Monday, March 26, 2007

തമനു | കൂ കൂ കൂ കൂ തീവണ്ടി

കിന്നാരത്തുമ്പികള്‍ റിലീസായതിനു ശേഷം ഒരു രണ്ടു വര്‍ഷത്തോളം കേരളത്തിലെ മദ്ധ്യവയസ്കരുടെ ദിനങ്ങള്‍ എത്രത്തോളം സന്തോഷകരമായിരുന്നോ അത്രത്തോളം സന്തോഷകരമായിരുന്നു കളറുകള്‍ക്കും, ഏതു തരം സിനിമകള്‍ വരുന്ന തീയറ്ററുകള്‍ക്കും ക്ഷാമമില്ലാത്ത കോട്ടയത്തെ എന്റെ കമ്പ്യൂട്ടര്‍ പഠന ദിനങ്ങള്‍.

ഒരിക്കല്‍ സിനിമക്ക്‌ പോയി ടിക്കറ്റ്‌ കിട്ടാതെ വന്നപ്പോ അടുത്ത ഷോ വരെ സമയം കളയാനും, പിന്നെ കോട്ടയം പുഷ്പനാഥിന്റെയും, മാത്യു മറ്റത്തിന്റെയും കഥകളില്‍ മാത്രം കേട്ടിട്ടുള്ളതുമായ എയര്‍ കണ്ടീഷണര്‍ എയര്‍ കണ്ടീഷണര്‍ എന്ന സാധനത്തിന്റെ കാറ്റ്‌ ഒക്കുകയാണെങ്കില്‍ ഒന്ന്‌ കൊണ്ട്‌ കളയാം എന്ന വ്യാമോഹത്തിലുമാണ്‌ കമ്പ്യൂട്ടര്‍ ക്ലാസിന്റെ കാര്യം തിരക്കാന്‍ എന്ന വ്യാജേന ഞാന്‍ ഞാന്‍ കോട്ടയത്തെ ആ പ്രശസ്ത സ്ഥാപനത്തിലെത്തിയത്‌.

പക്ഷെ ആദ്യം കണ്ടപ്പോ ശ്രീദേവിയുടെ ഷേപ്പും, ജോയിന്‍ ചെയ്തു കഴിഞ്ഞ്‌ മൈന്‍ഡ്‌ ചെയ്യാതായപ്പോ മലയാള നടി ലളിതശ്രീയുടെ ഷേപ്പും എന്നേക്കൊണ്ട്‌ തോന്നിച്ച അവിടുത്തെ റിഷപ്ഷനിസ്റ്റ്‌ തന്ന ഒറ്റ ഷേക്ക്‌ ഹാന്‍ഡില്‍ വീണുപോയ ഞാന്‍ അപ്പോള്‍ തന്നെ കൈയിലുണ്ടായിരുന്ന 50 രൂഫാ കൊടുത്ത്‌ രജിസ്റ്റര്‍ ചെയ്തുപോയി. ബാക്കിയുള്ള കാശ്‌ വീട്ടില്‍ വരെ വരാനുള്ള വണ്ടിക്കൂലിക്ക്‌ തികയാഞ്ഞതുകൊണ്ട്‌ ആറു കിലോമീറ്റര്‍ ദൂരെ തെക്കേമല ജംഗ്ഷനില്‍ ഇറങ്ങി, കെ.എസ്‌.ആര്‍.ടി.സി. ബസിന്റെ ഉയര്‍ന്ന യാത്രക്കൂലിയേയും, ഗതാഗത മന്ത്രിയുടെ വല്യപ്പൂപ്പന്മാരെയും ഒക്കെ അത്ര മോശമല്ലാത്ത തെറി വിളിച്ചു നടന്നു വരാന്‍ പ്രചോദനമായി നിന്നത്‌ ആ ഒറ്റ ഹസ്തദാനമായിരുന്നു.

പക്ഷേ ഹസ്തദാനത്തിന്റെ ആവേശം, കൊടുക്കേണ്ടുന്ന ഭീമമായ ഫീസിനും, മറ്റു ചിലവുകള്‍ക്കുമൊപ്പം തൂക്കി നോക്കി എന്റെ പിതാവെന്നെ ആദ്യമേ തോല്‍പ്പിച്ചു.

ഒടുവില്‍ ജുറാസിക്‌ പാര്‍ക്ക്‌ എന്ന സിനിമയില്‍ ദിനോസോറുകളെ ഉണ്ടാക്കിയിരിക്കുന്നത്‌ കമ്പ്യൂട്ടറിലാണെന്ന അറിവ്‌ കൈമുതലായായുണ്ടായിരുന്ന എന്റെ ചേച്ചിയെ മണിയടിച്ച്‌ അതിനേക്കാള്‍ വലിയ സംഭവം ഉണ്ടാക്കുന്ന വേഡ്സ്റ്റാറും, ലോട്ടസുമാ ഇത്ര ചുരുങ്ങിയ ഫീസില്‍ പഠിപ്പിക്കുന്നത്‌ എന്ന് കേന്ദ്ര നേതൃത്വത്തില്‍ റെക്കമന്‍ഡേഷന്‍ നടത്തിക്കുന്നതില്‍ വിജയിച്ചു ഞാന്‍.

എന്നെയും, ചേട്ടന്മാരെയും അപേക്ഷിച്ച്‌ ഒരു വിധം വിവരമുള്ളതും, സത്യവുമായ കാര്യങ്ങളേ ചേച്ചി സംസാരിക്കൂ എന്നൊരു ദുഷ്‌പേര്‌ അവളെപ്പറ്റിയുണ്ടായിരുന്നതിനാല്‍ പിന്നീടുള്ള കാര്യങ്ങള്‍ ഉമ്മന്‍ ചാണ്ടി സാര്‍ സ്വിറ്റ്‌സര്‍ലാന്‍ഡില്‍ മഞ്ഞില്‍ തെന്നി വീണപോലെ കണ്ണടച്ചു തുറക്കുന്ന വേഗതയിലായിരുന്നു. ഒരുപക്ഷേ ഭാവിയില്‍ ഏതെങ്കിലും സിനിമയില്‍ ദിനോസോറിനോടൊപ്പം സ്വന്തം മകന്റെ പേരെഴുതിക്കാണിക്കുന്ന ആ സുന്ദരദിനത്തിന്‌ ഒരു വിലങ്ങ്‌ തടിയാകണ്ടാ എന്നവര്‍ കരുതിക്കാണും.

