നില്‍ക്കുന്നത് ഇലന്തൂര്‍ ജംഗ്ഷനില്‍ ആണെന്ന സത്യം ഒരു നിമിഷം മറന്ന ഞാന്‍ ഉറക്കെ വിളിച്ചു പറഞ്ഞു പോയി..
താമസാ വരാ കുര്‍വണാ..
തണുപ്പുകാലത്ത് കാശ്മീരില്‍ ചെന്നു ഷൂവിടാതെ സിമന്റ് തറയില്‍ ചവിട്ടിയതു പോലെ ശശിക്കുട്ടന്‍ ഒന്നു ഞെട്ടി, പിന്നീട് അതിര്‍ത്തിയില്‍ ചീറിപ്പാഞ്ഞ് വരുന്ന വെടിയുണ്ടകള്‍ക്ക് മുന്നില്‍ വിരിമാറ് കാട്ടുന്ന പട്ടാളക്കാരന്റെ ആവേശത്തോടെയും, എന്നാല്‍ നില്‍ക്കുന്നത് അതിര്‍ത്തിയില്‍ അല്ലെന്നും വിളിച്ചവന്‍ പാകിസ്ഥാനി അല്ലെന്നും മനസിലാക്കിയതിന്‍ മൂലം, വിരിമാറിന് പകരം മറ്റെന്തെങ്കിലും കാട്ടിയാലും മതി എന്ന വിശ്വാസത്തോടെ ദേണ്ടെടാ എന്ന ഡയലോഗിന്റെ അകമ്പടിയോടെ മുണ്ടുയര്‍ത്തിക്കൊണ്ട് ഞങ്ങടെ നേരെ തിരിഞ്ഞു..
പണ്ട് സ്വതന്ത്രനായി മാത്രം നടന്നിരുന്ന ഇവനു സാംസ്കാരികാവബോധം കൂടിയിട്ടില്ലെങ്കില്‍, ആപ്പിള് തിന്നുന്നേന് മുന്‍പ് ദൈവത്തിനു മുന്‍പില്‍ ആദാം നിന്ന പോലെ ഇവന്‍ എന്റെയും, കുടുംബത്തിന്റേം മുന്നില്‍ നിന്നേക്കും എന്ന പേടിയില്‍ അരുതേ എന്ന അഭ്യര്‍ത്ഥനയോടെ, കളരിപ്പയറ്റ് തുടങ്ങുന്നതിന്‍ മുന്‍പ് കാണിക്കുന്ന വന്ദനം പോലൊരു പോസില്‍ ഞാന്‍ ശശിക്കുട്ടന്റെ മുന്നില്‍ ചാടി വീണ് രണ്ട് നിമിഷം സ്റ്റില്‍ ആയി നിന്നു.
എന്നെ കണ്ടതിന്റെ സന്തോഷവും, എന്റെ കൂടെയുണ്ടായിരുന്ന എന്റെ ഭാര്യയും കുഞ്ഞും ഇപ്പോ സ്ട്രിപ് ഡാന്‍സ് കണ്ടേനേമല്ലൊ എന്ന ഒരു ചമ്മലും, ഉറയില്‍ നിന്നൂരിക്കഴിഞ്ഞാല്‍ പിന്നെ ചോര കണ്ടേ കത്തി തിരിച്ചിടൂ എന്ന് വാശിയുള്ള ഗൂര്‍ഖകളെപ്പോലെ പൊക്കിയ മുണ്ട് ആരെയെങ്കിലും കാണിക്കാതെ എങ്ങനാ ഒന്ന് താത്തിടുക എന്ന വിഷമവും അടങ്ങിയ ഒരു മിക്സ് വികാരം ശശിക്കുട്ടന്റെ മുഖത്ത്, ബാലെകളില്‍ ഭഗവാന്‍ പ്രത്യക്ഷപ്പെടുമ്പോള്‍ പട പടാ അടിക്കുന്ന ഫ്ലാഷ് ലൈറ്റുകള്‍ പോലെ മിന്നി മറഞ്ഞു.
