Tuesday, February 13, 2007

Thamanu : ഊഞ്ഞാലേ ... ഊഞ്ഞാലേ...

ഓണമെന്നും, ഊഞ്ഞാലെന്നും ഒക്കെ പറയുന്നത്‌ ഓരോ പ്രവാസി മലയാളിക്കും, നൊസ്റ്റാള്‍ജിയയേ നിന്റെ കള്ളക്കടക്കണ്ണില്‍ എന്ന പാട്ടും പാടി കുമരകം കായലില്‍ കൂടി വല്ലവന്റേം ചെലവില്‍ കെട്ടുവള്ളത്തേല്‍ പോകുന്നതിന്റെയോ, ഷക്കീലയുടെ പടത്തിലെ സീനുകള്‍ മൊത്തത്തില്‍ കാണാന്‍ ചാന്‍സ്‌ കിട്ടൂന്ന സെന്‍സര്‍ബോര്‍ഡിലെ ഒരംഗമായി ഇരിക്കുന്നതിന്റെയോ ഒക്കെ ഒരു സുഖമാണെങ്കില്‍, എനിക്ക്‌ ഇതിലെ ഊഞ്ഞാലെന്നു പറയുന്നത്‌, ഞെട്ടിക്കുന്ന ഒരു ഓര്‍മ്മയാണ്‌. ഒരിക്കലും ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത ഒരോര്‍മ്മ.

ഓണത്തിനോടു എനിക്കുള്ള ഏറ്റവും വലിയ വിരോധം ഓണപ്പരീക്ഷയായിരുന്നു. ഇലക്ഷന്‍ സമയത്തു വോട്ടു ചോദിക്കാന്‍ മാത്രമായി മണ്ഡലത്തില്‍ വരുന്ന രാഷ്ട്രീയക്കാരെ പോലെ പരീക്ഷക്കു മുന്‍പു മാത്രം പുസ്തകമെടുക്കുക എന്നൊരു ശീലം സ്കൂളില്‍ മാത്രമല്ല, മെഡിക്കല്‍, എഞ്ജിനീയറിങ്ങ്‌, സിവില്‍ സര്‍വീസ്‌ പരീക്ഷകള്‍ അറ്റന്‍ഡ്‌ ചെയ്യുമ്പോഴും (എനിക്കു വയ്യ !!) എനിക്കുണ്ടായിരുന്നു.

പരീക്ഷ ഒന്നു കഴിഞ്ഞു കിട്ടിയാലോ പിന്നങ്ങര്‍മാദിക്കുവല്ലേ .. 351 ആം നമ്പര്‍ SNDP വക, അഞ്ജലി ആര്‍ട്സ്‌ & സ്പോര്‍ട്‌സ്‌ ക്ലബ്ബ്‌ വക, മെഴുവേലി പഞ്ചായത്ത്‌ വക എന്നു വേണ്ട ഒരു നാലു കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ ഓണാഘോഷപരിപാടികളും അറ്റന്‍ഡ്‌ ചെയ്ത്‌ കൊച്ചീ ടൗണില്‍ക്കൂടി പച്ചാളം എന്നപോലെ ഞാനും രാവിലെ മുതല്‍ തെണ്ടാനിറങ്ങും.

നാലു കിലോമിറ്ററിനുള്ളില്‍ ചുരുക്കാനുള്ള പ്രധാന കാരണം അതില്‍ കൂടുതല്‍ നടക്കാനുള്ള കപ്പാസിറ്റി, മുണ്ടിന്റെ മടക്കിക്കുത്തഴിച്ചിട്ടു നടന്നില്ലെങ്കില്‍ എന്റെ മൊത്തം ഗ്ലാമറും കളയാന്‍ പാകത്തിലുള്ള, ക്രിക്കറ്റ്‌ സ്റ്റംപ്‌സിന്റെ വലിപ്പം മാത്രമുള്ള എന്റെ കാലുകള്‍ക്ക്‌ ഇല്ലാത്തതു കൊണ്ടു മാത്രമാണ്‌. ബസില്‍ കേറി പോകാനുള്ള പണമൊന്നും അന്നു എഡിബി ബാങ്ക്‌ ലോണ്‍ കൊടുത്തു തൊടങ്ങിയിരുന്നുമില്ല.

പക്ഷേ എല്ലാത്തിനും ഈ പരീക്ഷ ഒന്നു കഴിയണമല്ലോ. പഠിക്കാനെന്ന പേരില്‍ വെറുതെ വീട്ടില്ലിരുന്നിട്ട്‌ ഒരു പ്രയോജനവും ഇല്ല എന്ന കാര്യം എനിക്കും വീട്ടുകാര്‍ക്കും അറിയാമെങ്കിലും, വല്ലപ്പോഴും ഓഫീസില്‍ എത്തുന്ന സര്‍ക്കാര്‍ ജോലിക്കാരെപ്പോലെ ഞാനവിടെത്തന്നെ ഇരിക്കണം എന്നുള്ള പിതായുടെ നിര്‍ബന്ധം, താല്‍ക്കാലികമായി ഒഴിവാക്കി തന്നിരിക്കുന്ന പശുക്ഷേമ പരിപാടികള്‍ വീണ്ടും എടുത്തു തലയിലേക്കു വയ്ക്കാന്‍ എനിക്ക്‌ താല്‍പര്യമില്ലാത്തതിനാല്‍ ഞാനും സന്തോഷപൂര്‍വം അംഗീകരിക്കുകയാണ്‌ ചെയ്തു പോന്നിട്ടുള്ളത്‌.

ഞങ്ങളുടെ പറമ്പിനോട്‌ ചേര്‍ന്നാണ്‌ ഏറത്ത്‌ മഹാ യക്ഷിയമ്മ ക്ഷേത്രം. അതൊരു കൊച്ച്‌ കുടുംബ ക്ഷേത്രമായിരുന്നു. വല്ലപ്പോഴും മാത്രം ആരെങ്കിലും വന്നു തൊഴുന്ന ഒരു കൊച്ച്‌ അമ്പലം. അതൊന്ന്‌ വലുതായി, ഒത്തിരി പെണ്‍കുട്ടികളൊക്കെ വരുന്ന അമ്പലമായിരുന്നെങ്കില്‍ എന്റെ വൈകുന്നേരത്തെ ഗണപതിയമ്പലം ജംഗ്ഷന്‍ വരെയുള്ള പോക്ക്‌ ഒഴിവാക്കാമായിരുന്നു എന്ന്‌ ആലോചിച്ച്‌, കൈയിലൊരു പുസ്തകവും, റോഡിലേക്ക്‌ കണ്ണുകളുമായി കിടക്കുന്ന സമയത്താണ്‌, പലപ്രാവശ്യം നോട്ടങ്ങളിലൂടെ എനിക്ക്‌ രോമാഞ്ചമുളവാക്കി തന്നിട്ടുള്ള (അന്നൊക്കെ ഏതു പെണ്ണെന്നെ നോക്കിയാലും എനിക്കാപ്പറഞ്ഞ സാധനം ഉണ്ടാകാറുണ്ടായിരുന്നു) ദീപ കൈയില്‍ കുറേ പൂക്കളുമായി അമ്പലത്തിലേക്ക്‌ പോകുന്നതു കണ്ടത്‌. പരീക്ഷക്കു മുന്‍പ്‌ എല്ലാ അമ്പലങ്ങളീലും കേറി തൊഴുതു പ്രാര്‍ത്ഥിക്കുന്നതിന്റെ ഭാഗമായി വന്നതാണ്‌. എല്ലാ ഉത്തരങ്ങളും എല്ലാ ദൈവങ്ങള്‍ക്കും അറിയണമെന്നില്ലല്ലോ.അതു കൊണ്ട്‌ കഴിവതും ദൈവങ്ങളെക്കണ്ട്‌ സഹായം ചോദിക്കുകയാണ്‌ ഏറ്റവും നല്ല വഴി.

