാന്‍(പട്ടയടിക്കാനല്ലേ)കാത്തിരിക്കുന്നു. ഏതായാലും അസ്ഥാന പട്ട വിതരണക്കുത്തക കമ്പനി കുറുമാന്‍ എന്റര്‍പ്രൈസസ് ഇതൊന്നും കാണുന്നില്ലേ ആവോ?

ഏതായാലും മലകേറ്റം തകര്‍ത്തു!

ഗുണ്ടൂസ് said...

ഹ ഹ ഹ ഹ... അയ്യോ... ഹ ഹ ഹ.. നിര്‍ത്താന്‍ പറ്റുന്നില്ലേയ്.. ഹ ഹ ഹ ഹ.. ഓവര്‍ ആയോ? എന്തായാലും അടിപൊളി..
--ഗുണ്ടൂസ്

Unknown said...

തമനുവണ്ണോ,
കിടിലന്‍! ബ്രസീലിനെതിരെയുള്ള ആ ഗോള്‍ കലക്കി. എങ്കിലും ബ്രസീലിന്റെ ഗോളിയെ വെറും ഈച്ചയല്ല സാക്ഷാല്‍ തേനീച്ച തന്നെ കൈവെക്കേണ്ടി വരും എന്നാ എന്റെ ഒരു തോന്നല്‍.

ഓടോ: ഈ പണ്ടാരമെല്ലാം കഴിഞ്ഞ് ഞാനൊരു ലൈസന്‍സെടുക്കുന്നതിലും നല്ലത് പബ്ലിക് ട്രാന്‍സ്പോര്‍ട്ടേഷന്‍ ഉപയോഗിച്ച് അന്തരീക്ഷമലിനീകരണാം കുറയ്ക്കുന്ന വളണ്ടിയറാവുന്നതാ. ബിക്കോസ് ഐ കേര്‍ ഫോര്‍ എര്‍ത്ത്. അല്ലാതെ ഇതൊക്കെ ഒരു സമ്പവായിട്ടാ? :-)

അരവിന്ദ് :: aravind said...

സൂപ്പര്‍ തമനു!
ഇതിനു മുന്‍പേയുള്ള പോസ്റ്റുകളും വായിച്ചിരുന്നു...

കലക്കി..ഇത് വായിച്ച് ചിരിച്ചു മറിഞ്ഞു...
സൂപ്പര്‍ ഉപമകള്‍..അപാര കോമഡി......

അല്ല, അത്ഭുതമില്ല, പത്തനംതിട്ടക്കാരനല്യോ! :-)

magnifier said...

അയ്യോ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ........ഈ നീണ്ട ആക്രാന്തനം ഞാന്‍ തന്നെ എന്റെ മണ്ടയ്ക്ക് വീക്കിയതു കൊണ്ടാണ്...ആസ്ഥാന പുലികളില്‍ നിന്നും ഞാന്‍ അരവിന്ദന്റെ പേരു മറന്നു....ഛായ് ലന്‍‌ഞാ‍ാ‍ാ‍ാ‍ാവഹം

മൈഥിലി said...

"എന്റെ സ്വന്തം ലാന്‍ഡ്‌ ക്രൂയിസറില്‍ ഫാസ്റ്റ്‌ ട്രാക്കിലൂടെ മുന്‍പേ പോകുന്ന ചിന്ന വണ്ടികളെ ലൈറ്റടിച്ച്‌ മാറ്റി പറക്കുന്ന സ്വപ്നോം കണ്ട്‌" .....
ഹോ എന്തൊരു സ്വപ്നം.ലൈസന്സിനു ശ്രമിച്ച് 'പ്രാന്ത്' പിടിച്ച കഥ പലരും പറഞ്ഞിട്ടുണ്ട്.ഇത്രേം തമാശയുള്ള കഥ ഇതാദ്യം. ഒരുപാട് ചിരിച്ചു.മൂഡോഫ് ആയിരുന്ന എന്നെ ഇത്രയും രസിപ്പിച്ച് ഉഷാറാക്കിയതിന് വേറെയും നന്ദി.

Unknown said...

'അറബിപ്പോലീസിന്റെ വിളി വളരെ മനോഹരമാണ്‌. "വ്‌..ഷ..ളേന്‍" എന്ന്‌ വിളിക്കുമ്പോള്‍ വിശാലനും (ഒരു പക്ഷേ ആ പാവം അറബി വിശാലന്റെ ബ്ലോഗ്‌ വായിച്ചിട്ടുണ്ടാകും- വഷളന്‍ എന്നായിരിക്കും അയാള്‍ ഉദ്ദേശിച്ചിരിക്കുക), "ആ ക്രാ ച്ചാന്‍" എന്നു വിളിക്കുമ്പോള്‍ അഗ്രജനും (ആക്രാന്തന്‍ എന്നായിരുന്നെങ്കില്‍ കറക്റ്റ്‌ ആയേനേ..) എഴുനേറ്റ്‌ ചെല്ലണം. മീരാന്‍ എന്ന എന്റെ സുഹൃത്ത്‌ അറബി തെറി വിളിച്ചു എന്ന്‌ പറഞ്ഞ്‌ ആദ്യത്തെ ദിവസം തന്നെ കട്ടേം പടോം മടക്കിയിരുന്നത്‌ മനസ്സില്‍ വച്ച്‌ എന്റെ പേര്‌ അറബിയില്‍ പറഞ്ഞാല്‍ വൃത്തികേടാവുന്ന എല്ലാ കോമ്പിനേഷനുകളും ഞാന്‍ ആലോചിച്ച്‌ വച്ചു.'

