ആനപ്പാപ്പാനാകണമെന്നും, ബസ് കണ്ടക്റ്ററാകണമെന്നും, പെണ്പിള്ളേര് മാത്രമുള്ള ബാന്‍ഡ് സെറ്റിന്റെ മുന്നില്‍ വടി കറക്കുന്ന കക്ഷി ആകണമെന്നും ഒക്കെയുള്ള ആഗ്രഹം പോലെയായിരുന്നു ഒരിക്കലെങ്കിലും ഒരു ഗാനമേളയ്ക്ക് പാടണം എന്ന എന്റെ ആഗ്രഹവും. കുട്ടിക്കാലത്തെ തൊടങ്ങിയതാ. ആദ്യത്തെ രണ്ടെണ്ണം ആകാനുള്ള സാഹചര്യം വേണേല്‍ ഒരുക്കാമാരുന്നെങ്കിലും ഞാന്‍ അവയുടെ കൂടെ മൂന്നാമത്തെ ആഗ്രഹവും എവിടെയോ കളഞ്ഞു. അപ്പോഴും ഗാനമേളയ്ക്ക് പാടുക എന്ന ആ നാലാമത്തെ അത്യാഗ്രഹം മനസില്‍ അങ്ങനെ തന്നെ കെടന്നു.
ജീവിതത്തില്‍ രണ്ടേ രണ്ടു തവണയാണ് ഒറ്റയ്ക്ക് പാടിയിട്ടുള്ളത്. ആദ്യത്തേത് മൂന്നിലോ നാലിലോ പഠിക്കുമ്പോള്‍ “ശരറാന്തല്‍ തിരി താണു മുകിലിന് കുടിലില്‍” എന്ന പാട്ട് ക്ലാസില്‍ പാടിയതാണ്. അതു മുഴുമിക്കാന്‍ നാരായണി സാര്‍ സമ്മതിച്ചില്ല. വൃത്തികെട്ട പാട്ടാണോടാ ക്ലാസില്‍ പാടുന്നേ എന്ന് ചോദിച്ച് തുടയില്‍ ഒരടിയും തന്ന് ചാടിച്ചു. അതിന്റെ പല്ലവിയായിരിക്കാം സാറിനെ ചൊടിപ്പിച്ചത്.
പിന്നീടൊരിക്കല്‍ പഞ്ചായത്ത് യുവജന മേളയ്ക്ക് മാപ്പിളപ്പാട്ടിന് പേര് കൊടുത്തിട്ട് അയ്യപ്പ ഭക്തിഗാനം പാടണം എന്ന പ്ലാനില്‍ സ്റ്റേജില്‍ കയറി.സ്റ്റേജില്‍ കയറി ഓഡിയന്‍സിനെ നോക്കിയപ്പോള്‍ ആദ്യം കാണുന്നത് ഏറ്റവും പുറകില്‍ നില്ക്കുന്ന അപ്പായെ ആണ്. ഒരു നിമിഷം കൊണ്ട് പ്ലാന്‍ മാറ്റി “വറുത്ത പച്ചരി ഇടിച്ചു തള്ളുന്ന മിടുക്കി പാത്തുമ്മാ” എന്ന പാട്ടിന്റെ ആദ്യ നാല് വരി പാടി ഇറങ്ങിപ്പോന്നു.
സ്റ്റേജില്‍ കയറി പാടാന്‍ അവസരങ്ങള്‍ ഇല്ലാഞ്ഞല്ല. ഒന്നാമതേ നാലുപേരുടെ മുന്പില് നിന്നു പാടിയാല്‍ മുട്ടു വിറയ്ക്കുക, തൊണ്ട വരളുക മുതലായ അസുഖങ്ങളുണ്ട്. രണ്ടാമത് മറ്റൊരാള്‍ പാടിയ പാട്ടുകള്‍ അതേ രീതിയില്‍ പാടുക എന്നെനിക്കിഷ്ടമുള്ള കാര്യമല്ല. ഇഷ്ടമുണ്ടായാലും ഞാന്‍ ഉച്ചീം കുത്തി നിന്ന് പാടിയാലും നടക്കുകേം ഇല്ല.അതേ ട്യൂണില്‍, അതേ ഭാവത്തില്‍ ഒക്കെ എന്റെ പട്ടി പാടും.. പിന്നല്ലാതെ..