ട്രെയിനിനോളം വരുമോ ട്രാന്‍സ്പോര്‍ട്ട്‌ ബസ്‌ എന്ന കാരണം മാത്രമായിരുന്നില്ല അതിനേക്കാളേറെ ഒരിക്കല്‍ എറണാകുളത്തുനിന്നും ചെങ്ങന്നൂര്‍ വരെയുള്ള ട്രയിന്‍ യാത്രയില്‍ ഞാന്‍ കണ്ട കുറേ ചെത്ത്‌ പയ്യന്മാരുടെയും പെണ്‍കുട്ടികളുടെയും ഒന്നിച്ചുള്ളയാത്രയായിരുന്നു, ഇലന്തൂര്‍ ജംഗ്ഷനില്‍ നിന്നും നേരിട്ട്‌ ഇന്‍സ്റ്റിട്യൂട്ടിന്റെ പടിക്കല്‍ വരെ ചെല്ലാന്‍ ബസുകളുണ്ടായിട്ടും അമ്പത്‌ കിലോമീറ്റര്‍ ദൂരമുള്ള കോട്ടയത്ത്‌ പോകാന്‍ ഇരുപത്‌ കിലോമീറ്റര്‍ അകലെയുള്ള ചെങ്ങന്നൂര്‍ വരെ മൂന്നു ബസുകള്‍ മാറിക്കേറിയും അവിടുന്ന്‌ ട്രെയിനിലും പോകാന്‍ എന്നെ പ്രേരിപ്പിച്ചത്‌. എന്നിട്ടും കൃത്യനിഷ്ടയില്‍ ഒന്നാമനായിരുന്ന ഞാന്‍ സ്റ്റേഷനില്‍ എത്തുമ്പോഴേക്കും ഏറ്റവും പുറകിലെ ബോഗിയിലെ മഞ്ഞ ഗുണനചിഹ്നവും, ലേശം വൈകിയെന്നതിന്റെ ചുരുക്കമായ LV എന്ന ബോര്‍ഡും അകന്നകന്ന്‌ പോകുന്നത്‌ മാത്രമേ മിക്ക ദിവസവും കണ്ടിരുന്നുള്ളൂ.

ട്രെയിനില്‍ യാത്രചെയ്യുന്ന എല്ലാ ആണ്‍പിള്ളേരോടും ആ ട്രെയിനില്‍ തന്നെ യാത്ര ചെയ്യുന്ന എല്ലാ പെണ്‍കുട്ടികളും മിണ്ടും എന്ന ചിന്ത വ്യര്‍ത്ഥമായിരുന്നു എന്നു മനസിലാക്കാന്‍ നീണ്ട രണ്ടു വര്‍ഷക്കാലവും, എന്റെ അപ്പന്‍ കാമധേനുവിനെ വിറ്റതിന്റെ പൈസയും ചിലവാക്കി തീര്‍ക്കേണ്ടിവന്നു.

പെണ്‍കുട്ടികളെ ഇമ്പ്രസ്‌ ചെയ്യിക്കാന്‍ ട്രയിനിന്റെ വാതുക്കല്‍ അലസമായി പുറത്തേക്ക്‌ ആഞ്ഞ്‌ പാട്ടു സീനുകളില്‍ കാണുന്ന ഷാരൂഖാനേപ്പോലെ യാത്രചെയ്യുക, എല്ലാ സ്റ്റേഷനിലുകളിലും ഇറങ്ങി റെയില്‍വേ ഡിവിഷനല്‍ മാനേജരുടെ സ്റ്റെയിലില്‍ എല്ലാ ബോഗികളും ചെക്ക്‌ ചെയ്യാനെന്നപോലെ അങ്ങേയറ്റം മുതല്‍ ഇങ്ങേയറ്റം വരെ അലഞ്ഞുതിരിഞ്ഞ്‌ നടക്കുക, ട്രയിന്‍ മൂവ്‌ ചെയ്യാന്‍ തുടങ്ങിക്കഴിഞ്ഞ്‌ മാത്രം ചാടിക്കേറുക, യേശുദാസിനെപ്പോലെയെന്ന്‌ പാടുന്ന ഞങ്ങള്‍ക്കും, സ്ഥിരമായി ട്രെയിനില്‍ കാണുന്ന പിച്ചക്കാരെപ്പോലെയെന്ന്‌ നാട്ടുകാര്‍ക്കും തോന്നുന്ന രീതിയില്‍ പാട്ടു പാടുക മുതലായ എല്ലാ കലാപരിപാടികളും ചെയ്തിട്ടും വായിനോക്കികളെന്നും അലവലാതികളെന്നും സ്വല്‍പം പ്രായമുള്ള സഹയാത്രികര്‍ക്ക്‌ തോന്നലുണ്ടാക്കാന്‍ മാത്രമേ അവയെല്ലാം ഉതകിയുള്ളു.