തമനു :)
ഹില്ലിത്രേം ഈസിയാണോ?
നൈഫ് റോഡ് ഭാഗത്തേക്ക് വരുന്നുണ്ടെങ്കില്‍ ഒന്നു വിളിച്ച് പറയണേ ,റോഡിലിറങ്ങാതിരിക്കാന്‍ ശ്രമിക്കാലോ.:)
കലക്കീട്ടുണ്ട്ട്ടാ........

Areekkodan | അരീക്കോടന്‍ said...

തമനൂ.... ഹില്ല് കലക്കി....നാട്ടില്‍ മൂന്നാം ശ്രമത്തില്‍ ലൈസന്‍സ്‌ കിട്ടിയ എണ്റ്റെ കാറ്‍ വരുമ്പോള്‍ എണ്റ്റെ ആശാനടക്കം മാറിനില്‍ക്കുന്നത്‌ ഒാര്‍മ്മിച്ചു.

ചാക്ക്യാര്‍ said...

ബ്രേക്കിടാന്‍ ഇപ്പഴെങ്കിലും പഠിച്ചുകാണുമല്ലോ, ഇല്ലെങ്കില്‍ ഇനിയും ഉരുണ്ടുപോകും.

അതോ ഇപ്പോഴും ഉരുളാറുണ്ടോ?

മുസ്തഫ|musthapha said...

:))))

ആദ്യം രണ്ട് ഗുണപാഠങ്ങള്‍ ആവര്‍ത്തിച്ചു പറയട്ടെ

ഒന്ന്: ഒന്നും പിന്നേക്ക് നീട്ടി വെക്കരുത്!
ഈ സംഭവം ഞാനൊരു പോസ്റ്റാക്കണം എന്നു കരുതി നടക്കാന്‍ തുടങ്ങിയിട്ട് ഒന്നു രണ്ട് മാസമായി. അതിലിടയ്ക്ക് ‘പെണ്ണുകാണല്‍ പോസ്റ്റ്’ ‘ജന്മദിന കവിത’ ‘വിവാഹവാര്‍ഷീക പോസ്റ്റ്’ ഇത്യാദ്യ ഒഴിവാക്കാനാവാത്ത പോസ്റ്റുകള്‍ വന്നപ്പോള്‍ ഈ കാര്യം അങ്ങട്ട് നീണ്ടു നീണ്ടു പോയി... അവസാനം ബ്ലോഗും ചാരി നിന്ന തമനും അതടിച്ചോണ്ട് പോയി.

രണ്ട്:എല്ലാം നല്ലതിന്!
അതെ, ഞാനാ സംഭവം നേരത്തെ എഴുതിയിരുന്നെങ്കില്‍ ഇത്രയും നല്ലൊരു കിടിലന്‍ ഹാസ്യ പോസ്റ്റ് നമുക്ക് നഷ്ടപ്പെടുമായിരുന്നു. ഞാനെങ്ങിനെ തലകുത്തി നിന്ന് എഴുതിയാലും, സംഭവങ്ങള്‍ സമാനമാണെങ്കിലും ഇതിന്‍റെ ഏഴയലത്തു കൂടെ പോലും പോവില്ലെന്നുറപ്പ് (തമനു അധികം നെഗളിക്ക്കേണ്ട).

എന്‍റെ തമനു... മീരാനെ വിളിച്ച ‘വിളി’ വായിച്ച്, പിന്നെ അത് സങ്കല്പിച്ച് നോക്കി ചിരിച്ചൊരു പരുവമായി :)))

അലക്കി പൊളിച്ചു ഈ പോസ്റ്റ് :)

എന്‍റെ ഡൈവിംഗ് ടെസ്റ്റ് അനുഭവങ്ങളും സമാനമാണ്... ക്ലൈമാക്സ് മാത്രേ മാറ്റമുള്ളൂ.

ആദ്യത്തെ ടെസ്റ്റിലല്ല പാസ്സായതെന്ന ഒരു ‘ചെറിയ’ വിത്യാസം കൂടെയുണ്ട്.

ഒരു കുറ്റിയെ ഒന്നിത്തിരിയങ്ങട്ട് വണിടി കൊണ്ട് തള്ളിനീക്കി വെച്ചെങ്കിലും ഗ്യാരേജ് പാസ്സാക്കി തന്നു. പിന്നെ പാര്‍ക്കിങ്ങ് ഒരു നടയ്ക്ക് പോവില്ല എന്ന് മനസ്സിലായ ഞാനും തിരിച്ചു കൊണ്ടു വന്നിട്ടപ്പോള്‍ അതും പാസ്സാക്കി വിട്ടു.

പിന്നെ ‘മല കേറ്റം’ - അതെങ്ങിനെ എന്നത് ചുമ്മാ ‘മാസ്റ്റര്‍‘ ഒരു തവണ കാണിച്ചു തന്നിരുന്നു. എന്തായാലും കിട്ടിയതല്ലേ എന്നതോണ്ട് ട്രൈ ചെയ്യാമെന്ന് വെച്ചു.