ആ സമയത്തായിരുന്നു ഇലന്തൂര്‍ ജംഗ്ഷനില്‍ നിര്‍ത്താതെ പോയ ഒരു ട്രാന്‍സ്പോര്‍ട്ട് ബസിന്റെ പുറകെ ഓടിയ ഒരു പാവം റോഡ് പണിക്കാരന്‍ തമിഴന്‍ ശശിക്കുട്ടന്റെ തൊട്ട് മുന്‍പില്‍ വരെ ഓടി വന്നതും, ബസ് നിര്‍ത്താഞ്ഞതില്‍ എനിക്ക് ചമ്മലൊലൊന്നും ഇല്ല കേട്ടോ എന്നറിയിക്കാനായി ഞങ്ങളുടെ മുഖത്തേക്ക് ഒന്ന് നോക്കിയതും. തേടിയ വള്ളി കാലേ ചുറ്റിയ സ്ഥിതിക്ക് കുരുങ്ങി താഴെ വീഴുന്നതിന്‍ മുന്‍പ് കാണിച്ചേക്കാം എന്ന ആശ്വാസത്തില്‍ ആ പാവം തമിഴനെ വിശാലമായി തന്നെ ശശിക്കുട്ടന്‍ മുണ്ട് പൊക്കി കാണിച്ചു.
"ശൂന്യാകാശത്തോ അറബിക്കടലിലോ ... എന്തരായാലും പണ്ടാരം ഇവിടുന്നൊന്ന് പോയിക്കിട്ടീല്ലൊ" എന്ന ആശ്വാസത്തില്‍ റോക്കറ്റ് വിട്ടേച്ച് നില്‍ക്കുന്ന ശാസ്ത്രജ്ഞനെപ്പോലെ, മുണ്ടൊക്കെ താത്തിട്ട് സ്നേഹത്തോടെ ചിരിച്ചു കൊണ്ട് ശശിക്കുട്ടന്‍ മന്ദം മന്ദനായിട്ട് എന്റടുത്തേക്ക് നടന്ന് വന്നപ്പോ 'ദ് എന്തിനാപ്പൊ എന്നെ കാണിച്ചേ' എന്ന് നല്ല ചെന്തമിഴില്‍ ചിന്തിച്ചു കൊണ്ട് കവിളില്‍ വിരല്‍ വച്ച് അന്തം വിട്ട് നില്‍ക്കുകയാരുന്നു പാവം ആ തമിഴ്‌മകന്‍.
അടുത്ത ബസിനു പുറകേ ഓടാനായി ബസ്റ്റോപ്പിലേക്ക് നടക്കുന്നതിനിടയിലും കണ്‍ഫ്യൂഷനോടെ രണ്ട് മൂന്ന് തവണ ഞങ്ങളെ തിരിഞ്ഞു നോക്കിയ ആ പാവം തമിഴന്റെ മുഖത്ത് "നീ എന്നേലും അസ്തമയം കാണാന്‍ അങ്ങ് കന്യാകുമാരീലോട്ട് വാടാ ... അന്നു നിന്നെ എടുത്തോളാം" എന്നൊരു ഭാവമുണ്ടായിരുന്നു.
പാണ്ടി മകനെ അവന്റെ വഴിക്ക് വിട്ട് ശശിക്കുട്ടന്റെ നേരെ തിരിഞ്ഞപ്പോള്‍ എന്റെ മനസില്‍ ഒന്ന് രണ്ട് ഫ്ലാഷ് ബാക്കുകള്‍ കെടന്ന് ഓടിക്കളിക്കുകയായിരുന്നു. എന്റെയും അവന്റെയുംചുണ്ടില്‍ ഓരോ പുഞ്ചിരിയും.
***********
ആര്യന്‍ സിനിമ കണ്ട കാലം തുടങ്ങിയ മോഹമായിരുന്നു ശശിക്കുട്ടന് വളര്‍ന്ന് വരുമ്പോ ബോംബെയിലേ ഒരു ദാദ ആവണം എന്നുള്ളത്. എന്റെ ചേച്ചിയുടെ കൂടെയും, ചേട്ടന്മാരുടെ കൂടെയും ഒക്കെ ഒരേക്ലാസില്‍ പഠിച്ചിട്ടുള്ളവനാകയാല്‍, ഇവനിനി വളര്‍ന്ന് വന്ന് ദാദയാവുമ്പോഴേക്കും ബോംബെയൊക്കെ അവിടെത്തന്നെ കാണുമോ എന്ന് പലപ്പോഴും എനിക്ക് സംശയം ഉണ്ടാവാറുണ്ടായിരുന്നു.