ഇത്തരം കലാപരിപാടികളെല്ലാം ചെയ്ത്‌ കഴിഞ്ഞ്‌ ബാക്കിയുള്ള സമയങ്ങളില്‍ അങ്ങോട്ടുമിങ്ങോട്ടും പാര വയ്ക്കുന്നതിലും ഞങ്ങള്‍ ശ്രദ്ധവച്ചുപോന്നിരുന്നു. അബദ്ധവശാലെങ്ങാനും മുണ്ടുടുത്തു വരുന്നവരുടെ മുണ്ടു പറിക്കുക, ടോയിലറ്റില്‍ കയറുന്നവരെ അതില്‍ തന്നെ നിര്‍ത്തുന്നതിനായി വാതില്‍ പുറത്തുനിന്ന്‌ വലിച്ചു പിടിക്കുക മുതലായവ അവയില്‍ ചിലത്‌ മാത്രം. ഞങ്ങളുടെ കൂട്ടത്തില്‍ ഏതു പാരകളും അവസാനം ചെന്നു ചേരാന്‍ ഏറ്റവും യോഗ്യനായിരുന്നു പിസി എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന തോമാച്ചന്‍. അവനെ കൂട്ടത്തില്‍കൊണ്ടു നടക്കുന്നതിന്റെ ഉദ്ദേശവും അതു മാത്രമായിരുന്നു.

സീസണുകളില്‍ ഞാന്‍ ഏറ്റവും വെറുക്കുന്നത്‌ ശബരിമല സീസണ്‍ ആയിരുന്നു. കുറുക്കുവഴിയായി പാളത്തിലൂടെ നടക്കുമ്പോള്‍ ഹിമാലയത്തില്‍ കയറുന്നതിനേക്കാള്‍ സൂക്ഷിച്ച്‌ ഓരോ കാലടികളും വച്ചില്ലെങ്കില്‍ സെപ്റ്റിക്‌ ടാങ്കില്‍ വീണ അവസ്ഥയില്‍ ആകും എന്ന പേടി മാത്രമല്ലായിരുന്നു അതിനേക്കാളേറെ, ഫെയര്‍ ആന്‍ഡ്‌ ലവ്‌ലിയും കുട്ടിക്കൂറയും അളവില്‍ കവിഞ്ഞ രീതിയില്‍ ഉപയോഗിച്ചാലും പാണ്ടി അയ്യപ്പന്മാരുടെ ഇടയില്‍ നിന്നാല്‍ എന്നെ പെട്ടെന്നൊന്നും തിരിച്ചറിയാന്‍ കഴിയില്ലായിരുന്നു എന്നതും ഒരു കാരണമായിരുന്നു.

അങ്ങനെയൊരു ശബരിമല സീസണില്‍ എല്ലാബോഗികളിലും കുറേ പാണ്ടി അയ്യപ്പന്മാരേയും, അറുപതു കഴിഞ്ഞ മാളികപ്പുറത്തമ്മമാരേയും കൊണ്ടു നിറഞ്ഞ വിരസമായ ഒരു ദിവസം മറ്റൊന്നും ചെയ്യാനില്ലാത്തതിനാലും, ഇന്‍സ്റ്റിട്യൂട്ടില്‍ ചെന്നാല്‍ പിന്നെ പെണ്‍കുട്ടികളൂടെ വായില്‍ നോക്കി നില്‍ക്കേണ്ട വിലപ്പെട്ട സമയം മൂത്രമൊഴിക്കാനായി കളയേണ്ടല്ലോ എന്നു കരുതിയും മാത്രമാണ്‌, ഓണക്കാലത്ത്‌ ഏഷ്യാനെറ്റില്‍ അഞ്ചു മിനിറ്റ്‌ പടവും പതിനഞ്ചു മിനിറ്റ്‌ പരസ്യവുമായി കാണിക്കുന്ന ആറാം തമ്പുരാന്‍ സിനിമ പതിനഞ്ചാം പ്രാവശ്യം കാണുന്നതിനേക്കള്‍ ക്ഷമയും സഹനശക്തിയും ഉള്ളവര്‍ക്കുമാത്രം ഉപയോഗിക്കാന്‍ കഴിയുന്നതും, കാമകലകളുടെ സചിത്ര വിവരണങ്ങളും പത്ത്‌ പതിനഞ്ചു ഐലവ്‌യൂകളെങ്കിലും ആലേഘനം ചെയ്തിട്ടുള്ളതുമായ ടോയിലറ്റില്‍ ഒന്നു പോയിക്കളയാം എന്നു ഞാന്‍ തീരുമാനിച്ചത്‌.

ടോയിലറ്റില്‍ കയറിക്കഴിഞ്ഞാല്‍ പിന്നെ ശ്വാസം അകത്തേക്കെടുക്കുന്നത്‌ ദുഷ്കരമായതിനാല്‍, ഹൂ ഹൂ ഹൂ ഹൂ .... എന്നു മാത്രം വരികളുള്ള ഏതു ട്യൂണിലും പാടാവുന്ന ഒരു പാട്ടും പാടി കാര്യം സാധിച്ച്‌ പുറത്തേക്കിറങ്ങിയ ആ നിമിഷമാണ്‌ പിസി തൊട്ടെതിര്‍ വശത്തെ ടോയിലറ്റിന്റെ വാതില്‍ പുറത്തേക്ക്‌ വലിച്ച്‌ പിടിച്ചിരിക്കുന്നത്‌ കണ്ടത്‌.

"ആരാടാ അകത്ത്‌ ... ?"

എന്ന എന്റെ ചോദ്യം കേട്ട്‌ തല തിരിച്ച്‌ എന്നെ കണ്ട പിസിയുടെ മുഖം വിളറി വെളുത്ത്‌, ഇന്‍ഡ്യന്‍ ടീമിന്റെ ബാറ്റിംഗ് കണ്ടുകൊണ്ടിരിക്കുന്ന കോച്ച്‌ ഗ്രെഗ് ചാപ്പലിന്റേതു പോലായത്‌ ‌ ഞാന്‍ അന്നേരം ശ്രദ്ധിച്ചില്ല.

ഞാനാണ്‌ ഉള്ളില്‍ എന്ന്‌ തെറ്റിദ്ധരിപ്പിച്ച്‌ ആ ടോയിലറ്റിന്റെ വാതില്‍ അവനേക്കൊണ്ട്‌ എന്റെ കൂട്ടുകാര്‍ വലിച്ച്‌ പിടിപ്പിക്കുകയായിരുന്നു എന്നതും ഞാന്‍ മനസിലാക്കിയില്ല.