പകുതിയില്‍ നിര്‍ത്തിട്ടിരുന്ന വണ്ടി ഗിയറെല്ലാം മാറ്റി ഹാന്‍ഡ് ബ്രേക്ക് റിലീസ് ചെയ്തതും ഒരൊറ്റ പോക്കായിരുന്നു പിറകിലോട്ട്. അടുത്തിരുന്ന പോലീസുകാരന്‍, ഹിന്ദിയിലാണെങ്കില്‍ ‘പാകലേ തൂ’ എന്നും തമിഴിലാണെങ്കില്‍ ‘ഉനക്കെന്ന പൈത്യമാ’ എന്നും മലയാളത്തില്‍ ‘നിനക്ക് വട്ടാണോ’ എന്നും അര്‍ത്ഥം വരുന്ന ‘ഇന്ത മജ്നൂന്‍‘ എന്നലറിക്കൊണ്ട് ബ്രേക്കിലാഞ്ഞു ചവിട്ടി ഹാന്‍റ് ബ്രേക്ക് വലിച്ചിട്ടു.

ഗ്യാരേജും, പാര്‍ക്കിങ്ങും റിവേഴ്സ് ഗിയറില്‍ തുടങ്ങി ശീലിച്ച ഞാന്‍ ഇവിടേയും അതു തന്നെ ആവര്‍ത്തിച്ചു കൊണ്ടാണ് ആ പോലീസുകാരനെ ഞെട്ടിച്ചത്. ഇത്രേം മിടുക്കാനായിരിക്കും ഞാനെന്ന് ആ പോലീസുകാരന്‍ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.

അയാളന്നെന്നെ നോക്കിയ നോട്ടം ഇപ്പഴും ഞാന്‍ മറന്നിട്ടില്ല.

ക്വാട്ട് ചെയ്യാന്‍ ഒത്തിരിയുണ്ട് തമനൂ... അതൊക്കെ മറ്റ് വായനക്കാര്‍ക്ക് വേണ്ട് നീക്കി വെക്കുന്നു...
എന്നാലും ഷെയ്ക് സായിദ് റോഡില്‍ തമനു വരുമെന്നറിഞ്ഞ് വണ്ടിയൊരിടത്ത് പാര്‍ക്ക് ചെയ്ത് മാറി നില്‍ക്കുന്ന ആ പോലീസുകാരന്‍ എന്നെ ഇപ്പോഴും ചിരിപ്പിക്കുന്നു :)))

കലക്കന്‍ എഴുത്താണ് കേട്ടോ :)
[എനിക്ക് പറഞ്ഞിട്ടും പറഞ്ഞിട്ടും മതിയാവുന്നില്ല]

സുല്‍ |Sul said...

തമനൂ

കലക്കീട്ടുണ്ട്. ചിരിച്ചൊരു വഴിക്കായി.

-സുല്‍

കുറുമാന്‍ said...

പതിവുപോലെ തന്നെ ഇതും കലക്കി തമനൂ. യു എ യില്‍ ലൈസന്‍സെടുത്ത എല്ലാവര്‍ക്കും ഇതുപോലെ ഒരു പോസ്റ്റെഴുതാനുള്ള വകുപ്പ് കാണും. ചിലര്‍ക്ക് പത്തു പതിനഞ്ചു പോസ്റ്റും. എനിക്കുമുണ്ട് ഒന്നു രണ്ടെണ്ണം എഴുതാന്‍:)

സമയകുറവുമൂലം ബ്ലോഗുകള്‍ വായിക്കാനോ, എഴുതാനോ സാധിക്കുന്നില്ല മാളോരെ, ക്ഷമി

Visala Manaskan said...

:)))))))

ആളൊരു ജഗജില്ലി തന്നയാണല്ലേ??

റിവേഴ്സ് വന്ന വരവ് ഓര്‍ത്ത് ചിരിച്ച് മരിച്ച് ഗഡീ..സൂപ്പര്‍ ഡ്യൂപ്പര്‍.

എല്ലാവിധ ആശംസകളും. തകര്‍ക്കുക!!!

asdfasdf asfdasdf said...

ഇതു കലക്കി. ഇപ്പോള്‍ റിവേഴ്സിടാന്‍ പഠിച്ചോ ?
qw_er_ty

Sathees Makkoth | Asha Revamma said...

കൊള്ളാം തമനു,
അറബി പോലീസിനും പേടി സ്വപ്നമായി മാറി അല്ലേ.
എല്ലാവിധ ആശംസകളും!

ഏറനാടന്‍ said...

തമനു, ആ പേരില്‍ തന്നെ എന്തോ ഒരു ഇതൊളിഞ്ഞിരിപ്പുണ്ട്‌. നേരില്‍ കണ്ടപ്പോഴും ഊഹിച്ചുപോയി, ആളൊരു ജഗജില്ലിയാണെന്നത്‌. ചെറിയ സംഭവം വിവരിച്ച രീതിയാണ്‌ അല്‍ഭുതം, നന്നായി ചിരിച്ചുപോയി.

(ഓ:ടോ:- നാട്ടില്‍ പണ്ട്‌ അതായത്‌ പതിനെട്ട്‌ തികയുന്നേനും മുന്‍പ്‌ വണ്ടിയോടിക്കാന്‍ ചേര്‍ന്നതും തുടര്‍ന്നുണ്ടായ രസങ്ങളും മനസ്സിലോടിയെത്തി മുട്ടി നില്‍ക്കുന്നു ഇത്‌ കണ്ടപ്പോള്‍, അതൊരിക്കലൊരു പോസ്‌റ്റില്‍ കൊണ്ടിട്ട്‌ ചാര്‍ത്താമല്ലേ?)