അമ്പലത്തിലേക്ക്‌ പോകുന്ന പോക്കില്‍ ദീപ ഞങ്ങളുടെ വീട്ടിലേക്കൊന്നു പാളി നോക്കി. അവളെന്നെ കണ്ടില്ലെന്നെനിക്കുറപ്പായിരുന്നെങ്കിലും ആ ഒരു നോട്ടം മാത്രം മതിയായിരുന്നു എനിക്കു രോമാഞ്ചം വരാന്‍. ഒരു പക്ഷേ എന്നെക്കാണാന്‍ വേണ്ടിയാവുമോ രണ്ടു കിലോമീറ്റര്‍ ദൂരെ താമസിക്കുന്ന അവള്‍ ഈ അമ്പലത്തിലേക്കു വന്നത്‌. അങ്ങനെയൊരു ചിന്തകൂടി മനസിലേക്കു വന്നപ്പോളേക്കും എനിക്കു ഒരു മിനിട്ടില്‍ രണ്ടാമത്തെ രോമാഞ്ചം വന്നു കഴിഞ്ഞിരുന്നു.

എന്തായാലും പുറത്തുനിന്നു നോക്കിയാല്‍, ഇരുണ്ട സ്ഥലത്തു നില്‍ക്കുന്ന, അരണ്ട കളറുള്ള എന്നെ ദീപ കാണില്ലെന്ന്‌ മനസിലാക്കിയ ഞാന്‍, പ്രക്കാനത്തെ ജോറൂട്ടിച്ചാന്‍ അമേരിക്കയില്‍ നിന്നും കൊണ്ടുവന്നു തന്നതും നെഞ്ചത്ത്‌ സിംഹത്തിന്റെ പടമുള്ളതുമായ ഒരു ബനിയനുമിട്ട്‌, പളപള മിന്നുകയും എത്ര മുറുക്കി ഉടുത്താലും മിനിട്ടില്‍ മൂന്നു തവണ വീതം അഴിഞ്ഞു പോവുകയും ചെയ്യുന്ന, നാലേ നാലു പ്രാവശ്യം നനച്ചു കഴിഞ്ഞപ്പോള്‍ ചുരുങ്ങി പെണ്‍പിള്ളേരുടെ മിഡിയുടെ വലിപ്പത്തിലാവുകയും ചെയ്ത, ചുമപ്പില്‍ പൂക്കളുള്ള ഒരു ഗള്‍ഫ്‌ കൈലിയുമുടുത്ത്‌ കൈയില്‍ പുസ്തകവുമായി പുറത്തേക്കിറങ്ങി.

അവിടെ റോഡിനോടു ചേര്‍ന്ന്‌ നില്‍ക്കുന്ന പ്ലാവില്‍ കെട്ടിയിരിക്കുന്ന ഊഞ്ഞാലില്‍ അപ്പുറത്ത്‌ വീട്ടിലെ പയ്യന്‍ 'ജോസപ്പ്‌' നിന്ന്‌ ആടുന്നുണ്ടായിരുന്നു. അവനെ അതില്‍ നിന്നും ചാടിച്ച്‌ ഞാന്‍ ഒരു കൈയില്‍ പുസ്തകവുവായി, കുടുംബമായി ഇരുന്നു സിനിമ കാണുന്ന സമയത്ത്‌ വല്ല ബലാല്‍സംഗ സീനും ടിവിയില്‍ വന്നാല്‍ അങ്ങോട്ടേക്ക്‌ ശ്രദ്ധിക്കാത്ത മട്ടില്‍, എന്നാല്‍ രണ്ടു കണ്ണുകളും അതില്‍ തന്നെ കേന്ദ്രീകരിച്ച്‌ ഇരിക്കാറുള്ളതു പോലെ പുസ്തകത്തിലും, അമ്പലത്തിലുമായി നോക്കിക്കൊണ്ട്‌ അനുരാഗിയില്‍ മോഹന്‍ലാല്‍ രണ്ടു മരങ്ങള്‍ക്കിടയില്‍ കെട്ടിയ വലയില്‍ കിടന്ന്‌ പുസ്തകം വായിക്കുന്നതിന്റെ സ്റ്റെയിലില്‍ മന്ദം മന്ദം ആടിക്കൊണ്ട്‌ ഇരുന്നു.

ഞാന്‍ വെറുതേ സമയം കളയാനാണ്‌ ഊഞ്ഞാലില്‍ കയറിയതെന്നു മനസിലാക്കിയ ജോസപ്പ്‌, കുറേ നേരം നിന്നു ബോറടിച്ചിട്ട്‌ എന്റെ കൂടെ വലിഞ്ഞു കയറി എന്നെ ഇരുത്തി പെട്ടയാടാന്‍ തുടങ്ങിയിരുന്നു. (ഒരാള്‍ തന്നെയാടുന്നത്‌ ഒറ്റ, ഒരാള്‍ ഇരുന്നും, മറ്റേയാള്‍ നിന്നും ആടുന്നത്‌ പെട്ട..). ആ സമയത്താണ്‌ അടുത്ത അമ്പലത്തില്‍ പോകാനായി ബാക്കി പൂക്കളുമായി ദീപ തിരിച്ചു വരുന്നത്‌. അപ്പോഴേക്കും ജൊസപ്പ്‌ ആട്ടത്തിന്റെ സ്പീഡ്‌ കൂട്ടിയിരുന്നു. വരുന്ന വഴിക്ക്‌ ദീപ എന്നെ നോക്കി ഒന്നു ചിരിക്കുകയും, "എല്ലാം പഠിച്ചോ" എന്ന ഒരു ചോദ്യം ചോദിക്കുകയും ചെയ്ത ആ ദുര്‍ബല നിമിഷത്തിലാണ്‌, സാമാന്യം നല്ല വേഗതയിലാടിക്കൊണ്ടിരുന്ന ആ ഊഞ്ഞാലില്‍ നിന്നും ചാടിയിറങ്ങി ദീപയോട്‌ സംസാരിക്കുക എന്ന ഒരു ദുര്‍ബുദ്ധി എനിക്കു തോന്നിയത്‌.

സേഫ്‌ ലാന്‍ഡിംഗായിരിക്കണേ കര്‍ത്താവേ എന്ന്‌ മനസില്‍ പ്രാര്‍ത്ഥിച്ച്‌ മുന്നോട്ടു പോയ ഊഞ്ഞാല്‍ അതിന്റെ മാക്സിമത്തിലെത്തി തിരിച്ചുപോരുന്ന ആ ഒരു നിമിഷത്തില്‍, ചാടി നില്‍ക്കേണ്ടുന്ന തറയിലും, ഒണക്കക്കൊള്ളിപോലുള്ള എന്റെ കാലുകളിലും മാത്രം ശ്രദ്ധിച്ച്‌, വടക്കന്‍ പാട്ടു സിനിമകളില്‍ രണ്ടു കൊന്നത്തെങ്ങിന്റെ ഹൈറ്റുള്ള കോട്ടയുടെ മുകളില്‍ നിന്നും കരണം മറിഞ്ഞ്‌ ‌ ചാടി ഒരു കുഴപ്പവും കൂടാതെ താഴെ വന്നു നില്‍ക്കുന്ന പ്രേം നസീറിനെപ്പോലെ ദീപയുടെ മുന്‍പിലായി, ഒരാറടി പതിനഞ്ചിഞ്ച്‌ ദൂരത്തായി ഞാന്‍ എന്റെ സ്വന്തം കാലുകളില്‍ സേഫ്‌ ലാന്‍ഡ്‌ ചെയ്തു.

ഒളിമ്പിക്സില്‍ ജിംനാസ്റ്റിക്സിലായിരുന്നെങ്കില്‍ നൂറില്‍ നൂറ്‌ പോയിന്റും കിട്ടുമായിരുന്ന പെര്‍ഫെക്ട്‌ ലാന്‍ഡിങ്‌......