അതിന്‌ മുന്‍പ്‌, "ഈശോയാടാ, ഒന്നു സഹായീര്‌" എന്നു അവന്‍ പറഞ്ഞു കേട്ടതിന്റെ ആവേശത്തില്‍, വേലിയേല്‍ വല്ല പാമ്പിന്റെ പടം കണ്ടാല്‍ പോലും ചുമ്മാ അങ്ങ്‌ എടുത്ത്‌ കോ.. കോ.. കോട്ടയത്ത്‌ കൊണ്ടു വയ്ക്കാന്‍ തയാറായി നടന്നിരുന്ന കാലവും, പ്രായവും ആയിരുന്നതിനാല്‍ ഞാനും അതിന്റെ വാതിലില്‍ പിടിച്ച്‌ വടം വലി മല്‍സരത്തില്‍ പങ്കെടുക്കുന്നപോലെ നടു വളച്ച്‌ സര്‍വ്വശക്തിയുമെടുത്ത്‌ പിസിയെ സഹായിക്കാന്‍ തുടങ്ങി .

ഞാന്‍ പിടിച്ച അതേ നിമിഷം പിസിയുടെ കൈ അയയുന്നതും അവനുള്‍പ്പെടെ എന്റെ കൂട്ടുകാര്‍ എല്ലാവരും പോലീസിനെ കണ്ട കുലുക്കിക്കുത്തുകാരെപ്പോലെ അടുത്ത ബോഗികളിലേക്ക്‌ വലിയുന്നതും കണ്ടപ്പോഴാണ്‌, അകത്തുണ്ടെന്നു പറഞ്ഞ ഈശോ ഒരാഴ്ചയായി ചിക്കന്‍ പോക്സ്‌ പിടിപെട്ടു കിടക്കുകയാണല്ലോ ദൈവമേ എന്ന ചിന്ത എനിക്കുണ്ടായത്‌.

പക്ഷെ അപ്പോഴേക്കും സമയം വളരെ വൈകിപ്പോയിരുന്നു. അതിന് മുന്‍പ്‌ “അയ്യോ, അമ്മാ, യാരെടാ, വിടര്‍‌റാ, കാലമാടാ, കാപ്പാത്തുങ്കോ” മുതലായ തമിഴ് വാക്കുകളുടെ അകമ്പടിയോടു കൂടി, ടോയിലറ്റില്‍ നിന്നും പേടിച്ചരണ്ട നിലവിളിരൂപത്തിലുള്ള ഒരു സ്ത്രീശബ്ദം , ട്രെയിനിന്റെ ശബ്ദത്തേക്കാള്‍ ഉച്ചത്തില്‍ ഉയര്‍ന്നു കേട്ട്‌ കുറേ പാണ്ടിയാന്മാരും, ദേശസ്നേഹമില്ലാത്ത കുറേ മലയാളികളും എന്റെ ചുറ്റും വന്നു കൂടി.

വാതിലില്‍ നിന്നും പിടി വിട്ട്‌ ഒന്നും അറിയാത്തതു പോലെ കൈയും തട്ടി പുറത്തേക്ക്‌ പോകാനുള്ള എന്റെ ശ്രമം വിഫലമായിപ്പോയി. അപ്പോഴേക്കും ജെല്ലിക്കെട്ടു മല്‍സരത്തില്‍ കാളയെപ്പോലും പിടിക്കുന്നതില്‍ എക്‍‌സ്‌പേര്‍ട്ടായിരുന്ന പാണ്ടിയാന്മാര്‍ എന്നെ പുല്ലുപോലെ പിടിച്ചുപൊക്കി നല്ല ചെന്തമിഴില്‍ എന്തൊക്കെയോ പറഞ്ഞു തുടങ്ങിയിരുന്നു.

തൃശൂര്‍ പൂരത്തിന്‌ കുടമാറ്റം വ്യക്തമായിക്കാണണം എന്ന ഒറ്റമോഹവുമായി അബദ്ധവശാല്‍ ആണുങ്ങടെ ഇടയില്‍ പെട്ടുപോയ മദാമ്മയ്ക്ക്‌ കേരള സംസ്കാരത്തെപ്പറ്റി ഒരു തീസീസ്‌ എഴുതാനും മാത്രമുള്ള വിവരം അഞ്ചേ അഞ്ചു മിനിറ്റു കൊണ്ട്‌ ഉണ്ടായതുപോലെ, അതിലും കുറവ്‌ സമയം മാത്രം ഒരു നിസാര ടോയിലറ്റില്‍ ചെലവഴിച്ചു കൊണ്ട്‌ തനിക്ക്‌ കേരള സംസ്കാരം മൊത്തത്തില്‍ മനസിലാക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ത്ഥ്യത്തില്‍ "ഉയിരെ പോനാലും റെയില്‍ വണ്ടിയിലെ കഴിവറെയില്‍ ഏറമാട്ടേന്‍" എന്ന ദൃഡപ്രതിജ്ഞ എടുത്ത മുഖഭാവവുമായി, എന്റെ അമ്മാമ്മയുടെ പ്രായമുള്ള ഒരു സ്ത്രീ ഞാന്‍ ചുറ്റും കേള്‍ക്കുന്ന തെറികളുടെ ഫീമെയില്‍ വോയിസില്‍ ഉള്ള ഒരു ട്രാക്കും പാടിക്കൊണ്ട്‌ എന്റെ മുന്‍പില്‍ വന്ന്‌ നിന്ന്‌ പുലയാട്ട്‌ തുടങ്ങി.