പക്ഷേ അതു ചോദിക്കാന്‍ ഒക്കില്ലായിരുന്നല്ലോ. ബോംബെയിലെ അല്ലെങ്കിലും, ക്ലാസിലെയും സ്കൂളിലെയും ദാദ ആയിരുന്നു ശശിക്കുട്ടന്‍. ചേട്ടന്മാരുടെ കൂട്ടുകാരന്‍ ആയതു കൊണ്ടാവും എന്നോട് മാത്രം ഒരു സോഫ്റ്റ് കോര്‍ണര്‍. പ്യൂണ്‍ മറന്നു പോയാല്‍ കൃത്യ സമയത്ത് മണിയടിക്കുക, കൊടിയുടെ നിറം നോക്കാതെ എല്ലാ സമരങ്ങളിലും മുന്‍പന്തിയില്‍ നില്‍ക്കുക, കേരള സര്‍ക്കാര്‍ ചിന്തിച്ചു തുടങ്ങുന്നതിന്‍ മുന്‍പ് തന്നെ ലൈംഗിക വിദ്യാഭ്യാസത്തിന്റെ ആവശ്യകത മനസിലാക്കി ഒഴിവു സമയങ്ങളില്‍ ഞങ്ങള്‍ക്ക് ക്ലാസെടുക്കുക, അതിന്റെ റെഫറന്‍സ് ഗ്രന്ഥങ്ങള്‍ ശേഖരിക്കുക മുതലായ കലാപരിപാടികള്‍ ശശിക്കുട്ടനെ ഞങ്ങളുടെ എല്ലാം ഹീറോ ആക്കി മാറ്റിയിരുന്നു.
പാഠപുസ്തകം കിട്ടാന്‍ താമസിച്ച കാരണത്താല്‍ ചെയ്ത സമരത്തില്‍ പോലും ശശിക്കുട്ടന്‍ വിളിച്ച "കുത്തിയ കത്തിയതൂരും മുന്‍പേ, അക്കൈ വെട്ടും, അവനേത്തട്ടും , കുത്തിക്കീറും കട്ടായം" എന്ന മുദ്രാവാക്യം ഏറ്റു വിളിച്ച എന്നെപ്പോലെ കുരുട്ട് ബുദ്ധിയുള്ള കുറെപ്പേരെങ്കിലും "ആരെയാണാവോ കുത്തിയെ" എന്ന് ചിന്തിച്ചു കുറേക്കാലം നടന്നിട്ടുണ്ട്. ഒടുവില്‍ പാഠപ്പുസ്തകം കുത്തിക്കെട്ടിയ ആരെങ്കിലും ആയിരിക്കും എന്നായിരുന്നു സമാധാനിച്ചത്.
പത്താം ക്ലാസ് പരീക്ഷയില്‍ 210 മാര്‍ക്ക് കിട്ടിയിട്ടും ജയിപ്പിച്ചില്ല എന്ന കാരണത്താല്‍ ഹെഡ്മാസ്റ്ററെ തല്ലാന്‍ പോയ ശശിക്കുട്ടനെ കാത്ത് വിശ്വന്റെ കടയുടെ പുറകില്‍ ഞങ്ങളെല്ലാരും ഉണ്ടായിരുന്നു. മടങ്ങി വന്നപ്പോഴും ഹെഡ്മാസ്റ്റര്‍ ചിരിച്ച പൊട്ടിച്ചിരിയുടെ അര്‍ത്ഥം ശശിക്കുട്ടനും, ബുക്ക് നോക്കുന്നത് വരെ ഞങ്ങള്‍ക്കും മനസിലായിരുന്നില്ല, . അതിലുണ്ടായിരുന്നത് 120 മാര്‍ക്കായിരുന്നു. അതു ചൂണ്ടിക്കാണിച്ച ഞങ്ങളോട് "ഓ അത് 210 ന്ന് അല്ല വായിക്കുന്നത് അല്ലേ" എന്ന് ചോദിച്ച ശശിക്കുട്ടന്റെ മുഖം ഉണ്ണിയേശുവിന്റെ മുഖം പോലെ നിഷ്കളങ്കമായിരുന്നു !!!!