അങ്ങനെ എന്റെ മനസില്‍ ഉറങ്ങിക്കിടന്നിരുന്ന ആ സര്‍ഗ്ഗ ചേതനയെ വീണ്ടൂം വിളിച്ചുണര്‍ത്തിയത് കിരണ്‍സിന്റെ റെക്കോര്‍ഡിംഗ് -മ്യൂസിക്ക് ബ്ലോഗിംഗ്-ചെറു സഹായം..!! എന്ന പോസ്റ്റാണ്. അതിന് പ്രകാരം എല്ലാം ഡൌണ്‍ലോഡും ചെയ്ത്, കിരണ്‍സിന്റെ കാല് പിടിച്ച് സംശയങ്ങളും ക്ലിയറാക്കി, അന്നു തന്നെ ഞാന്‍ ഒരു പാട്ടു പാടി റെക്കോഡ് ചെയ്ത് ദിവസം 4 പ്രാവശ്യം വച്ച് കേട്ടു വരികയാരുന്നു. ഇപ്പൊ ഒരു അത്യാഗ്രഹം , ഇതൊന്നൂ പോസ്റ്റ് ചെയ്താലോ എന്ന്...
ആദ്യമായി റിക്കോഡ് ചെയ്ത സാധനമായതു കൊണ്ട് ഇടയ്ക്കിടെ കാറ്റ്, രണ്ടാമത്തെ പല്ലവിയിലെ അക്ഷരത്തെറ്റുകള്‍, കുറേയധികം ‘യെ’ കാരങ്ങള്‍ ഇവയൊക്കെ ഇതിലുണ്ട്. ഒന്നു മാറ്റി പാടിയാലോ എന്നു ആദ്യം ചിന്തിച്ചു, എങ്കിലും ഈ പാട്ടിനോട് എന്തോ ഒരിത് .... അതു മാത്രമായി ശരിയാക്കിയിട്ട് പ്രത്യേകിച്ച് മെച്ചമൊന്നുമില്ലാത്തതിനാല്‍ അവയോടുകൂടി പോസ്റ്റുന്നു.
അങ്ങനെ ഞാന്‍ ഈ പാട്ട്, നല്ല ചങ്കൂറ്റവും, ക്ഷമയും, സഹന ശക്തിയും, ആത്മനിയന്ത്രണവും ഉള്ളവര്‍ക്കു മാത്രം കേള്‍ക്കാനായി പോസ്റ്റ് ചെയ്യുന്നു.
സമര്‍പ്പണം: ഇതിന് വേണ്ട എല്ലാ സഹായങ്ങളും ചെയ്തു തന്ന ബ്ലോഗിലെ പ്രിയ ഗായകന് കിരണ്‍സിനും, ഞാന്‍ ഒരു വിധം പാടും എന്നു വൃഥാ വിശ്വസിക്കുന്ന പ്രിയ സുഹൃത്തുക്കള്‍ അഗ്രജനും, ഇത്തിരിക്കും. പിന്നെ മറ്റൊരു മാര്ഗ്ഗവുമില്ലാത്തതിനാല് എന്റെ ഗാനങ്ങളെ നിശബ്ദം സഹിക്കുന്ന എന്റെ പ്രിയപ്പെട്ട ഭാര്യയ്ക്കും.
ഉദ്ദേശം : ഈ പാട്ട് ഇങ്ങനെയും പാടാം എന്നു തെളിയിക്കല്‍.
ഗാനം : നീല ജലാശയത്തില്‍..
ചിത്രം : അംഗീകാരം
ഗാനരചന : ബിച്ചു തിരുമല
സംഗീതം : എ.റ്റി. ഉമ്മര്‍
പാടിയത് : യേശുദാസ് സാര്‍ (പിന്നെ ഇപ്പോ ഞാനും.)
(ഇന്നലെ വരെ ദാസേട്ടന്, യേശുദാസ് എന്നൊക്കെയായിരുന്നു വിളിച്ചിരുന്നത്.. ഇന്നിപ്പൊ ഞങ്ങള്‍ രണ്ടും ഒരേ ഫീല്‍ഡില്‍ ആയതു കൊണ്ടാ ദാസാര്‍ എന്നു വിളി പരിഷ്കരിച്ചത്..)
ദേ ഇവിടെ റൈറ്റ് ക്ലിക്ക് ചെയ്ത് സേവ് ടാര്‍ഗറ്റ് ആസ് എന്നു സെലക്റ്റ് ചെയ്താ ഈ പാട്ട് കോപ്പി ചെയ്ത് വച്ച് തോന്നുമ്പോളൊക്കെ കേള്‍ക്കാം. സ്ലിപ്പ്, പിച്ച് ഔട്ട്, ശ്രുതിയോട് ചേര്‍ന്ന് നില്‍ക്കാത്ത ഫ്ലാറ്റ് ഷാര്‍പ്പ് നോട്ടുകള്‍, വെള്ളി, കാറ്റ് മുതലായ സംഗീത സംബന്ധിയായ കാര്യങ്ങളില്‍ റിസേര്‍ച്ച് ചെയ്യുന്നവര്‍ക്ക് ഭാവിയില്‍ ഉപകരിക്കും.
Tuesday, September 11, 2007
Subscribe to:
Posts (Atom)