ആ നിന്ന നില്‍പ്പില്‍ നിന്നുകൊണ്ട്‌, സമയം കളയേണ്ടെന്നു കരുതി ഞാന്‍ ചോദിച്ച "ദീപയെല്ലാം പഠിച്ചോ" എന്ന ചോദ്യം കേട്ട ദീപയുടെ കണ്ണുകള്‍ പേടി കൊണ്ടെന്ന പോലെ പുറത്തേക്കു തള്ളി വരുന്നതു കണ്ട അതേ നിമിഷത്തിലായിരുന്നു, എന്റെ പിന്‍ തുടകളില്‍ പതിവില്ലാത്തവിധം ഒരു കുളിര്‍കാറ്റു തട്ടുന്നു എന്ന തോന്നലുണ്ടാവുകയും, പുറകില്‍ നിന്നും ജോസപ്പിന്റെ കൂവല്‍ പോലൊരു ശബ്ദം കേള്‍ക്കുകയും ചെയ്തത്‌.

തിരിഞ്ഞു നോക്കിയ ഞാന്‍ കണ്ടത്‌ സച്ചിന്‍ തെണ്ടുല്‍ക്കര്‍ സിക്സറുകള്‍ അടിക്കുമ്പോള്‍ ഗാലറിയില്‍ പാറിപ്പറക്കുന്ന ഇന്‍ഡ്യന്‍ പതാകകള്‍പോലെ, എന്റെ ചുമന്നകൈലി ആ ഊഞ്ഞാലില്‍ കിടന്ന്‌ അനന്ത വിഹായസില്‍ ആടിക്കളിക്കുന്നതായിരുന്നു. ദീപയുടെ മുന്നില്‍ താഴെ വീഴരുത്‌ എന്ന ശ്രദ്ധയില്‍ മാത്രം ചാടിയ ഞാന്‍, ഊഞ്ഞാലില്‍ നിന്നിരുന്ന ജോസപ്പ്‌ എന്റെ കൈലിയില്‍ ചവുട്ടി പിടിച്ചിരുന്നതോ, ഇത്രയും കാലം ഊണിലും ഉറക്കത്തിലും പൊന്നുപോലെ കൊണ്ടു നടന്നിരുന്ന എന്നെ ഉപേഷിച്ച്‌ ആ ഗള്‍ഫ്‌ കൈലി ജോസപ്പിന്റെ കാല്‍കീഴില്‍ രാഷ്ട്രീയ അഭയം പ്രാപിച്ച വിവരമോ അറിയാന്‍ ലേശം വൈകിപ്പോയി.

പാന്റിടാന്‍ മറന്നു പോയ സ്പൈഡര്‍മാന്റെ ഒരു ഇന്‍ഡ്യന്‍ വേര്‍ഷന്‍ കണക്കെ ദീപയുടെ മുന്നില്‍ ടാന്‍ടക്സിന്റെ പരസ്യത്തിലെന്നവണ്ണം രണ്ടു നിമിഷം സ്തബ്ദനായി നിന്നു പോയ ഞാന്‍ സ്ഥലകാല ബോധം വീണ്ടെടുത്ത്‌ ഓടി വന്ന്‌, അപ്പോഴേക്കും ആട്ടത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയിലെത്തിയ ജോസപ്പിന്റെ കാല്‍ക്കീഴില്‍ നിന്നും എന്റെ കൈലിയെ മോചിപ്പിക്കാന്‍ നടത്തിയ രണ്ടു ശ്രമങ്ങള്‍ വിഫലമാവുകയും, മൂന്നാം ശ്രമം അതി ഗംഭീരമായി വിജയിച്ച്‌ കൈലി എന്റെ കൈയിലും, ഒരു പ്രോല്‍സാഹന സമ്മാനമെന്നപോലെ ജോസപ്പ്‌ ഊഞ്ഞാലില്‍ നിന്നും മലര്‍ന്നടിച്ച്‌ എന്റെ കാല്‍ക്കീഴിലും എത്തുകയുണ്ടായി.

ജോസപ്പിനെ ആ സ്പോട്ടിലിട്ട്‌ നാലു ചവിട്ടു കൊടുക്കാനുള്ള സുന്ദര അവസരത്തെ പിന്നത്തേക്ക്‌ മാറ്റിവച്ച്‌ കൈലിയെടുത്തുടുത്തപ്പോഴേക്കും ദീപ അവിടുന്ന്‌ അപ്രത്യക്ഷയായിരുന്നു. പേടിച്ച്‌ ഓടിയതിന്റെ തെളിവുകളായി ആ പോയ വഴികളിലെല്ലാം തെറ്റിപ്പൂക്കള്‍ ചിതറിക്കിടന്നിരുന്നു.

ആ പ്രാവശ്യത്തെ ഓണപ്പരീക്ഷ ദീപ എഴുതുമോ എന്നെനിക്ക്‌ പേടിയുണ്ടായിരുന്നു, കാരണം ഒരിക്കല്‍ ഇതുപോലെ എന്തോ കണ്ട്‌ പേടിച്ച ഒരു കുട്ടി ഒരാഴ്ച പനിപിടിച്ച്‌ കിടന്നിരുന്നു കാര്യം ഏതോ വാരികയിലെ മനശാസ്ത്രജ്ഞനോട്‌ ചോദിക്കാമെന്ന പംക്തിയില്‍ ഞാന്‍ വായിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം നാട്ടില്‍പ്പോയപ്പോള്‍ തിരുവല്ലയില്‍ വച്ച്‌ ഞാനും തമനയും, ദീപയെയും, അവളുടെ ഭര്‍ത്താവിനെയും രണ്ടു കുട്ടികളേയും കണ്ടു. ഞങ്ങള്‍ അന്യോന്യം ഒന്നും സംസാരിച്ചില്ല, അവളുടെ ചുണ്ടില്‍ എന്നെ കളിയാക്കിക്കൊണ്ട്‌ ഒരു ചിരിയുണ്ടായിരുന്നു. ആ സമയത്ത്‌ ലോകത്ത്‌ ഒരു ഭര്‍ത്താക്കന്മാരും പ്രാര്‍ത്ഥിക്കാത്ത ഒരു പ്രാര്‍ത്ഥന ഞാന്‍ പ്രാര്‍ത്ഥിച്ചു. അതിപ്രകാരമായിരുന്നു.

"ദൈവമേ അവളുടെ ഭര്‍ത്താവിന്റെ മുണ്ട്‌ എന്റെ ഭാര്യയുടെ മുന്‍പില്‍ വച്ചൊന്ന്‌ അഴിഞ്ഞു പോണേ"

പക്ഷേ ആരുടെയൊക്കെയോ ഭാഗ്യത്തിന് ദൈവം ആ പ്രാര്‍ത്ഥന കേട്ടില്ല !!!

79 comments:

തമനു said...

ഊഞ്ഞാലേ... ഊഞ്ഞാലേ...

എന്റെ മറ്റൊരു കത്തി പോസ്റ്റ്‌

മുസ്തഫ|musthapha said...

ഠ്...ഠ്...ഠേ...

ഠ്...ഠ്...ഠേ...

ഠ്...ഠ്...ഠേ...

“മൂന്നാം ശ്രമം അതി ഗംഭീരമായി വിജയിച്ച്‌ കൈലി എന്റെ കൈയിലും, ഒരു പ്രോല്‍സാഹന സമ്മാനമെന്നപോലെ ജോസപ്പ്‌ ഊഞ്ഞാലില്‍ നിന്നും മലര്‍ന്നടിച്ച്‌ എന്റെ കാല്‍ക്കീഴിലും എത്തുകയുണ്ടായി“

എന്‍റെ തമനു ചിരിച്ചു ചിരിച്ചൊരു പരുവമായെടോ... :)))

ക്വാട്ടന്‍ ഒത്തിരിയൊത്തിരിയുണ്ട് [അതൊക്കെ ബാക്കിയുള്ളവര്‍ക്ക് വിടുന്നു]

അവസാനത്തെ ആ മനം നൊന്തുള്ള പ്രാര്‍ത്ഥന ഒരൊന്നൊന്നര തന്നെ കേട്ടോ :)

:))

Rasheed Chalil said...