ആ ആഴ്ചയില്‍ തന്നെ ശശിക്കുട്ടന്‍ ബോംബെയ്ക്ക് വണ്ടി കയറി. അന്ധേരിയിലുള്ള അമ്മാവന്റെ മോന്റെ കൂടെ താമസിക്കാന്‍ പോയ ശശിക്കുട്ടന്‍ ധാരാവിയില്‍ താമസിക്കാന്‍ മുറി കിട്ടുമോ എന്നായിരുന്നു ആദ്യം ചോദിച്ച ചോദ്യം. അവിടെയാണത്രേ ദാദായാകാനുള്ള പരൂക്ഷ നടത്തുന്നത് !!!.
ശശിക്കുട്ടന്റെ വീര കഥകള്‍ കേള്‍ക്കാത്ത പകലുകള്‍ ഞങ്ങള്‍ അതിരാവിലെ താലി കെട്ടിയ ചെക്കനെപ്പോലെ ബുദ്ധി മുട്ടി തള്ളി നീക്കി. ഒരാഴ്ച കഴിഞ്ഞപ്പൊ ശശിക്കുട്ടനെപ്പറ്റി വല്ല വിവരോം ഉണ്ടൊ എന്ന് തിരക്കാനായി അവന്റെ വീട്ടില്‍ ചെന്ന ഞങ്ങളെ അവന്റെ അച്ചന്‍ ഒരു കത്തെടുത്ത് കാണിച്ചു. പണ്ടത്തെ ഏഴാം ക്ലാസ്‌കാരനായിരുന്ന അദ്ദേഹം പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും വായിച്ചെടുക്കാന്‍ കഴിയാത്ത ഒരു വാചകം അതിലുണ്ടായിരുന്നു. അതായിരുന്നു "താമസാ വരാ കുര്‍വണാ".
ഞങ്ങളെല്ലാവരും തലപുകച്ചും, കുറച്ചു പേരൊക്കെ ബീഡി പുകച്ചും വളരെ ദിനങ്ങള്‍ ആലോചിച്ചു. എന്നിട്ടും ആ വാക്യങ്ങള്‍ ഞങ്ങളുടെ മുന്‍പില്‍ ഡീകോഡ് ചെയ്യാന്‍ വയ്യാത്ത ഒരു രഹസ്യം പോലെ നിന്നു.
ആ രഹസ്യം ഡീകോഡ് ചെയ്യാന്‍,ആറ് മാസത്തിന് ശേഷം ഉള്ള ഒരു ഞായറാഴ്ച, ശശിക്കുട്ടന്‍ തിരികെ ഇലന്തൂരില്‍ എത്തേണ്ടി വന്നു. അതും ബോംബെയിലെ പ്രമുഖരായ ദാദാമാരെ ആരെയും കിട്ടാത്തതിനാല്‍ ഏതോ പാവം പിടിച്ച മറാട്ടിയുടെ പുറത്തു കേറിയതിന്‍ ഫലമായുണ്ടായ സംഘട്ടനത്തിന്റെ പ്രത്യാഘാതങ്ങളില്‍ നിന്നും രക്ഷപെടാനായി ഒടിഞ്ഞ കൈയും, പ്ലാസ്റ്ററിട്ട കാലും, പൊഴിഞ്ഞ രണ്ട് പല്ലുകളും, തലയില്‍ ഒരു കെട്ടുമായി നാട്ടിലേക്ക് എത്തിയ അവസരത്തില്‍.
ഒരു പത്തു നില കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണാല്‍ ഉണ്ടായേക്കാവുന്നത്ര പരിക്കുകളോടെ കിടന്നിട്ടും ശശിക്കുട്ടനടിച്ച ദാദയ്ക്ക് എന്തു പറ്റി എന്ന് കേള്‍ക്കാനായിരുന്നു ഞങ്ങള്‍ക്ക് താല്‍പര്യം.
"ഓ എന്തോന്ന് പറ്റാന്‍ .. അയാള്‍ പിറ്റെ ദിവസം ജോലിക്ക് പോയിക്കാണും" എന്നുള്ള ശശിക്കുട്ടന്റെ ദയനീയമായ ഉത്തരം പോലും ഞങ്ങള്‍ക്ക് ശശിക്കുട്ടനോടുള്ള ആരാധനയ്ക്ക് കുറവൊന്നും വരുത്തിയില്ല.