അപ്പോഴേക്കും ഒരഞ്ചാറ്‌ ബോഗിയില്‍ കൊള്ളാവുന്ന ആള്‍ക്കാര്‍ പീഡനക്കേസിലെ പ്രതിയെ കാണാനുള്ള ആകാംഷയോടെ വന്ന്‌, എന്നേയും ശരീരമേതാ, വസ്ത്രമേതാ എന്ന്‌ തിരിച്ചറിയാന്‍ കഴിയാത്തവിധം കറുത്തു നിന്നിരുന്ന ആ കെളവിയേയും നോക്കി "എന്നാലും ഈ ചെറുക്കന്‍ !!" എന്ന ഭാവത്തില്‍ മൂക്കത്ത്‌ വിരല്‍ വച്ച്‌ നിന്നു.

സംഗീത കച്ചേരി കേള്‍ക്കാന്‍ അബദ്ധവശാലെങ്ങാനും പോയാല്‍ വിവരമുള്ള ഏതെങ്കിലും കേള്‍വിക്കാരന്‍ പാട്ടുകള്‍ക്കിടയില്‍ പറയുന്ന പറയുന്ന ബലേ ഭേഷ്‌, സബാഷ്‌ മുതലായ വാക്കുകള്‍ മാത്രമേ ആകെ മൊത്തത്തില്‍ നമുക്കു മനസിലാവുകയുള്ളൂ എന്നപോലെ ആ തമിഴ്‌ പെരുമഴകള്‍ക്കിടയില്‍ നിന്നും ഉയര്‍ന്ന ഒന്നോ രണ്ടോ മലയാളം (?) വാക്കുകള്‍ മാത്രമേ എനിക്കു മനസിലായുള്ളൂ.

ഏതൊരു പെണ്ണിനെയെങ്കിലും ഒന്നു നോക്കുകയെങ്കിലും ചെയ്താല്‍ സാധാരണ ആദ്യം ഉല്‍ഭവിക്കാറുള്ള ആ ചോദ്യത്തിന്‌ ഞാന്‍, "അമ്മ വീട്ടിലുണ്ട്‌, പെങ്ങളെ പന്തളത്ത്‌ കെട്ടിച്ചു വിട്ടു" എന്ന സത്യസന്ധമായ ഉത്തരം എന്നാലാവുന്ന വിധം തമിഴില്‍ ട്രാന്‍സ്‌ലേറ്റ്‌ ചെയ്ത്‌ കരുതി വച്ചെങ്കിലും പറയേണ്ടി വന്നില്ല. അതിനു മുന്‍പ്‌ ട്രെയിന്‍ കോട്ടയത്ത്‌ നില്‍ക്കുകയും, അവിടെയിറങ്ങാനുള്ള യാത്രക്കാരുടേ തിരക്ക്‌ മുതലെടുത്ത്‌, ഒരു കൈകൊണ്ട്‌ മുഖം മറച്ച്‌ തിടുക്കത്തില്‍ ഞാന്‍ ഇറങ്ങി ഓടുകയും ചെയ്തു.

വീണ്ടും കാശു മുടക്കി കോട്ടയത്തു വന്ന്‌ എന്നെ തല്ലാനുള്ള തന്റേടം അവര്‍ക്കില്ലെന്നറിയാമാരുന്നെങ്കിലും, പിന്നീടുള്ള രണ്ടാഴ്ച ഞാന്‍ യാത്ര കെ.എസ്‌.ആര്‍.ടി.സി. ബസില്‍ ആക്കിയത് പേടിച്ചിട്ടൊന്നുമായിരുന്നില്ല, നഷ്ടത്തിലോടുന്ന നമ്മുടെ സംസ്ഥാന ഗതാഗത വകുപ്പിന്‌ നമ്മളെക്കൊണ്ടാകുന്ന പോലെ ഒരു സഹായം ചെയ്യാമല്ലോ എന്നു കരുതി മാത്രമായിരുന്നു.

എന്തായാലും ആ പാവം സ്ത്രീ പിന്നീടൊരിക്കലും ട്രെയിന്‍ ടോയിലറ്റില്‍ കയറിയിട്ടുണ്ടാകും എന്നെനിക്ക്‌ തോന്നുന്നില്ല. തമിഴ്‌ നാട്ടില്‍ ചെല്ലുന്നതു വരെ എങ്ങനെ പിടിച്ചു നിന്നു ആവോ .....

36 comments:

തമനു said...

ഒരു കത്തി കൂടി ...

കൂ കൂ കൂ കൂ ......

പുതിയ പോസ്റ്റ്

Rasheed Chalil said...

തമനുവേ കലക്കന്‍ പോസ്റ്റ്... സൂപ്പര്‍. കൊട് കൈ

asdfasdf asfdasdf said...

ha ha ha . athu kalakki

സുല്‍ |Sul said...

തമനുവേ സൂപര്‍...
എന്നാലും ഇത്ര വേണ്ടായിരുന്നു.

-സുല്‍

Anonymous said...

kalakkeeda mone..numatha...

Unknown said...

ഉത്തമന്‍ തന്നെ!!??:):)

തറവാടി said...

രസിച്ചു ,

ഇതുപ്പൊലുള്ളവ വായിക്കുമ്പോള്‍ എനിക്കെപ്പോഴും വരുന്ന ഒരു ചോദ്യമുണ്ട് , ഉപമകളുണ്ടായാലേ ചിരിപ്പിക്കാന്‍ പറ്റുള്ളൂ എന്ന ചോദ്യം :)

( ഇതില്‍ അധികം കണ്ടില്ലാ എന്നത് സത്യം)

ഇതൊരു വിമര്‍ശനമായിക്കാണാതിരിക്കൂ തമനു ,

പറഞ്ഞെന്നു മാത്രം ബൂലോകത്തെ ചിലരെപ്പോലെ , വേണമെങ്കില്‍ വായിച്ചാല്‍ മതി കഷ്ടപ്പെടണമെന്നില്ല എന്നാണെങ്കില്‍

ഞാന്‍ പറഞ്ഞതു മറന്നേക്കൂ :)

പട്ടേരി l Patteri said...

:))
O TO: ഇങ്ങനെയാണല്ലെ ഉത്തമ പുരുഷനായത് :-O
thaman + (u)= thanmanu
U + thaman= uthaman
:D
qw_er_ty

വിചാരം said...