മലയാളം 4 U said...

എവിടെയോ കണ്ട പരിചയം. വൈകിയെങ്കിലും ഒരു സ്വാഗതം.

ത്രിശൂറ് നിന്നും ചില പുലികള്‍ ബൂലോകം അടക്കി വാഴുന്നത് കണ്ട് ഇരിക്കുംപ്പോളാണ്‍ നമ്മുടെ ജില്ല്ലയില്‍ നിന്നും വേറിട്ട ഒരു ബ്ലോഗ്ഗറ്. കിടക്കട്ടന്നെ നമ്മുടെ ജില്ലയില്‍ നിന്നും ഒന്നു രണ്ട് “ഗോള്‍”.

പോസ്റ്റ് നന്നായിട്ടുണ്ട്. വീണ്ടും വീണ്ടും പോരട്ടെ.

ഒരു കുഴിക്കാലാ ക്കാരന്‍.

പട്ടേരി l Patteri said...

:) :) :) :-) :-)
PS: ഇതു വായിചിട്ട് ആരും ദുബായിലെ ഡ്രൈവിങ്ങ് ലൈസന്സ് ഇത്രയും ഈസി ആണെന്നു കരുതരുത്.
O TO: സീറ്റ് ബെല്റ്റിടാതെ ആദ്യ റോഡ് ടെസ്റ്റ് കൊടുത്തയാളെ അടുത്ത മീറ്റില്‍ കാണിച്ചു തരാം :)

അപ്പു ആദ്യാക്ഷരി said...

തമനുചേട്ടാ, പതിവുപോലെ ഇതും കലക്കി. കുഴിക്കലാക്കാരന്‍ പറഞ്ഞതേ എനിക്കും പറയാനുള്ളൂ. ഉപമകള്‍ പറയാനുള്ള ചേട്ടന്റെ കഴിവ്‌ അപാരം. ഞാനൊരു ബ്ലോഗ്‌ തുടങ്ങി. താങ്കള്‍ക്ക്‌ സമര്‍പ്പിച്ചിട്ടുണ്ട്‌.

ഉത്സവം : Ulsavam said...

ഇതലക്കീല്ലോ, ആ ഗോളടിയും, റിവേഴ്സ് വരവും അന്യായ ഐറ്റംസ് തന്നെ. :-)

sandoz said...

തമനൂസ്‌..കലക്കീട്ടാ അലക്ക്‌.
എറണാകുളം പറവൂര്‍ 'എട്ടെടുക്കല്‍' കേന്ദ്രത്തില്‍ ഒരു ചേടത്തിയുടെ അഭ്യാസത്തിനു ഞാനും സാക്ഷിയായിട്ടുണ്ട്‌.
എം.80-യില്‍ 'എട്ട്‌' എടുത്ത്‌ ,ആ എടുക്കല്‍ റോമന്‍ ലിപിയിലെ എട്ട്‌ ആയി മാറിയപ്പൊ..ഇന്‍സ്പെക്ടര്‍ പറഞ്ഞു..
മാഡം,സിഗ്നല്‍ കറക്ടാക്കി നേരെ ഓടിച്ചു കാണിച്ചാല്‍ മതി...
മാഡം വണ്ടി എടുത്തു...ആക്സിലേറ്റര്‍ കൊടുത്തു....വലത്തോട്ട്‌ തിരിയാനുള്ള സിഗ്നല്‍ കാണിച്ചു....പക്ഷെ വണ്ടി വളച്ചില്ല.
ശകടന്‍ നേരേ ഗ്രൗണ്ടിനു അരികിലുള്ള കുളത്തില്‍ ലാന്‍ഡ്‌ ചെയ്തു.[മാഡത്തിന്റെ കരച്ചിലിനേക്കാള്‍ ഉച്ചത്തില്‍ മുഴങ്ങിയത്‌...എന്റെ വണ്ടി പോയേ... എന്നും പറഞ്ഞ്‌ നെഞ്ചത്തടിച്ച ഡ്രൈവിംഗ്‌ സ്കൂളുകാരന്റെ ശബ്ദമാണു]

Anonymous said...

Ente godukale eniyum njan thamanu's drive cheyyunna vandiyil kerendivarumalloo.... kathukoleene

Siji vyloppilly said...

നന്നായിട്ടുണ്ട്‌. കുറെ ചിരിച്ചു.

സു | Su said...

തമനുവിന്റെ മലകയറ്റം ഉഷാറായി.

കരീം മാഷ്‌ said...

തമനുവിന്റെ മലകയറ്റം വായിച്ചപ്പോള്‍ എനിക്കും എന്റെ അനുഭവം ഓര്‍മ്മവന്നു.
ഷാര്‍ജയില്‍ വെച്ചു ലൈസന്‍സെടുക്കാന്‍ ഹില്ലിന്റെ ഉച്ചിയില്‍ കയറിയപ്പോള്‍ പാലത്തിന്റെ വീതിയെക്കുറിച്ചുള്ള എന്റെ മനസ്സിലെ കമ്മട്ടം നഷ്ട്പ്പെട്ടു.അതോടെ പഞ്ചേന്ദ്രിയങ്ങളും പണിമുടക്കി, സപ്തനാഡികളും ഹര്‍ത്താലാചരിച്ചു. വണ്ടിയെടുത്താല്‍ കുണ്ടില്‍ ചാടുമെന്നു മനസ്സു കട്ടായം പറഞ്ഞു. അവസാനം ഒപ്പമിരിക്കുന്ന പോലീസുകാരന്‍ വണ്ടിയെടുത്തു. പിന്നെവരാന്‍ ശീട്ടുമടക്കി തന്നു.