സച്ചിന്‍ തെണ്ടുല്‍ക്കര്‍ സിക്സറുകള്‍ അടിക്കുമ്പോള്‍ ഗാലറിയില്‍ പാറിപ്പറക്കുന്ന ഇന്‍ഡ്യന്‍ പതാകകള്‍പോലെ.......


തമനുവേ ഇത് കലക്കന്‍. ചിരിച്ചൊരു വഴിക്കായി. ആ പ്രാര്‍ത്ഥന ഫലിക്കാതിരിക്കട്ടേ.

Sreejith K. said...

തമനൂ, അമറന്‍ പോസ്റ്റ്. ഒന്നൊന്നര. ചിരിച്ച് പരിപ്പിളകി.

asdfasdf asfdasdf said...

ആ പ്രാവശ്യത്തെ ഓണപ്പരീക്ഷ ദീപ എഴുതുമോ എന്നെനിക്ക്‌ പേടിയുണ്ടായിരുന്നു, കാരണം ഒരിക്കല്‍ ഇതുപോലെ എന്തോ കണ്ട്‌ പേടിച്ച ഒരു കുട്ടി ഒരാഴ്ച പനിപിടിച്ച്‌ കിടന്നിരുന്നു കാര്യം ഏതോ വാരികയിലെ മനശാസ്ത്രജ്ഞനോട്‌ ചോദിക്കാമെന്ന പംക്തിയില്‍ ഞാന്‍ വായിച്ചിരുന്നു

കലക്കി പൊളിച്ചു മാഷെ..നിങ്ങള് പുലിയല്ല. സിങ്കമാണ് സിങ്കം..

മൈഥിലി said...
This comment has been removed by the author.
കുറുമാന്‍ said...

എന്റെ തമനുവേ, നമിച്ചു. രാവിലെ ഉന്ണ്ടായിരുന്ന ഉറക്ക ക്ഷീണം പോയികിട്ടി.

പരീക്ഷക്കു മുന്‍പ്‌ എല്ലാ അമ്പലങ്ങളീലും കേറി തൊഴുതു പ്രാര്‍ത്ഥിക്കുന്നതിന്റെ ഭാഗമായി വന്നതാണ്‌. എല്ലാ ഉത്തരങ്ങളും എല്ലാ ദൈവങ്ങള്‍ക്കും അറിയണമെന്നില്ലല്ലോ.അതു കൊണ്ട്‌ കഴിവതും ദൈവങ്ങളെക്കണ്ട്‌ സഹായം ചോദിക്കുകയാണ്‌ ഏറ്റവും നല്ല വഴി - ഈ കണ്ടുപിടിത്തും കല കലക്കി

സുല്‍ |Sul said...

എന്റെ തമനുവേ

നീ ഇത്തരം പോസ്റ്റുകളിനിയെഴുതരുത്.
മനുഷ്യന്റെ ജോലി കളഞ്ഞേ നിങ്ങള്‍ക്കെല്ലാം ഉറക്കം വരൂ എന്നുണ്ടോ?

ഇതു തുടരുകയാണെങ്കില്‍ തമനുവെതിരായി ഈ ബൂലോകത്തു നടക്കുന്ന ക്കു-പ്രചരണങ്ങളില്‍ ഞാനും ഒരു സജീവനാകുമെന്ന് ഇതിനാല്‍ അറിയിക്കുന്നു.

പോസ്റ്റ് തമ തമാം ന്ന്.

-സുല്‍

അരവിന്ദ് :: aravind said...

ബൂലോഗത്തിലെ പുതിയ കോമഡിതാ‍രം, മരംകൊത്തിപക്ഷി മരം കൊത്തുന്നതിനിടക്ക് ചരിഞ്ഞ് റൈറ്റി‌ലേക്ക് നോക്കുന്നത് പോലെ പ്രൊഫൈലില്‍ നമ്മളെ നോക്കിയിരിക്കുന്ന ഈ തമനു ആണെന്ന് അടിവരയിടുന്നു ഈ പോസ്റ്റ്!

ചിരിച്ച് കണ്ണില്‍ക്കൂടി വെള്ളം വന്നിഷ്ടാ..എന്താ അലക്ക്!

:-))
കോട്ടുന്നില്ല...എന്നാലും ചില പ്രയോഗങ്ങളും ആത്മഗതങ്ങളും കലകലക്കന്‍..അതിനെ കവയ്കുന്ന ക്ലൈമാക്സും!!
ഇന്ന് അത്താഴത്തിന് ശ്രീമതിയെ ചിരിപ്പിച്ച് കരയിപ്പിക്കാന്‍ ഇത് ധാരാളം!! താ‌ങ്ക്സ്! :-))

(ഓ.ടോ : തമനുവിന്റെ പോസ്റ്റ് വായിച്ചപ്പോള്‍ എവിടെയോ ഒരോര്‍മ കത്തി.
എന്റെ വകേലൊരേട്ടനായിരുന്നു. ഓണത്തിന് പിള്ളേരായ ഞങ്ങളെ സാക്ഷി നിര്‍ത്തി, അല്പം അകലെ പൂപറിച്ചു കൊണ്ടിരുന്ന പെണ്‍‌കുട്ട്യോളെ ഇം‌പ്രസ് ചെയ്യിപ്പിക്കാന്‍ കാവിമുണ്ടും വെള്ള ബനിയനുമിട്ട് ഊഞ്ഞാലില്‍ ആടാന്‍ കയറി. നിന്നുകൊണ്ടാടാന്‍.
നിന്നങ്ങനെ ആയമെടുത്താടിയപ്പോള്‍ മുണ്ട് പറിഞ്ഞ് പറന്ന് പോയി!!

ഊഞ്ഞാല്‍ ആട്ടം നിര്‍ത്തിയാല്‍ ദിഗംബരരൂപം പെണ്‍കുട്ട്യോള്‍ കാണും എന്നുള്ളതിനാല്‍
പെണ്‍കുട്ട്യോള്‍ പൂപറിച്ച് പോകണവരെ മിന്നല്‍ വേഗത്തില്‍ മരണ ആടല്‍ ആടികൊണ്ടിരുന്നു അദ്ദേഹം!
)

Unknown said...

‘ഒരു നാലു കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ ഓണാഘോഷപരിപാടികളും അറ്റന്‍ഡ്‌ ചെയ്ത്‌ കൊച്ചീ ടൗണില്‍ക്കൂടി പച്ചാളം എന്നപോലെ ഞാനും രാവിലെ മുതല്‍ തെണ്ടാനിറങ്ങും. നാലു കിലോമിറ്ററിനുള്ളില്‍ ചുരുക്കാനുള്ള പ്രധാന കാരണം അതില്‍ കൂടുതല്‍ നടക്കാനുള്ള കപ്പാസിറ്റി, മുണ്ടിന്റെ മടക്കിക്കുത്തഴിച്ചിട്ടു നടന്നില്ലെങ്കില്‍ എന്റെ മൊത്തം ഗ്ലാമറും കളയാന്‍ പാകത്തിലുള്ള, ക്രിക്കറ്റ്‌ സ്റ്റംപ്‌സിന്റെ വലിപ്പം മാത്രമുള്ള എന്റെ കാലുകള്‍ക്ക്‌ ഇല്ലാത്തതു കൊണ്ടു മാത്രമാണ്‌. ‘

തമന്‍(ഉ)ത്തമാ:)
നമിച്ചിരിക്കുന്നു.

മനോജ് കുമാർ വട്ടക്കാട്ട് said...

ഭാഗ്യം!
ദീപയുടെ സമനില തെറ്റി ജീവിതം 'കോഞ്ഞാണ്ടി' ആയിപ്പോയില്ലല്ലോ.

Mubarak Merchant said...