തമനു...
മുണ്ടുടുത്തു വരുന്നവരുടെ മുണ്ടു പറിക്കുക.. ഈ അസുഖത്തെ മുരളീമാനിയ എന്നു പറയും
നിന്‍റെ തലയിലെ മുടി ഇത്ര പെട്ടെന്ന് കൊഴിഞ്ഞതെന്തുകൊണ്ടെന്ന് ഇപ്പോ മനസ്സില്ലായി ...
പിന്നെ നിന്‍റെ ചങ്ങാതിമാരെല്ലാം എവിടെ പോയി ... ഇതുപോലത്തെ നാലെഞ്ചെണ്ണം ഉണ്ടായാ മതി വേഗം തെക്കോട്ടെടുത്തോളും
വിവരണം അല്‍‍പ്പം കൂടെയെങ്കിലും സംഗതി ജോര്‍ ..

sandoz said...

തമനൂ....അമ്മാമ്മമാരുടെ തെറി വരെ കേട്ടിട്ടുണ്ടല്ലേ....അതും നല്ല ചെന്തമിഴില്‍.....ഹോ..ആലോചിച്ചിട്ട്‌ കുളിരു കോരണു......പോസ്റ്റ്‌ കൊള്ളാം ..ചിരിക്കാന്‍ വകുപ്പുണ്ട്‌....

[പോസ്റ്റുകള്‍ തമ്മില്‍ ഇത്ര ഗ്യാപ്പ്‌ വേണ്ടാട്ടോ.....]

Kaithamullu said...

.....”അമ്മ വീട്ടിലുണ്ട്‌, പെങ്ങളെ പന്തളത്ത്‌ കെട്ടിച്ചു വിട്ടു"

തമനൂ, ത്രീ ചീയേഴ്സ് ആന്‍ഡ് സെവന്‍ അപ്!

Sathees Makkoth | Asha Revamma said...

സിനിമ കാണാന്‍ പോയാല്‍ അതു കണ്ടിട്ട് നേരെ വീട്ടില്‍ പൊയ്ക്കോളണം. കഴിഞ്ഞ് പോയ കാര്യങ്ങള്‍ മറന്നേക്കൂ. ഇനിയെങ്കിലും അതോര്‍മ്മയിരിക്കുന്നത് നന്ന്.
കത്തിയൊന്നുമല്ല കേട്ടോ.കൊള്ളാം

സാജന്‍| SAJAN said...

എല്ലാരോടും..ഇതത്ര നിസ്സാരവല്‍ക്കരിക്കരുതു..
ഇങ്ങേരാളു ഒരു കൊച്ചു പീഡനക്കേസിലെ പ്രതിയാണു ...
ആ‍ അമ്മച്ചിയുടെ കഷ്ടകാലം...
ചിരിപ്പിച്ചു കേട്ടോ
:)

Areekkodan | അരീക്കോടന്‍ said...

കലക്കന്‍ പോസ്റ്റ്...

Ziya said...

തമനുവേ, കലക്കീട്ടാ...
ഇതു വായിക്കുന്ന നേരമത്രയും ഞാനോര്‍ത്തത് മൂന്നു കൊല്ലക്കാലം കായംകുളം>കോട്ടയം>കായംകുളം ഷട്ടിലിലും ഡേ എക്സ്പ്രെസ്സിലും സീസണ്‍ സഞ്ചാരിയായി ആര്‍മ്മാദിച്ച നാളുകളായിരുന്നു. അതൊന്നു ചെത്തിമിനുക്കി പോസ്റ്റണമെന്ന ഒരു വിചാരത്തിലിരി‍ക്കേമാരുന്നു. ങാ..സമയമുണ്ടല്ലോ...
ഇദാ ഒരു സാമ്പിള്‍പ്പാട്ട്‌-
ആലുവക്ക് യാത്ര ചെയ്യും സീസണ്‍ സഞ്ചാരീ
ക്രോസ്സിംഗ് കണ്ടു നീ ഭയപ്പെടണ്ട
മദ്രാസ് മെയിലിനെയും ബോംബേ ജയന്തിയേയും
നിയന്ത്രിപ്പാന്‍ കഴിവുള്ള സ്റ്റേഷന്‍ മാസ്റ്ററുണ്ട്...

തമനുവേ, വാക്യങ്ങളുടെ നീളം കുറക്കാന്‍ പറഞ്ഞാല്‍ കേള്‍ക്കില്യ ല്യേ..വായന ദുസ്സഹമാകുന്നു..തല ചുറ്റുന്നു...ശ്രദ്ധിക്കണം.

salim | സാലിം said...

പാണ്ട് ഇകളുടെ തലോടലിന്റെ സുഖം അറിയാന്‍ പറ്റീലല്ലെ ? സാരമില്ല ഇനിയും ട്രെയ്‌നില്‍ യാത്രചെയ്യുക തരാവും.
തമനൂ... കലക്കന്‍

മുസ്തഫ|musthapha said...

എന്നാലും ഹെടാ ഭീകരാ... :)

തമനു സത്യം സത്യമായിട്ട് പറ... അന്നു നന്നായി തടഞ്ഞതോണ്ടല്ലേ ഉത്തമന്‍ എന്നതു തല തിരിഞ്ഞ് തമനു ആയത് :)

ഒ.ടോ: പോസ്റ്റിന്‍റെ പേരും അടിപൊളി

അരവിന്ദ് :: aravind said...

തമനൂസ്...സൂപ്പറായിരിക്കുന്നു.
മാളികപ്പുറത്തിനെ കക്കൂസിനുള്ളില്‍ ഖൊരാവോ ചെയ്തതിന് ശബരിമലയില്‍ പോയി തങ്ക സൂര്യോദയം കാണുക. ശിക്ഷയായി അവിടത്തെ പ്രസാദമായ ഉണ്ണിയപ്പം മുപ്പതെണ്ണം ഇടവിടാതെ കടിച്ചു പൊട്ടിച്ചു ചവച്ചരക്കുക. പമ്പയില്‍ മുങ്ങി പ്രായശ്ചിത്തം തേടുക...(മഞ്ഞപ്പിത്തം കിട്ടും.)
(പിന്നെ, അറിയാലോ, നോയമ്പിന് മുടി നീട്ടി വളര്‍ത്തണം ട്ടാ.)