കഷ്ടപ്പെട്ടു ഗ്യാരേജ്‌,റിവേര്‍സ്‌,പാര്‍ക്കിംഗ്‌,കച്ചയും പാസ്സായി പക്ക(ഫൈനല്‍) ടെസ്റ്റിനു പോകാനിരിക്കെയായിരുന്നു ഞങ്ങളുടെ കമ്പനി എന്നെ ഉമ്മുല്‍ കുവൈന്‍ ഓഫീസിലേക്കു മാറ്റിയത്‌.
ആദ്യദിവസം തന്നെ 12 മണിക്കു ഒരു ചെക്കു തന്നു അതുമാറ്റാന്‍ ഷാര്‍ജക്കുപോകാന്‍ നിസ്സാന്‍ പട്രോളിന്റെ ചാവിയും തന്നിട്ടു അറബാബു Still not learned? എന്ന ചോദ്യം അഭിമാനത്തിന്റെ നട്ടല്ലില്‍ ഒരു കുത്തു കുത്തിയപ്പോള്‍ ലൈസന്‍സൊന്നുമില്ലന്ന കാര്യം ഓര്‍ത്തതേയില്ല.
നേരം വൈകിയാല്‍ ബാങ്കടക്കുമെന്ന ചിന്തയില്‍ സ്പീഡും നിയന്ത്രണവും നോക്കാതെ ബാങ്കിലെത്തി കാശുമാറിവരുമ്പോള്‍ വണ്ടിക്കു കുഴപ്പമൊന്നുമില്ലായിരുന്നു. പക്ഷെ മൂന്നു എമിറേറ്റിന്റെയും വക 200 ദിര്‍ഹമിന്റെ വീതം ട്രാഫിക്‌ പെനാല്‍ട്ടിയുണ്ട്‌ ആ യാത്രക്കു എന്ന് അറിഞ്ഞത്‌ ആ വണ്ടി രജിസ്ട്രേഷന്‍ പുതുക്കാന്‍ മുറൂറില്‍ Traffic Police പോയപ്പോഴായിരുന്നു.
അതില്‍പിന്നെ എനിക്കു ഒരു വണ്ടിയും തന്നിട്ടില്ല. മാത്രമല്ല അതിനു ശേഷം എന്നും യാത്രയില്‍ ഞാന്‍ പിന്‍സീറ്റില്‍ കിടന്നു ഉറക്കം ആസ്വദിക്കുകയണ്‌ പതിവ്‌.
ലെസന്‍സുള്ളവര്‍ പാര്‍ക്കിംഗിന്റെ പ്രശ്നവും,റഡാരിന്റെ പൈസകട്ടു ചെയ്ത വിവരവും പറയുമ്പോള്‍ ഞാന്‍ ടാക്സിക്കാരന്റെ നശിച്ച വാടയും കൊള്ളകൂലിയും പറഞ്ഞു സമാധാനിച്ചു.

Inji Pennu said...

തമനു ചേട്ടന്‍ ഭയങ്കര കലക്കാണല്ലൊ..
ചിരിച്ചൊരു വഴിക്കായി..ഉപമകളൊക്കെ അടിപൊളി!. ഉമേഷേട്ടന്‍ ആദ്യത്തെ പോസ്റ്റാ‍യ ബ്ലോഗ് വെഞ്ചിരിപ്പില്‍ പറഞ്ഞതൊക്കെ വായിച്ചൊ? :)

krish | കൃഷ് said...

തമനുവേ.... മലകേറ്റത്തേക്കാള്‍ മല ഇറക്കമാണ്‌ രസകരം..

എന്നാപിന്നെ അങ്ങിനെതന്നെ.

കൃഷ്‌ | krish

Anonymous said...

ബ്രസീല്‍ ഇന്ത്യ മത്‌സരം ലൈവ്‌ ആയി കണ്ട ഒരു പ്രതീതി. കലക്കിമറിച്ചു തമനു അണ്ണാ.

Anonymous said...

പരിചയപ്പെടാന്‍ വൈകിയതില്‍ വളരെയധികം ഖേദിക്കുന്നു. ഇനി ഞാന്‍ വിടാണ്ട് പുറകെ തന്നെയുണ്ടാവും. മേലാല്‍ ഹാന്‍ഡ് ബ്രേക്ക് ഇടാന്‍ മറന്നാല്‍ പറയണം ട്ടോ.. പുറകീന്ന് മാറാനാ..

Nousher

ഇടിവാള്‍ said...

ഹായ് തമനു..

ഞാനും ഇതുപോലൊരു ലൈസന്‍സുകഥ എഴുതിയിട്ടുണ്ട്. ഇവിടെ

പിന്നെ.. ഈ പോസ്റ്റ്... ഗ്രെയ്റ്റ് ! ഇന്നലേയേ വായിച്ചൂ, കമന്റാന്‍ ബ്ലോഗര്‍ സമ്മതിച്ചില്ല! നല്ല രസികന്‍ , ഒറ്റയിരുപ്പിനു വായിക്കാനൊത്തില്ല.. ചിരിച്ച് ഇടക്ക് ചുമ വന്ന മൂലം ഇടവിട്ടാണു വായിച്ചത്.