ആ കെടന്ന കെടപ്പില്‍ തന്നെയാണ് കത്ത് കാണിച്ച് ഇതെന്താണ് ശശിക്കുട്ടാ എഴുതിയേക്കുന്നത് എന്നു ഞങ്ങള്‍ ചോദിച്ചതും.ശശിക്കുട്ടന്റെ ഉത്തരവും പെട്ടെന്നായിരുന്നു..
"താമസ സൗകര്യം കുറവാണ് എന്നല്ലേ"
അപ്പോഴും ശശിക്കുട്ടന്റെ മുഖം ഉണ്ണിയേശുവിനെപ്പോലെ നിഷ്കളങ്കമായിരുന്നു. കെടപ്പ് കാറ്റടിച്ച് ഒടിഞ്ഞ് വീണ ഏത്ത വാഴപോലായിരുന്നെങ്കിലും.
*************
ഞങ്ങളുടെ നാട്ടിലെ ഒരു പ്രമുഖ പെരുനാളായിരുന്നു മഞ്ഞിനിക്കര പെരുനാള്‍. ഇലന്തൂരിനു 6 കിലോമീറ്റര്‍ ദൂരയുള്ള മഞ്ഞിനിക്കര പള്ളിയില്‍ മരിച്ച് അടക്കിയിരിക്കുന്ന ഒരു വിശുദ്ധ തിരുമേനിയെ കാണാന്‍ മലബാര്‍ മുതല്‍ ഇങ്ങ് ചങ്ങനാശേരി വരെയുള്ള ഭക്തര്‍ കാല്‍ നടയായി പോകുന്നതാണ് ഈ പെരുനാളിന്റെ ഏറ്റവും പ്രത്യേകത. അത് ഞങ്ങടെ നാട്ടിലൂടെയാണ് എന്നതാണ് ഞങ്ങളുടേ ഏറ്റവും വലിയ സന്തോഷം.
അന്ന് രാവിലെ മുതല്‍ വൈകിട്ട് വരെ റോഡ് നെറഞ്ഞ് കവിഞ്ഞ് "മഞ്ഞിനിക്കര തിരുമേനീ ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കേണമേ" എന്ന പ്രാര്‍ത്ഥനയുമായി ജനം ഒഴുകുകയായിരിക്കും. ജാതി മത ഭേദമെന്യേ ആരുടെ വീട്ടിലും പദയാത്രികര്‍ക്ക് കയറി പ്രാഥമിക കര്‍മ്മങ്ങള്‍ നിര്‍വഹിക്കുകയും, കുളിക്കുകയും, ഭക്ഷണം പാകം ചെയ്യുകയും, കുറച്ചു നേരം വിശ്രമിക്കുകയും ചെയ്യാം. എല്ലാവരും ഒരുപോലെ അവരെ സ്വീകരിക്കുകയും ചെയ്യും. ഒരു നാല് മണിയോടു കൂടി വലിയ ജാഥ കടന്നു പോകുന്നതോടെയാണ് ആ തിരക്ക് അവസാനിക്കുക.
മഞ്ഞിനിക്കര പെരുനാളിന് ജാതി മത ഭേദമെന്യേ യുവജങ്ങള്‍ക്കുള്ള പ്രധാന ഇന്ററസ്റ്റ്, അങ്ങ് മലബാറീന്ന് ഇറങ്ങിയപ്പോ സാനിയയെ പോലെയും, ഒരാഴ്ചയായി നടന്നിങ്ങ് വന്നപ്പോഴേക്കും സെറീനയെ പോലെയും ആയിപ്പോയ പീസുകളാലും, തലേദിവസം നടക്കാന്‍ തുടങ്ങിയ ചങ്ങനാശേരി, കോട്ടയം, എറണാകുളം ഭാഗത്തു നിന്നുള്ള ഫ്രഷ് കളറുകളാലും സമൃദ്ധമാണ് ഈ പദയാത്ര എന്നുള്ളതാണ്.