ഹഹഹഹഹ
ഇന്നലെ ഇത്തിരിവെട്ടത്തിന്റെ കശുവണ്ടിപ്പോസ്റ്റില്‍ ഇടാന്‍ ഒരു പ്രശസ്ത ബ്ലോഗര്‍ തയ്യാറാക്കിയ, പണ്ടൊരു വഴിപോക്കന്‍ കശുമാങ്ങയോടു ചോദിച്ച അതേ ചോദ്യം ഉത്തമേട്ടനോടും ചോദിക്കുന്നു. ഹഹഹഹ.

സുല്‍ |Sul said...

തമനുവിന്റെ ഹൃദയവേദനയില്‍ ഞാനും പങ്കു ചേരുന്നു. ഞാനവിടെയുണ്ടായിരുന്നെങ്കില്‍ പറയുമായിരുന്നു

“തംനു മുണ്ട് മുണ്ട്”

അപ്പൊ മണ്ടനായ നീ പറയും

“ഞാന്‍ മുണ്ടി ഇനി നീ മുണ്ട്”

എന്തു ചെയ്യാന്‍? ഞാന്‍ ജോസപ്പല്ലാതെ പോയില്ലെ.

-സുല്‍

sandoz said...

തമനുവേ......ഹായ്‌...പൂയ്‌...ഹായ്‌

ഈ സൈസൊക്കെ ഗള്‍ഫിലേക്ക്‌ പോയത്‌ നന്നായി...അല്ലെങ്കില്‍ നട്ടിലെ പെമ്പിള്ളേരൊക്കെ പേടിക്കാതിരിക്കാന്‍ ഏലസ്സും കെട്ടി കൊണ്ട്‌ നടക്കേണ്ടി വന്നേനെ......

ഈ സൈസ്‌ ആട്ടം ഇനീം പോരട്ടെ.....

മൈഥിലി said...

ദൈവമേ അവളുടെ ഭര്‍ത്താവിന്റെ മുണ്ട്‌ എന്റെ ഭാര്യയുടെ മുന്‍പില്‍ വച്ചൊന്ന്‌ അഴിഞ്ഞു പോണേ"

അയ്യോ ചിരിച്ച് ചിരിച്ച് വയ്യാണ്ടായേ. ദീപയെ കണ്ടപ്പോള്‍ ഈ കഥ തമനയോട് പറഞ്ഞായിരുന്നോ?

ഞാനിപ്പോഴാ ആ ജോസപ്പിന്‍റെ കാര്യം ഓര്ത്തത്. പാവം . എന്തെങ്കിലും പറ്റിയോ?എല്ലാ കുരുത്തക്കേടിനും ശിക്ഷയേറ്റുവാങ്ങാന്‍
ആ പാവം

മുസ്തഫ|musthapha said...

തമനുവിന്‍റെ ഈ ‘ഊഞ്ഞാലാട്ടത്തെ’ പറ്റിയുള്ള എന്‍റെ വിവരണം കേട്ട്, പനി പിടിച്ച് കിടക്കുന്ന വിശാല ഗഡി കിടക്ക വിട്ടെഴുന്നേറ്റ്, വീട്ടില്‍ നെറ്റ് കിട്ടാത്തതിനാല്‍ താഴേയുള്ള നെറ്റ് കഫേയിലേക്ക് വെച്ചു പിടിച്ചിരിക്കുന്നു :)


ഇക്കാസേ, ആ പാട്ട് ഇവിടെ ചേരും അല്ലേ :))

ഇട്ടിമാളു അഗ്നിമിത്ര said...

ഇങ്ങനത്തെ പോസ്റ്റിട്ടാല്‍ സുല്ല്` പരഞ്ഞപോലെ ജോലി.. കൊള്ളാം മാഷെ..

Areekkodan | അരീക്കോടന്‍ said...

കലക്കി തമന്നൂ!!!

Unknown said...

തമനു വിന്‍ റെ പോസ്റ്റില്‍ കയറുന്നത് ആദ്യമായിട്ടാണെന്നു തോന്നുന്നു.
എന്തായാലും അവസാനത്തെ ട്വിസ്റ്റ് എനിക്ക് ഇഷ്ടമായി. കുറച്ചു കൂടി എഡിറ്റാമായിരുന്നു.
എങ്കിലും ചിരിച്ചു ശരിക്കും.

വേണു venu said...

തമനുവിനു് ആശംസകള്‍, കൈലി കുരുങ്ങി വിവസ്ത്രനായതിനല്ല. രാവിലെ തന്നെ വയറു നിറച്ചു് ചിരിപ്പിച്ചതിനു്.ഹിന്ദിക്കാര്‍ പറയുന്ന ട്യൂണില്‍.വാ..വാ.. ക്യാ ബാതു് ഹൈ‌.:))

താംബൂലം said...

Thamanu ur landing frm Oonjal perfect pavam joseph ellayirunnekkil thamanuvile kdakarane eniku miss akumayirunnu
kalakkan......

Visala Manaskan said...

"ഒരു പക്ഷേ എന്നെക്കാണാന്‍ വേണ്ടിയാവുമോ രണ്ടു കിലോമീറ്റര്‍ ദൂരെ താമസിക്കുന്ന അവള്‍ ഈ അമ്പലത്തിലേക്കു വന്നത്‌. അങ്ങനെയൊരു ചിന്തകൂടി മനസിലേക്കു വന്നപ്പോളേക്കും എനിക്കു ഒരു മിനിട്ടില്‍ രണ്ടാമത്തെ രോമാഞ്ചം വന്നു കഴിഞ്ഞിരുന്നു"

ente ponnu thamanu... aake motham total ee post kalakki!

chuttinum pathu panthrandu aalkkaar irikkunnathukondu njaan pottichchiri chumayaakki convert cheythu chirichu. (ivanmaarkku njaan oru t.b. patient aanennu thonniyirikkumO?, illyalle? )

super duper post. thamanu.

ഷക്കീലയുടെ പടത്തിലെ സീനുകള്‍ മൊത്തത്തില്‍ കാണാന്‍ ചാന്‍സ്‌ കിട്ടൂന്ന സെന്‍സര്‍ബോര്‍ഡിലെ ഒരംഗമായി ഇരിക്കുന്നതിന്റെയോ ഒക്കെ ഒരു സുഖമാണെങ്കില്‍... hmm hmm... :)

Kaithamullu said...

വായിച്ചപ്പോള്‍ ഞാന്‍ ‘ക്വാട്ടാന്‍’ വിചാരിച്ച ‘ക്വാട്ടുകള്‍‘ ഇതാ മുന്നേ വന്നവര്‍ മോഷ്ടിച്ചിരിക്കുന്നു.


അല്ലെങ്കിലെന്തിനാ, വാചകങ്ങള്‍...
ഞാനിതാ പോസ്റ്റ് മുഴുവനായി ‘ക്വാട്ടുന്നു’

-ഒന്നൂടെ വായിക്കട്ടെ, ചിരിച്ചു തീര്‍ന്നില്ലാ...ട്ടോ!

Peelikkutty!!!!! said...

ഹ..ഹ..എനിക്കു വയ്യേ..ചിരിച്ച് ..ചിരിച്ച്..

മുസ്തഫ|musthapha said...

അരവിന്ദന്‍:
ഊഞ്ഞാല്‍ ആട്ടം നിര്‍ത്തിയാല്‍ ദിഗംബരരൂപം പെണ്‍കുട്ട്യോള്‍ കാണും എന്നുള്ളതിനാല്‍
പെണ്‍കുട്ട്യോള്‍ പൂപറിച്ച് പോകണവരെ മിന്നല്‍ വേഗത്തില്‍ മരണ ആടല്‍ ആടികൊണ്ടിരുന്നു അദ്ദേഹം!

:))) ഊഹിചൂഹിച്ച് ഒരുപാട് ചിരിച്ചു :)

അരവിന്ദാ... പ്ലീസ്... അല്ലെങ്കിലേ ഇവിടെ ചിരിച്ച് എവിടെയൊക്കെയോ കൊളൂത്തു വീണിരിക്കുന്നു അതിലിടയ്ക്ക് ഇതു കൂടെ :))

ഏറനാടന്‍ said...