അറബികളുടെ ഇംഗ്ലീഷ് ആക്സന്റിനെപറ്റി കേട്ട ഒരു വിറ്റു പറയാം:

വിസിറ്റ് വിസയുടെ ഒറിജിനല്‍ ലഭിക്കാനായി എയര്‍പോര്‍ട്ട് വിസ കളക്ഷന്‍ കൌണ്ടറിനു മുന്നില്‍ തമിഴ്നാട്ടുകാരനായ “അനന്തരാമന്‍ സുബ്ബരാമന്‍” ഇരിക്കാന്‍ തുടങ്ങീട്ടു നേരം കുറേയായി. കൌണ്ടറിലെ അറബി ഓരോ പേരുകളും ഉറക്കെ വിളിക്കുന്നു ബാക്കിയെല്ലാവരും വിസയും മേടിച്ചു പോയിട്ടും തന്നെ മാത്രം വിളിക്കാത്തതില്‍ പരിഭവിച്ച് അനന്തന്‍ അറബിയുടെ അടുത്തു ചെന്ന് പറയുന്നു.

“ചേട്ടായി, ഞാന്‍ കുറേ നേരായി ഇവിടിരുന്ന് ചൊറി കുത്തുന്നു, എന്റെ വിസ കിട്ട്യാ മ്മക്കങ്ങട് പൂവാര്‍ന്നൂട്ടാ...

അറബി: ഗിവ് മീ യുവര്‍ ബാസ്പോര്‍ത്ത്. ( പാസ്പോര്‍ട്ട്)

പാസ്സ്പോര്‍ട്ടിലെ പേരു നോക്കി ക്രുദ്ധനായി അറബി: ഹൌ മെനി തൈം ഐ കോള്‍ യൂ?

ഹേ..ഇവന്‍ തന്റെ പേരു വിളിച്ചിരുന്നെന്നോ..ആകെ കണ്‍ഫ്യൂഷനടിച്ച അനന്തരാമന്‍, പറഞ്ഞു.. “നോ സാര്‍ ഐ ഡിഡ് നോട്ട് ഹിയര്‍...

അറബി കലിപ്പില്‍ തന്നെ: യൂ നോ ഹിയര്‍ ? ഓക്കേ.. തേക്ക് യുവര്‍ വിസ മിസ്റ്റര്‍ “അനതര്‍ മാന്‍ സൂപ്പര്‍മാന്‍“!

ഇതു കേട്ട അനന്തന്‍ ഞെട്ടി! അനന്തരാമനെ “അനദര്‍ മാനും”, സുബ്ബരാമനെ “സൂപ്പര്‍മാനും” ആക്കിയ അറബിക്കൊരു നന്ദി പറഞ്ഞ് വിസയും മേടിച്ച് ലവന്‍ നടന്നകന്നു ;)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

തമനൂൂൂൂ,
കം സേ കം ആഴ്ചയിലൊരെണ്ണം വീതമെങ്കിലും ഇങ്ങനോരോന്നു പോസ്റ്റുമോ?

എന്റെ മകനു ലൈസന്‍സെടുക്കാന്‍ പോയ അവസരത്തില്‍ , മറ്റൊരു സ്ത്രീരത്നം H നുള്ള കമ്പികളെല്ലാം ഒറൊന്നായി വീഴ്ത്തുന്നതു കാണുവാനുള്ള ശക്തിയില്ലാതെ മറ്റൊരു ദിശയിലേക്ക്‌ നോക്കി നിന്ന പരീക്ഷകനെ ഓര്‍ത്തു പോയി- കാരണം ഏജന്റിന്റെ ആളാണ്‌ അവസാനം പാസാകേണ്ടതാണേ.

വേണു venu said...

രസിച്ചു വായിച്ചു. ഉപമകളിലെല്ലാം ചിരിയുടെ മാലപ്പടക്കങ്ങള്‍.

G.MANU said...

പോസ്റ്റ്‌ കലക്കന്‍ തമന്നു..

പണ്ട്‌ ആദര്‍ശധീരനയായ എണ്റ്റെ സ്വന്തം അളിയന്‍ കൈമടക്കം കൊടുക്കില്ലാന്നു വാശിപിടിച്ച്‌, വീട്ടുമുറ്റത്തു "എട്ടു" പ്രാക്റ്റീസ്‌ ചെയ്തതും കവാസാക്കി എരുത്തിലിലോട്ടും അളിയന്‍ പുതുതായി വിരിഞ്ഞ മുല്ലപ്പൂവിനു മണം ഉണ്ടൊ എന്നു ടെസ്റ്റ്‌ ചെയ്യാനെന്നൊണം കയ്യാലകെട്ടിലോട്ടും വീണതൊറ്‍ത്തുപോയി

തറവാടി said...

തമനു,

സ്വല്‍പ്പം തിരക്കായിരുന്നതിനാല്‍ മുന്നെ വായിക്കാന്‍ ഒത്തില്ല .
വായിച്ച് ഇത്രയും നന്നായി രസിപ്പിച്ച താങ്കള്‍ക്ക് ഒരു നന്ദി പറയാതെ പോയാല്‍ അതെറ്റവും വലിയ നന്ദി കേടാവില്ലെ , അതിനാലാണ്‌ തിരക്കിനിടയിലും ..