അന്ന് ഇലന്തൂരെ കുട്ടികളൊന്നും പഠിക്കാന്‍ പോകാറില്ല,പ്രായമായവര്‍ ഒന്നും ജോലിക്ക് പോകാറില്ല. എന്തിന് ചുരുങ്ങിയ സമയത്തിനുള്ളില്‍ രണ്ട് കളറുകളെങ്കിലും മിസായേക്കുമോ എന്ന് പേടിച്ച് കെളവന്മാര്‍ കുളിക്കാന്‍ പോലും പോകാറില്ല.
അന്ന് താല്‍ക്കാലികമായി ഉയരുന്ന പെട്ടിക്കടകളാല്‍ സമൃദ്ധമാകും നാട്. ശശിക്കുട്ടന്റെ അച്ഛന് ഇലന്തൂര്‍ ചന്തയില്‍ ഒരു ചായക്കട കം നാരങ്ങാവെള്ളം സൂപ്പര്‍ മാര്‍ക്കറ്റ് ഉണ്ടായിരുന്നതിനാല്‍ അതിന്റെയൊരു ബ്രാഞ്ച് കട ഞാനും ശശിക്കുട്ടനും കൂടി ആശുപത്രിപ്പടിക്കല്‍ ഇട്ടു.
സപ്ലയര്‍ ഞാനും ശശിക്കുട്ടന്‍ ക്യാഷ്യര്‍ കം മാനേജരും. മാനേജരാകാന്‍ യോഗ്യത എന്തു കൊണ്ടും എനിക്കായിരുന്നു. പക്ഷേ അവന്റപ്പന്റെ നാരങ്ങാ, അവന്റപ്പന്റെ സിഗരറ്റ്, അവന്റപ്പന്റെ ബക്കറ്റ്, അവന്റപ്പന്റെ ഗ്ലാസ് .... .... എനിക്ക് വോയിസ് ഇല്ലാതെ പോയി.
കാലിളകിയ ഒരു മേശയുടെ മുന്‍പില്‍ കണക്കെഴുതാന്‍ ഒരു ബുക്കുമായി അവന്‍, ഒരു ബക്കറ്റ് വെള്ളത്തിന്റേം, കുറേ നാരങ്ങാകളുടേയും പിന്നില്‍ ഞാന്‍.എന്നാലും ഞാന്‍ സമാധാനിച്ചു. സപ്ലയര്‍ ആകുമ്പൊ പെണ്‍കുട്യോള്‍ക്ക് നേരിട്ട് നാരങ്ങാ വെള്ളം കൊടുക്കാലോ.. കാഷ്യര്‍ ആണെങ്കില്‍ അവരുടെ അപ്പനോ മറ്റോ അല്ലേ കാശ് കൊടുക്കുക, എന്തു പ്രയോജനം.
ആദ്യം വന്നത് തന്നെ ഏഴ് പേരടങ്ങുന്ന കുറേ കെളവന്മാരായിരുന്നു. ഒരു കളറെങ്കിലും ഇല്ലാതെ നാരങ്ങാ വെള്ളം തരില്ല എന്നു പറയാനൊരുങ്ങിയതാ ഞാന്‍. എങ്കിലും ആദ്യമായി വന്ന കസ്റ്റമേഴ്സ് അല്ലേ എന്നു കരുതി മാത്രമാണ് അവര്‍ക്ക് നാരങ്ങാ വെള്ളം കൊടുത്തത്.
ഒരു നാരങ്ങാവെള്ളത്തിന് 75 പൈസ. രണ്ട് നാരങ്ങാവെള്ളത്തിന്റെ കാശൊക്കെ ശശിക്കുട്ടന്‍ എങ്ങനേലുമൊക്കെ മാനേജ് ചെയ്ത് കണ്ട് പിടിക്കും. പക്ഷേ ഏഴ് പേരു വന്നതോടേ ശശിക്കുട്ടന്റെ കണ്ട്രോള് പോയി. ദയനീയമായി എന്നെ നോക്കി. ഞാന്‍ മൈന്‍ഡ് ചെയ്യാന്‍ പോയില്ല, വല്യ മാനേജരല്ലേ, അനുഭവിക്കട്ടെ എന്നു കരുതി. വളരെനേരം കണക്ക് കൂട്ടിയിട്ടും ശരിയാകാത്തതിനാല്‍ ശശിക്കുട്ടന്‍ കറക്കിക്കുത്തി പറഞ്ഞു.