തമനൂസ്‌ ഊഞ്ഞാല്‍ കഥ രസിച്ചു.

'റാംജിറാവു സ്പീക്കിംഗ്‌' പടത്തിലെ ഇന്നസെന്റും മുകേഷും സായികുമാറും തല്ലുകൂടുമ്പോള്‍ രേഖ വരുന്നതും ഇന്നച്ചന്റെ മുണ്ടഴിഞ്ഞതും ഒന്നുമറിയാതെ നിക്കുന്നതും അന്നത്തെ ഹിറ്റ്‌ ആയിരുന്നെങ്കില്‍ ഇന്നിതാ തമനു അത്‌ മറികടന്നിരിക്കുന്നു! അതും ഊഞ്ഞാലീന്നും ലുങ്കിത്തുണിയില്ലാതെ കരണം മറിഞ്ഞോണ്ട്‌.
അവസാനത്തെ പ്രാര്‍ത്ഥന പിന്നെ ഏശിയോ?

വല്യമ്മായി said...

നല്ല വിവരണം.വായിച്ചു,ചിരിച്ചു ആസ്വദിച്ചു.

krish | കൃഷ് said...

തമനൂ.. കലക്കി.. ഇനിയെന്തു ക്വാട്ടാനാ..

"കൊച്ചീ ടൗണില്‍ക്കൂടി പച്ചാളം എന്നപോലെ ഞാനും രാവിലെ മുതല്‍ തെണ്ടാനിറങ്ങും."
പച്ചാളം കത്തിയുമായിട്ടാണോ തെണ്ടുന്നത്‌..?

കൃഷ്‌|krish

ശാലിനി said...

കമന്റുകള്‍ വായിച്ചപ്പോഴേ മനസിലായി ഓഫീസില്‍ മറ്റുള്ള സ്റ്റാഫ് ഉള്ളപ്പോള്‍ വായിച്ചാല്‍ ജോലി പോകും എന്ന്. ഇപ്പോള്‍ വായിച്ചു, നന്നായി ചിരിച്ചു. അവസാനത്തെ ആ പ്രാര്‍ത്ഥന കൊള്ളാം.

ചാക്ക്യാര്‍ said...

എന്തോ കണ്ട്‌ പേടിച്ച കുട്ടി ഒരാഴ്ച പനി പിടിച്ച്‌ കിടന്നപോലെ ആയിരിക്കില്ല തമനൂ ദീപയുടെ കാര്യം. ഇത്‌ ഇത്രയല്ലേ ഉള്ളൂ എന്നോര്‍ത്ത്‌ സമാധാനത്തോടെ അവള്‍ നന്നായി പരീക്ഷ എഴുതി കാണും. പിന്നെ അവള്‍ ഓടി പോയത്‌ ബാക്കിയുള്ളത്‌ പഠിക്കാനായിരിക്കും.

ഒരു മിനിട്ടില്‍ രണ്ടാമത്തെ രോമാഞ്ചം വരുന്ന തമനൂന്‌ 3-4 ചിന്തകള്‍ ഒന്നിച്ചുവന്നാല്‍ രോമാഞ്ചോത്സവം ആകുമല്ലോ.

ലോകത്ത്‌ ഒരു ഭര്‍ത്താക്കന്മാരും പ്രാര്‍ഥിക്കാത്ത ആ പ്രാര്‍ഥന തമനൂവും പ്രാര്‍ഥിക്കണ്ടായിരുന്നു.

ഇടിവാള്‍ said...

പേടിച്ച്‌ ഓടിയതിന്റെ തെളിവുകളായി ആ പോയ വഴികളിലെല്ലാം തെറ്റിപ്പൂക്കള്‍ ചിതറിക്കിടന്നിരുന്നു. ;)

"ദൈവമേ അവളുടെ ഭര്‍ത്താവിന്റെ മുണ്ട്‌ എന്റെ ഭാര്യയുടെ മുന്‍പില്‍ വച്ചൊന്ന്‌ അഴിഞ്ഞു പോണേ"


ഹോ.. അതൊരു അക്രമ പ്രാര്‍ത്ഥനയായി തമനൂ..

ഉഗ്രന്‍ പോസ്റ്റ് ;)

Anonymous said...

തമനൂ... സാധാരണണ ഞാന്‍ വിശാലന് മാത്രമാണ് “ഗപ്പു”കൊടുത്ത് വാഴ്ത്താറുള്‍ലത്. ഇത്തവണ ഒരു സ്വര്‍ണ്‍നത്തിന്റെ(പിന്നേയ് ഇമ്മിണി പുളിക്കും) ഒരു ഗപ്പ് ഇതാ ഇവിടെ വച്ചിട്ടു പോകുന്നു. (ആരും എടുക്കരുത്, അത് തമനൂനുള്ളതാണ്).

RR said...

കലക്കി തമനൂ. ചിരിച്ചൊരു വഴിക്കായി :)

Siju | സിജു said...

സൂപ്പര്‍ പോസ്റ്റ്
ആ ഒടുക്കത്തെ പ്രാര്‍ത്ഥന കിടിലം

ചില നേരത്ത്.. said...

സംഗതി ആസ്വദിച്ചു. ആ പ്രാര്‍ത്ഥനയും.
ആറടി പതിനഞ്ചിഞ്ച് = ഏഴടി മൂന്നിഞ്ച് അല്ലേ. വെറുതെ തെറ്റിദ്ധരിപ്പിക്ക്യാണോ ? :)

ഉത്സവം : Ulsavam said...

തമനുവേ ഇത് ഒരൊന്നൊന്നര ആട്ടവും രണ്ട് രണ്ടര പോസ്റ്റും ആയി..ഹോ ആ സീന്‍ ആലോചിച്ച് ചിരിച്ച് വയ്യാണ്ടായി!

അഡ്വ.സക്കീന said...

സംഗതി കലക്കി. ഇനിയെങ്കിലും ഗള്‍ഫ് മുണ്ടുടുക്കുമ്പൊ, ബെല്‍റ്റ് കിട്ടിയില്ലെങ്കിലും ഒരു വാഴവള്ളിയെങ്കിലും കെട്ടുക. ഇതോടു കൂടി രോമാഞ്ചവും അവസാനിച്ചു കാണും അല്ലേ.

തറവാടി said...

തമനുവെ,

സംഭവം രസിച്ചു

സ്വതന്ത്രനായിരുന്നോ?

തറവാടി said...

തമനുവെ,

സംഭവം രസിച്ചു

സ്വതന്ത്രനായിരുന്നോ?

G.MANU said...

Thamanuji

chirichu kuzhapichallo...
munt part gadi...

Ziya said...

"ദൈവമേ അവളുടെ ഭര്‍ത്താവിന്റെ മുണ്ട്‌ എന്റെ ഭാര്യയുടെ മുന്‍പില്‍ വച്ചൊന്ന്‌ അഴിഞ്ഞു പോണേ"
വേറേ വിശേഷമൊന്നുമില്ല. ഇന്നലെ മുതല്‍ ആശുപത്രിയിലായിരുന്ന എന്റെ പനി മാറി. അത്രതന്നെ. ഈ ചിരി മരുന്ന്, ചിരി മരുന്ന് എന്നൊക്കെപ്പറയുന്നത് ഒറ്റത്തവണ സേവിച്ചാല്‍ പനിമാറുമോ?
ഓണ്‍ ടോപ്പിക്ക്: വാചകങ്ങളുടെ ലെങ്ത് ഒന്നു റെഡ്യൂസ് ചെയ്താല്‍ കൊള്ളാമായിരുന്നു.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:
“പേടിച്ച്‌ ഓടിയതിന്റെ തെളിവുകളായി ആ പോയ വഴികളിലെല്ലാം തെറ്റിപ്പൂക്കള്‍ ചിതറിക്കിടന്നിരുന്നു.“

തമനുക്കൊച്ചാട്ടാ
പൂക്കള്‍ അവിടെ വീണത് ഭാഗ്യായീ. ആ വഴി ഇതുവരെ പുല്ലുപോലും മുളച്ചുകാണില്ലാലൊ!!!