സുഹ്രുത്തെ , ഒരു പക്ഷെ ഇത്ര നന്നായി ചിരി പരത്തി വായിച്ച ബ്ളോഗ് ഇതു തന്നെയാണ്! , അത്രക്കു രസിച്ചു.

പണ്ട് , കൃത്യായി പറഞ്ഞാല്‍ 1999 ഞാനും എന്‍റ്റെ പാതിയും ഒരു മിച്ചാണ്‌ ആപ്ളിക്കേഷന്‍ കൊടുത്തത് , ഡ്രൈവിങ്ങ് ടെസ്റ്റിന്‌. വീട്ടില്‍ എപ്പോഴും ജീപ്പോടിച്ചിരുന്നതിനല്‍ ഞാന്‍ വല്യ ഡ്രൈവര്‍ ആണെന്നും ഒരു ടെസ്റ്റ് കൂടിയാല്‍ രണ്ട് ഇതൊക്കെയായിരുന്നു വെപ്പ്.

അറിയാല്ലോ , ഒന്നു തോറ്റാല്‍ പിന്നെ മൂന്ന് നാലുമാസം കാക്കണം , എന്നാല്‍ അന്നൊക്കെ പ്രൊഫഷന്‍ നോക്കി ഒരു മാസത്തില്‍ ഡേറ്റ് കിട്ടുമായിരുന്നു.
പെണ്ണുങ്ങള്‍ക്കാകട്ടെ , 2 ആഴ്ച്ചയില്‍ ടെസ്റ്റും ( അന്നൊക്കെ പെണ്ണുങ്ങള്‍ വളരെ കുറവാണെന്നു തോന്നുന്നു)

രണ്ടെണ്ണം പോയപ്പോള്‍ കാര്യം അത്ര ഈസിയല്ല എന്നു മനസ്സിലായി. എന്‍റ്റെ വിഷമം കണ്ടിട്ടോ അതോ , ഡ്രൈവിങ്ങ് പഠിക്കാന്‍ പോണം എന്നു പറഞ്ഞു ഓഫീസ് സമയത്ത് പോകുന്നതിനാലോ , എന്താണെന്നറിയില്ല , എന്‍റ്റെ പേപ്പര്‍ എന്‍റ്റെ സ്പോണ്സര്‍ വാങ്ങി

എന്നിട്ടു പറഞ്ഞു:" നിനക്ക് അടുത്ത റ്റെസ്റ്റില്‍ പാസാകണോ?"

ഞാന്‍പറഞ്ഞു :" പാസാകന്ട , എന്നാല്‍ ഡേറ്റു വേഗത്തില്‍ കിട്ടിയാല്‍ മതി "

( എന്തോ അങ്ങിനെ പറയാനാ അപ്പോ തോന്നീത്‌)

പിന്നെ ഓരോ ആഴ്ചയിലും എനിക്ക് ടെസ്റ്റായിരുന്നു.

കയ്യിലെ വിരല്‍ എണ്ണി തീര്‍ന്നു , കാലിലേയും തീര്‍ന്നു
എണ്ണാന്‍ എനി മോളുടെ കയ് വിരല്‍ വേണ്ടിവരുമല്ലോ എന്നോര്‍ത്തപ്പോഴാണ്‍ ആ ടെസ്റ്റ് വന്നതു.

മൂന്നാമത്തെയോ മറ്റോ ടെസ്റ്റില്‍ എന്‍റ്റെ ഇന്സ്പെക്റ്റര്‍ ആയിരന്ന ആള്‍ ,

:" യു നോ പാസ്?"

:" നോ സാര്‍ "

ദയനീയ മായി എന്‍റ്റെ ഉത്തരം

പിന്നെ എന്‍റ്റെ എല്ലാ പേപ്പറും നോക്കി

:" ഇന്ഷാ അള്ളാ..."

ആ പഹയന്‍ അന്നു എന്നെ ഓടിക്കാത്ത റോഡില്ല , ( കൂടുതല്‍ ഓടിച്ചാല്‍ കിട്ടുമെന്നാരോ പറഞ്ഞതോര്‍മ്മയുള്ലതിനാല്‍ ഞാനും ഇത്തിരി മൂഡിലായിരുന്നു)

അവസനം എല്ലാ ലോകവും ്‌ ചുറ്റി കിസൈസില്‍ എത്താറയപ്പോള്‍ ( ഞാന്‍ സ്പീഡ് റ്റ്റാക്കില്‍ ആയിരുന്നു)

:" യാ അള്ളാ സ്റ്റൊപ്പ്"

ഒന്നാലോചിച്ചേ , സ്പീഡ് റ്റ്റാക്കില്‍ നിന്നും പെട്ടെന്ന് നിര്‍ത്താന്‍ പറഞ്ഞാലുള്ള അവസ്ഥ!!

ഞാന്‍ റ്റ്രിയാങ്ങ്ളിന്‍റ്റെ ഹൈപ്പോട്ന്യുസ് പോലെ ചെരിച്ച് അതേ സ്പീടില്‍ വണ്ടി നിര്‍ത്തി .

സ്ലോ റ്റ്റാക്കില്‍ വന്നിരുന്ന ട്രക്കിനെപ്പോലും നോക്കാതെ.