:-) ഠമാറ് സാതനം.

(പണ്ടെനിക്കും ഒന്നിങ്ങനെ പറ്റിയതാ...റെയില്‍‌വേ സ്റ്റേഷനില്‍. പക്ഷേ കുറ്റിയില്ലാത്ത വാതില് വലിച്ചടച്ച് പിടിച്ച് അകത്താളൊണ്ടേ...എന്ന് കരഞ്ഞത് അകത്ത് നിന്നിരുന്ന ഞാനായിരുന്നൂന്ന് മാത്രം)

Unknown said...

തമനുച്ചായാ,
കലക്കീട്ട്ണ്ട്. :-)

G.MANU said...

super..mr.ilanthoor

Mubarak Merchant said...

എന്താ അലക്ക് ... ആഹഹ!!
തമനുച്ചേട്ടന്‍ വാതില്‍ വലിച്ചുപിടിക്കല്‍ ഏറ്റെടുത്തതും മറ്റുള്ളവര്‍ മുങ്ങിയതും വായിച്ച് ചിരിച്ചു ചിരിച്ചെന്റെ ശ്വാസനാളവും അന്നനാളവും കൂടിപ്പിരിഞ്ഞ് പണ്ടാ....റടങ്ങി. ഹഹഹ
അടുത്ത കത്തി പെട്ടെന്ന് പോരട്ടെ.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ആദ്യ കമന്റ് കണ്ടപ്പോഴേ ശ്രദ്ധിച്ചു. കുറച്ച് തിരക്കായതോണ്ട് വായിക്കാന്‍ പറ്റീല. ചറപറാ കമന്റു വരുന്നതു കണ്ടിട്ട് ഇരിക്കപ്പൊറുതിയില്ല. വന്നു , വായിച്ചു.

എന്നിട്ടെങ്ങനെയാ ഇറങ്ങിയോടിയപ്പോള്‍ “ കൂ കൂ “ ന്ന് ശരിക്കും കേട്ടോ അതോ ചെവീം പൊത്തിയാ ഓടിയതു?

Anonymous said...

തമനു, നല്ല പോസ്റ്റ്.
വരികള്‍ നീളം കൂടുന്നത് വായനയുടെ രസം കുറക്കുന്നു. ശ്രദ്ധിക്കുമല്ലോ?

-ഇടിവാള്‍-

അപ്പു ആദ്യാക്ഷരി said...

യേശുദാസിനെപ്പോലെയെന്ന്‌ പാടുന്ന ഞങ്ങള്‍ക്കും, സ്ഥിരമായി ട്രെയിനില്‍ കാണുന്ന പിച്ചക്കാരെപ്പോലെയെന്ന്‌ നാട്ടുകാര്‍ക്കും തോന്നുന്ന രീതിയില്‍ പാട്ടു പാടുക

എന്റണ്ണാ...കിടിലോല്‍ക്കിടിലം.

Haree said...

കലക്കീട്ടോ... :)
--

പ്രതിഭാസം said...

പീഡനപ്രതീ... കലക്കീട്ടോ!!!
ആ വാതില്‍ വലിച്ചു പിടിചള്ളല നില്‍പ്പും അതു കഴിഞ്ഞുള്ള പകപ്പുമോര്‍ത്തിട്ടു ചിരി നില്‍ക്കുന്നില്ല!
കിടിലന്‍ മാഷേ...

ഏറനാടന്‍ said...

താനാണല്ലേ ട്രെയ്‌നില്‍ ഒന്നിന്‌ സമ്മതിക്കാത്ത തമനൂഊഊ...

തമനൂ എപ്പഴാ നാട്ടില്‍ പോണത്‌? ഏതു റൂട്ടിലായിരിക്കും യാത്ര? അല്ലാ ചുമ്മാതൊന്ന്‌ കാണാലോ പ്രകടനം..

:)
(ഉപമകള്‍ അളവുതൂക്കിയിട്ടാല്‍ നല്ലതല്ലേ?)

മറ്റൊരാള്‍ | GG said...

...ലേശം വൈകിയെന്നതിന്റെ ചുരുക്കമായ LV എന്ന ബോര്‍ഡും അകന്നകന്ന്‌ പോകുന്നത്‌ മാത്രമേ മിക്ക ദിവസവും കണ്ടിരുന്നുള്ളൂ.........

ഇതൊക്കെ തന്നെയായിരുന്നു തമനൂ എന്റേയും അവസ്ഥ.പതിനഞ്ച്‌ മിനിറ്റ്‌ വൈകിയാല്‍ കമ്പ്യൂട്ടര്‍ ക്ലാസ്സില്‍ കയറ്റില്ല. പിന്നെ ബസ്സില്‍ വച്ചുണ്ടായ സമാനസംഭവം ഓര്‍ക്കുമ്പോള്‍ ഇപ്പോള്‍ക്കൂടി പേടിയാകുന്നു...
നല്ല അവതരണം... ഒരു ഓര്‍മ്മപുതുക്കല്‍.... നന്ദി....

പതാലി said...

തമനൂ....
അമ്മാണേ... പൊളപ്പന്‍ കേട്ടാ...
ആളു പുലിയാണു കേട്ടാ.. ഒരു സിങ്കം!!!

Kiranz..!! said...