P Das said...

:)

Sathees Makkoth said...

അസലായി തമനു.ശരിക്ക് ചിരിച്ചു.

ദിവാസ്വപ്നം said...

ha ha ha ha

ഇനി മേലാല്‍, ഉച്ചയ്ക്ക് ലന്ച് കഴിക്കുമ്പം തമനുവിന്റെ പോസ്റ്റ് വായിക്കുന്ന പ്രസ്ഥാനമില്ല. ചിക്കന്‍ പീസ് നെറുകേല്‍ കേറിയാല്‍ ആര് സമാധാനം പറയും ?

തമ്, കലക്കിപ്പൊളിച്ചൂന്ന് പറയുന്നില്ല, ഈ പോസ്റ്റിനു പറ്റിയ പുതിയ വല്ല പ്രയോഗവും കണ്ടുപിടിക്കാമോന്ന് നോക്കട്ടെ. വൈകിട്ട്, ശ്രീമതിയെ ഒന്ന് വായിച്ച് കേള്പ്പിച്ചിട്ട് ചിരിപ്പിച്ചിട്ട് ബാക്കി എഴുതാം

:-))

Achoos said...

ഒരു പക്ഷേ എന്നെക്കാണാന്‍ വേണ്ടിയാവുമോ രണ്ടു കിലോമീറ്റര്‍ ദൂരെ താമസിക്കുന്ന അവള്‍ ഈ അമ്പലത്തിലേക്കു വന്നത്‌. അങ്ങനെയൊരു ചിന്തകൂടി മനസിലേക്കു വന്നപ്പോളേക്കും എനിക്കു ഒരു മിനിട്ടില്‍ രണ്ടാമത്തെ രോമാഞ്ചം വന്നു കഴിഞ്ഞിരുന്നു.

:) സൂപ്പര്‍ ഡൂപ്പര്‍...

Unknown said...

തമനു,
കിടിലം!

ഒരൂ സംശയം,ഉശാന്‍ താടി വെച്ചാ‍ല്‍ ഇങ്ങനെയൊക്കെ എഴുതാന്‍ പറ്റുമോ?
അവിടെ ഒരു കുറുമാന്‍ , ഇവിടെയൊരു തമനു!
അവിടെ യൂറോപ്പ്, ഇവിടെ ഊഞ്ഞാല്!

Anonymous said...

ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി. ഇതൊക്കെ എങ്ങിനെ സാധിക്കുന്നു ഉത്തമന്‍ ചേട്ടാ.. :)

Unknown said...

ഹഹ,
ഇത്‌ കൊള്ളാം കേട്ടോ. ചിരിക്കാനുള്ള വകയുണ്ട്‌.
ഊഞ്ഞാലില്‍ പെട്ടയാട്ടം ഞങ്ങക്കും ഹരമായിരുന്നു.

സുല്‍ |Sul said...

50 ആം തേങ്ങ.

‘ഠേ...........’

-സുല്‍

പ്രതിഭാസം said...

തമനുവിന്റെ ഊഞ്ഞാലാട്ടം കലക്കി. നല്ലോണം രസിച്ചൂട്ടോ...:)

K.V Manikantan said...

തമനുജീ,
ഇന്നലെ കുറുമാന്റെ മുന്നില്‍ തൊപ്പിയൂരി തല കുനിച്ചു പിടിച്ച് നിന്ന പോലെ നില്‍ക്കട്ടെ!

ദൈവമേ! അസാമാന്യം ! അസാദ്ധ്യം!

-അല്ല ഒരു സംശയം.

അല്ലങ്കി വേണ്ട

എന്നാലും, ദീപ ഓടിയപ്പോള്‍ ചിതറിപ്പോയ ചെത്തിപ്പൂക്കള്‍!

സംശയം...

അപ്പു ആദ്യാക്ഷരി said...

തമനുചേട്ടാ, രണ്ടു ദിവസം വൈകിപ്പോയി ഇതു വായിക്കാന്‍. ഞാനിപ്പോള്‍ ഏട്ടന്റെ പോസ്റ്റുകളൊന്നും ഓഫീസില്‍ വച്ചു വായിക്കാറേയില്ല. ബോസന്മാര്‍ എന്തുവിചാരിക്കും..!! ഏതായാലും കലക്കി. കൊടുകൈ...!! ബൂലോകത്തിലെ ചീഫ്‌ വിദൂഷക പട്ടം മറ്റാരുടേയും അനുവാദം ചോദിക്കാതെ ഞാന്‍ ചേട്ടനു സമ്മാനിക്കുന്നു...കാരണം ഇതിനൊരു എതിരഭിപ്രായം ഉണ്ടാവുമെന്നു തോന്നുന്നില്ല.

അപ്പു ആദ്യാക്ഷരി said...

സങ്കുചിത മനസ്കാ, താങ്കളുടെ സംശ്യം "......" ഇട്ടിട്ടുണ്ടായിരുന്നോ എന്നല്ലേ?. തമനുചേട്ടന്‍ അതിട്ടിട്ടുണ്ടായിരുന്നു.....(ഞാന്‍ ജോസപ്പിന്‌ ഒരു മെയിലയിച്ചിട്ടുണ്ടായിരുന്നു...ഇതും ചോദിച്ചോണ്ട്‌)

Unknown said...

തമനുച്ചേട്ടാ,
ഇന്നലേ വായിച്ചിരുന്നു. കമന്റിടാന്‍ ഡൈം കിട്ടാഞ്ഞതാ. കിടിലോല്‍ക്കിടിലന്‍ പോസ്റ്റ് പുലീ.. :-)

ഓടോ: ടൂറിന് പോയി ഊഞ്ഞാലാടി സ്പീഡ് പോരാഞ്ഞ് ഒരുത്തനെ 6 പയ്യന്മാര്‍ ചേര്‍ന്ന് ആട്ടി. അവന്‍ പോയി കമിഴ്ന്നടിച്ച് വീണ് എണീറ്റപ്പോ അണ്‍പാര്‍ലമെന്റരി ഭാഗത്ത് നിന്ന് ചോര വന്ന് ക്രീം കളര്‍ പാന്റ്സ് ചുവപ്പായി. കുട്ടിയെ ലേഡീസിന്റെ ടോയ്ലറ്റില്‍ കൊണ്ട് വരൂ എന്ന് ടീച്ചര്‍ പറഞ്ഞതനുസരിച്ച് ഒരിക്കല്‍ അവന്റെ കൂടെ ലേഡീസ് ടോയ്ലറ്റില്‍ പോയ ഒരു കഥയുണ്ട്. ഇത്ര ഒതുക്കത്തില്‍ പറയാനറിയാത്തോണ്ട് പോസ്റ്റാന്‍ ധൈര്യമില്ല. ;-)

അരവിന്ദ് :: aravind said...

ദില്‍‌ബാ ഹൈശ്...
ആ കമന്റ് വായിച്ചിട്ട്, കമ്പ്യൂട്ടറിന് മുന്നില്‍ കാലുകള്‍ അടുപ്പിച്ച്, വയറ് ചൊട്ടിച്ച്, തരിപ്പ് കാരണം ഞെളിപിരി കൊണ്ട് വല്ലായ്‌മ തോന്നിയ എല്ലാ ബൂലോഗര്‍ക്കും വേണ്ടി ഞാന്‍ പ്രതിഷേധം രേഖപ്പെടുത്തുന്നു.
നീ പ്രഷറുള്ളവരുടെ അടുത്ത്‌പോയി , കുമ്മായം തേയ്ച ചുമരില്‍ നഖം വച്ച് കിര്‍....കിര്‍‌.......ന്ന് മാന്തി ശബ്ദം കേള്‍‌പ്പിക്കണ ടൈപ്പാണല്ലേ...

ഞ്ഞി ജ്ജ് അടുത്ത ബ്ലോഗിക്ക് പൊയ്കാളാ..ഞാ പിന്നാലെണ്ട്.... ;-)

myexperimentsandme said...