പോലീസുകരന്‍ എന്തൊക്കെയോ വിളിച്ചു പറഞ്ഞു ഞാന്‍ മനസ്സില്‍ കരുതി ഇതും പോയി.

വളരെ ദുഖിതനായി ഞാന്‍ പിന്‍ സീറ്റില്‍ ഇരിക്കുമ്പോള്‍ അയാള്‍ പറഞ്ഞു കയ് കൊണ്ട് :" ഓകെ"

എന്നാല്‍ പേപ്പര്‍ കയ്യില്‍ കിട്ടുന്നതു വരെ ഞാന്‍ ദുഖിതനായിരുന്നു.

21 ആ മത്തെ ടെസ്റ്റില്‍ എനിക്കു കിട്ടിയപ്പോള്‍ വല്യമ്മായിയും അത്രതന്നെ എടുത്തു

ആരും അത്രക്ക് മോശമാകാന്‍ പാടില്ലല്ലോ :)

( ഒരു കാര്യം ശ്രദ്ധിക്കുമല്ലോ , കന്ഠിക തിരിക്കുക
വായിക്കാന്‍ നന്നേ ബുദ്ധിമുട്ടി:)

Ziya said...

ചിരിച്ച് ചിരിച്ച് ചിരിച്ച് ചിരിച്ച്...ങെ ഞാനെന്താ പറയാന്‍ വന്നേ...
ങാ..ചിരിച്ച് ചിരിച്ച് കൈ വിറച്ചിട്ടെനിക്ക് കമന്റാന്‍ പാടില്ല...ഹിഹിഹി ഹുഹുഹു

-B- said...

ഹ ഹ ഹ.. ഇതസ്സലായി..

ബഹുവ്രീഹി said...

തമനു മാഷെ,

പോസ്റ്റ് അടിപൊളി.

ച്ചാല്‍.. കലക്കി.

മറ്റൊരാള്‍ | GG said...

തമനൂട്ടാ...
മലകയറ്റം വായിച്ച്‌ പരിസരം മറന്ന്‌ ഉറക്കെ ചിരിച്ചുപോയി..
.."എന്റെ സ്വന്തം ലാന്റ്ക്രുയിസറില്‍ ഫാസ്റ്റ്‌ ട്രാക്കിലൂടെ മുന്‍പേ പോകുന്ന ചിന്ന വണ്ടികളെ ലൈറ്റടിച്ച്‌ മാറ്റി പറക്കുന്ന സ്വൊപ്നോം കണ്ട്‌....." (ഹാവൂ.... എന്റെ എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം)..
ഞാന്‍ ആദ്യമായി കാറോടിച്ച്‌ ഒാഫിസ്സില്‍ പോയ ദിവസം ദമ്മാമിലെ മൊത്തം ആള്‍ക്കാര്‍ക്കും മന്‍സ്സിലായിരുന്നു പുതിയ ഒരാള്‍ റോഡില്‍ ഇറങ്ങിയിയിട്ടുണ്ടെന്ന്.
തമനൂന്റെ പോസ്റ്റുകള്‍ പാഴ്സലായി എന്റെ വീട്ടിലും ചെല്ലാറുണ്ട്‌.

കുട്ടിച്ചാത്തന്‍ said...

തമനുക്കൊച്ചാട്ടാ: തകര്‍ത്തു. വാളേട്ടന്‍ പറഞ്ഞാ അറിഞ്ഞത്..ഇനി ഇപ്പോ ഇടക്കിടെ വരാം..

K.V Manikantan said...

തമനു
കലക്കീഷ്ടാ
വിശാലന്‍, അരവിന്ദകുറുമാന്‍ ഇവരുടേ ശ്രേണിയിലേക്കിതാ ഒരു പുള്ളിപ്പുലി.

മുടിയില്ലെങ്കിലെന്താ, ബുള്‍ഗാനില്ലേ ബുള്‍ഗാന്‍!

തമനു,
എനിക്കുമുണ്ടൊരു പോസ്റ്റിനുള്ള വക!

ഹ ഹ ഹ

സൂപ്പര്‍!

-സങ്കുചിതന്‍

poor-me/പാവം-ഞാന്‍ said...

പറവൂര്‍ ആറ്.ടി ഓഫ്ഫിസ്സില്‍ പോകാന്‍ നിശ്ചയിച്ച എന്നെ പേടിപ്പിച്ചു കളഞല്ലോ?

riyaas said...

ഹ ഹ ചിര്‍ച്ച് ചിര്‍ച് വയ്യായ്യേ...

Jo जो جو ജോ said...

hi hi hi...

Unknown said...

സൂപ്പര്‍..!!
കൊല്ലം കുറേയായെങ്കിലും ഇന്നാ വായിക്കണേ!!

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

:))

riyaas said...

ഇന്ന് ദിത് പിന്നേമ്മ് വായിച്ച് ഒരു പാട് ചിരിച്ചു..
https://plus.google.com/117540781569500343634/posts/ZYV2kNVvUdF

kARNOr(കാര്‍ന്നോര്) said...

വായിയ്ക്കാന്‍ വൈകി. എന്നാലും എന്റെ ഡ്രൈവിങ് പഠനമായിരുന്നു കൂടുതല്‍ ത്രില്ലര്‍..

http://kaarnorscorner.blogspot.com/2010/10/blog-post_31.html

സുധി അറയ്ക്കൽ said...

ഭയങ്കരമായി ഇഷ്ടപ്പെട്ടു..