കേരളത്തിലെ അമ്മമാരുടേയും പെങ്ങന്മാരുടേയും മാനം കാക്കാന്‍ നമ്മുടെ തര്യനെ വിജയിപ്പിച്ച് ഡല്‍ഹീയിലേക്കയക്കുക എന്നതോര്‍മ്മവരുന്നു,തമന്റെ ഓരോ പോസ്റ്റുകളും കഴിയുമ്പോള്‍,ഇലന്തൂര്‍ നിന്നും ആരോ ടിക്കറ്റ് എടുത്ത് ദുബായിക്ക് കേറ്റി വിട്ടത് കാരണം ഇന്നിതൊക്കെ എഴുതാം :).അനുഭവങ്ങളുടെ ചായം ഉള്ളത് കാരണം എല്ലാം കലക്കന്‍ ആവുന്നുണ്ട് .പാണ്ടിത്തള്ളയുടെ തേമ്പ് തലക്കാണേന്നു തോന്നുന്നു കിട്ടിയത് അല്ലിയോ ? :)

ദേവന്‍ said...

ഹ ഹ
തമനുവേ, ഇതിപ്പോഴാ കണ്ടത്‌. ചിരിച്ച്‌ ഉറക്കം വന്നത്‌ പോയിക്കിട്ടി!

അയ്യപ്പന്മാരും മാളികപ്പുറങ്ങളും കൂടി കമ്പാര്‍ട്ടുമെന്റില്‍ ജല്ലിക്കെട്ടു നടത്തുമ്പോള്‍ കൂട്ടില്‍ വീണ വെരുകിനെപ്പോലെ പായുന്ന തമനു! ആഹാ പ്രമാദമാന സീന്‍. ഇടിയെല്ലാം സാമി സരണം എന്നു വിളിച്ചു തന്നെ ആയിരുന്നെങ്കില്‍ കുറച്ചൂടെ ഡീസന്‍സി ഉണ്ടായിരുന്നു. മലക്കു പോകുമ്പോ ലതു വിളിച്ചുകൊണ്ട്‌ ഇടിക്കുകയെന്നു വച്ചാല്‍..അല്ലെങ്കിലും പാണ്ടികള്‍ ശരിയല്ല.

അല്ലാ ഇവന്മാരു അപ്പോ പള്ളിക്കെട്ട്‌ ശബരിമലക്ക്‌ എന്നല്ലേ പാടുന്നത്‌ ജല്ലിക്കെട്ട്‌ ശബരിമലക്ക്‌ എന്നായിരുന്നോ? ഞാന്‍ കേട്ട്‌ തെറ്റി കേട്ടതായിരുന്നു ഇത്രയും കാലം.

കരീം മാഷ്‌ said...

കുറെ മുന്‍പു വായിച്ചിരുന്നു. വിശദമായി കമണ്ടിടണം എന്നു കരുതി വെച്ചതായിരുന്നു.
നന്നായിട്ടുണ്ട്.
വാചകങ്ങള്‍ ശൃഖലയാകുന്നതു രസം കെടുത്തും.
ഉപമകള്‍ നല്ലത്. ഉപമ സാഹചര്യത്തിനോട് ലയിച്ചു ചേരുമ്പോള്‍ അറിയാതെ ചിരിവരും.വിശാലന്റെ കൊടകരപുരാണത്തിലെ പോലെ.
എന്തൊക്കെയായാലും കലക്കന്‍ അനുഭവങ്ങള്‍ തന്നെ.
അടുത്തതെന്നാ!

Visala Manaskan said...

'ട്രെയിനില്‍ യാത്രചെയ്യുന്ന എല്ലാ ആണ്‍പിള്ളേരോടും ആ ട്രെയിനില്‍ തന്നെ യാത്ര ചെയ്യുന്ന എല്ലാ പെണ്‍കുട്ടികളും മിണ്ടും എന്ന ചിന്ത വ്യര്‍ത്ഥമായിരുന്നു'

തമനു, രസികന്‍ പോസ്റ്റ്. കുറെ കലക്കന്‍ ഐറ്റംസ്. വളരെ ഇഷ്ടമായി.

ചാലക്കുടിയില്‍ ദന്ത ഡോക്ടറെ കാണാന്‍ പോയപ്പോള്‍, ബില്‍ഡിങ്ങിലെ ബാത്ത് റൂം കുറെ നേരമായിട്ടും തുറക്കാതെ വന്നപ്പോള്‍ തട്ടി വിളിച്ചു. എന്നിട്ടും തുറക്കാതെ വന്നപ്പോള്‍ ഒരു നമ്പറിട്ടു.

‘മര്യാദക്ക് വാതില്‍ തുറന്നില്ലെങ്കില്‍.. ചവിട്ടിപ്പോളിക്കും’

എന്ന് പറഞ്ഞു. ചുമ്മാ.

അപ്പോള്‍ അതിന്റെ ഉള്ളീന്ന് ഒരാള്‍ തുണിയും പൊക്കിപ്പിടിച്ച് വന്ന് പറഞ്ഞു.

‘എന്നാലതൊന്ന് കാണണമല്ലോ‘ എന്നും പറഞ്ഞ്.

Anonymous said...

kollam ... Fair&lovllyum ,Cutcureyum... pandi ayyappnamarude kalarum...oh thamanuvine swatham colorine patty enthoru mathippe....

Pramod.KM said...

യാഥാറ്ഥ്യമുള്ള പോസ്റ്റ് ആയതിനാലാവാം നല്ല ആസ്വാദ്യത!.
ട്രെയിന്‍ അനുഭവങ്ങള്‍ വായിച്ചപ്പോള്‍, എന്റെ(ആദ്യമായും അവസാനമായും)ടിക്കറ്റെടുക്കാതെ കൊച്ചിയില്‍ നിന്നും കണ്ണൂരിലെക്കുള്ള യാത്രക്കിടയില്‍ ഞാന്‍ അതു വരെ കണ്ടിട്ടില്ലായിരുന്ന ടി.ടി.ആറിനെ നേരിട്ടു കാണാനും പരിചയപ്പെടാനും നിറ്ഭാഗ്യമുണ്ടായ അനുഭവം ഓറ്ത്തു പോയി.

ആളവന്‍താന്‍ said...

ഹഹഹ