തമനുത്തമനുത്തമനുത്തമനൂ... നേരത്തെ വായിച്ചിരുന്നു. അടിപൊളിയെന്ന് പറയാന്‍ അന്നേരം പറ്റിയില്ല. ഉഗ്രന്‍ നര്‍മ്മം. ആസ്വദിച്ച് വായിച്ചു.

sajielampal said...

very good

Vempally|വെമ്പള്ളി said...

തമനൂ ചിരിച്ച് ആധി കേറിപ്പോയി ഊഞ്ഞാലില്‍നിന്നും പറന്നിറങ്ങിയ സൂപ്പര്‍മാന്‍ മനസ്സില്‍ നിന്നും മായുന്നില്ല. ഇനിയിപ്പൊ ചിന്തിച്ച് അന്തം പോവും - വേറൊന്നുമല്ല‘ദീപയെന്താവും അപ്പോ ചിന്തിച്ചിരിക്കുക’ എന്നു ചിന്തിച്ച്

ബിന്ദു said...

ആഹാഹാ.. ഇതിപ്പോഴാ വായിച്ചത്. എന്തൊരു ഉഗ്രന്‍ ആഗ്രഹം.:)

mydailypassiveincome said...

തമനു,

ആദ്യമായാണ് ഒരു കമന്റിടുന്നത്. ഇതു വായിച്ചു നന്നായി രസിച്ചു. ആ ചുവന്ന ഫോറിന്‍ലുങ്കി എന്നു വായിച്ചതേ എനിക്ക് മനസ്സിലായി സംഗതി കുഴപ്പമാണെന്ന്.. ഹി ഹി....

Unknown said...

interesting post!!!

Anonymous said...

തമനൂ....

കിടിലം.... കിടിലോ‌ല്‍കിടിലം...
നന്നായി ആസ്വദിച്ചു.... സൂപ്പറായി മാഷേ....

Anonymous said...

എവിടെയാ ശരിക്കും വീട്‌? ഏറത്ത്‌ നമ്മുടെയും കുടുംബ ക്ഷേത്രമാണല്ലോ

Sha : said...

Hi friends,Long back one of my friends introduced me to blogs and started reading Malayalam blogs. Now I created one blog and as a malayalee, want to write in Malayalam. So please tell me how to write Malayalam blogs.

Sha : said...

ഞാനും മലയാളത്തില്‍ ബ്ലൊഗാന്‍ പഠിച്ചു
സഹായിച്ച കൊടകരപുരാണത്തിനും, സുവിനും, തമനുവിനും, കൈപ്പള്ളിക്കും നന്ധി.

Santhosh said...

നല്ല, രസച്ചരടു പൊട്ടാതെയുള്ള വിവരണം.

rajan vengara said...

Oru paadu nalukalkku sesham Onnu nnnayi chirichu, ennalla chirichu chirichu .......Ishatpettu tto..keep it up.

rajan. mumbai

Unknown said...

അസലായി തമനു.ശരിക്ക് ചിരിച്ചു

റീവ് said...

തകര്‍പ്പന്‍.....

ശ്രീവല്ലഭന്‍. said...

"പാന്റിടാന്‍ മറന്നു പോയ സ്പൈഡര്‍മാന്റെ ഒരു ഇന്‍ഡ്യന്‍ വേര്‍ഷന്‍ കണക്കെ ദീപയുടെ മുന്നില്‍ ടാന്‍ടക്സിന്റെ പരസ്യത്തിലെന്നവണ്ണം രണ്ടു നിമിഷം സ്തബ്ദനായി നിന്നു പോയ ഞാന്‍ സ്ഥലകാല ബോധം വീണ്ടെടുത്ത്‌ ഓടി വന്ന്‌, അപ്പോഴേക്കും ആട്ടത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയിലെത്തിയ ജോസപ്പിന്റെ കാല്‍ക്കീഴില്‍ നിന്നും എന്റെ കൈലിയെ മോചിപ്പിക്കാന്‍ നടത്തിയ രണ്ടു ശ്രമങ്ങള്‍ വിഫലമാവുകയും, മൂന്നാം ശ്രമം അതി ഗംഭീരമായി വിജയിച്ച്‌ കൈലി എന്റെ കൈയിലും, ഒരു പ്രോല്‍സാഹന സമ്മാനമെന്നപോലെ ജോസപ്പ്‌ ഊഞ്ഞാലില്‍ നിന്നും മലര്‍ന്നടിച്ച്‌ എന്റെ കാല്‍ക്കീഴിലും എത്തുകയുണ്ടായി."


തമനു, ഇതു വായിച്ചപ്പോള്‍ ചിരി ഉച്ചത്തിലായി. ഞായറാഴ്ച്ച ആയതിനാല്‍ വീട്ടില്‍ ആയതു കൊണ്ടു കുഴപ്പം ഒന്നും ഉണ്ടായില്ല! അഭിനന്ദനങ്ങള്‍!

[ nardnahc hsemus ] said...

:) sooooper!

"ദീപയെല്ലാം പഠിച്ചോ"

:):):)

Unknown said...

Super.........................................................................................................................................................................Duper.....................................................................................................Waiting for the new post

Vineeth said...

ദീപയുടെ മുന്നില്‍ താഴെ വീഴരുത്‌ എന്ന ശ്രദ്ധയില്‍ മാത്രം ചാടിയ ഞാന്‍, ഊഞ്ഞാലില്‍ നിന്നിരുന്ന ജോസപ്പ്‌ എന്റെ കൈലിയില്‍ ചവുട്ടി പിടിച്ചിരുന്നതോ, ഇത്രയും കാലം ഊണിലും ഉറക്കത്തിലും പൊന്നുപോലെ കൊണ്ടു നടന്നിരുന്ന എന്നെ ഉപേഷിച്ച്‌ ആ ഗള്‍ഫ്‌ കൈലി ജോസപ്പിന്റെ കാല്‍കീഴില്‍ രാഷ്ട്രീയ അഭയം പ്രാപിച്ച വിവരമോ അറിയാന്‍ ലേശം വൈകിപ്പോയി..........

ഹൊ എന്റെ തമനു ചേട്ടാ ചിരിച്ചത് കുറച്ച് ഉച്ചത്തില്‍ ആയിപ്പോയി ഭാഗ്യം ഓഫീസില്‍ ആരും കേട്ടില്ല
ഞാന്‍ ഒരു തുടക്കക്കാരനാണ് സമയമുണ്ടെങ്കില്‍ സന്ദര്‍ശിക്കുക :

http://www.nerambokkukal.blogspot.com/

പോരാളി said...

മറ്റൂള്ളവരെ സന്തോഷിപ്പിക്കാൻ കഴിയുക എന്നതിനേക്കാൾ വലിയൊരു പുണ്ണ്യമുണ്ടോ? അണ്ണാ..........thaaaaaaaaaaaaaaaannnnnnnnnnnkkkkkkkkkkkkksssssssssssssss............

Aisibi said...

എനിക്ക് വയറു നന്നായി വേദനിക്കുന്നുണ്ട്... ഇമ്മയിരി ചിരി ഞാന്‍ ഈ അട്‌ത്ത കാലത്തൊന്നും ചിരിച്ട്ടില്ല.

M@mm@ Mi@ said...

chirichu chirichu ente kanninnu kudukude-nnu vellam vannu....ithrem njan ithinu munpu chirichathu 'thamasa vara karna' vayichappozhanu...plz post blogs faaast

സ്വന്തം സുഹൃത്ത് said...

nirthiyo paripaadi? kure naalaayi onnum kaanunnilla?

സുധി അറയ്ക്കൽ said...

അങ്ങനെയൊരു ചിന്തകൂടി മനസിലേക്കു വന്നപ്പോളേക്കും എനിക്കു ഒരു മിനിട്ടില്‍ രണ്ടാമത്തെ രോമാഞ്ചം വന്നു കഴിഞ്ഞിരുന്നുഽ.////////
എന്നെയങ്ങു കൊല്ലോ.