“പത്ത്”
ശശിക്കുട്ടനൊഴികെ ബാക്കിയെല്ലാവരും ഒന്ന് ഞെട്ടി, ഞാനടക്കം
“എത്രാ...?”
മറുപടിയായി കേട്ട ശബ്ദത്തിന് ഒരു കനം പോലെ. കൂട്ടത്തില്‍ ഏറ്റവും തടിയനായ ഒരു മീശക്കാരനാണ് ചോദ്യകര്‍ത്താവ്. ഞാന്‍ പതുക്കെ മേശയുടെ പുറകില്‍ നിന്നും റോഡിലേക്കിറങ്ങി. ഇളവെയില്‍ കൊള്ളുന്നത് നല്ലതാന്ന് ഈയിടേം പത്രത്തിലുണ്ടാരുന്നു.
“അഞ്ച്”
ശശിക്കുട്ടന്റെ മറുപടി കേട്ട് എല്ലാവരും വീണ്ടൂം ഞെട്ടി. ദൈവമേ ഓണത്തിന് ലുലുക്കാര് പോലും ഇത്രേം ഡിസ്കൌണ്ട് കൊടുത്തിട്ടില്ല. 50% ഡിസ്കൌണ്ടോ... !!!!!
“അഞ്ചോ....?”
മീശക്കാരന്‍ വിടാന്‍ ഭാവമില്ല. ഇത് ചോദിക്കാന്‍ മാത്രമായാ അയാള്‍ ഇത്രേം ദൂരം നടന്ന് വന്നതെന്നു തോന്നും ഭാവം കണ്ടാല്‍..!!
“മൂ... മൂ... മൂന്ന്..”
ശശിക്കുട്ടന്‍ പിന്നേം ദയാലുവായി.
എന്താണെന്നറിയില്ല അയാള്‍ പിന്നെ ഒന്നും ചോദിച്ചില്ല. ഒന്നൂടെ ചോദിച്ചിരുന്നേ ശശിക്കുട്ടന്‍ രണ്ട് രൂപ അങ്ങോട്ട് കൊടുത്തേനേമല്ലോ എന്ന് ചിന്തിച്ച് കൊണ്ട് കടേലേക്ക് തിരിച്ചു കേറുന്നതിനിടയ്ക്ക് ശശിക്കുട്ടന്‍ പല്ലു കടിച്ച് എന്നെ ഒന്നുപദേശിച്ചു.
"നെന്നോട് ഞാന്‍ അപ്പോഴേ പറഞ്ഞതല്ലേടാ പുല്ലേ ഒരു രൂപ വച്ചാക്കാമെന്ന് അപ്പൊ കണക്ക് കൂട്ടാന്‍ ഒരെളുപ്പമുണ്ടാരുന്നല്ലോ".
“പിന്നേ ... തൊട്ടപ്പുറത്തെ കടയില്‍ 50 പൈസയ്ക്ക് നാരങ്ങാവെള്ളം കിട്ടുമ്പോ ഇവിടെ ഒരു രൂപയ്ക് വിയ്ക്കാന്‍ സില്‍ക്ക് സ്മിതയൊന്നുമല്ലല്ലൊ ഇവിടെ നാരങ്ങാ പിഴിയുന്നത്“
എന്നു പറേണമെന്നുണ്ടായിരുന്നു എനിക്ക്, പക്ഷേ പറഞ്ഞില്ല.
ഒള്ളത് പറയണമല്ലൊ കിടിലന്‍ കച്ചോടമാരുന്നു. 25 നാരങ്ങാ ആയിരുന്നു അവന്റെ അച്ഛന്റെ കടയില്‍ നിന്നും എടുത്തോണ്ട് വന്നത്. നാല് പാക്കറ്റ് സിഗരറ്റും. ഒരു പത്തു പതിനഞ്ച് ഹത ഭാഗ്യരാണ് ആകെ നാരങ്ങാ വെള്ളം കുടിക്കാന്‍ വന്നത്.
ഒടുവില്‍ വലിയ ജാഥയും പോയി. അതു കഴിഞ്ഞാല്‍ പിന്നെ ആരും കാണില്ല. ഞങ്ങള്‍ ബാലന്‍സ് ഷീറ്റ് തയ്യാറാക്കി ലാഭം കാല്‍ക്കുലേറ്റ് ചെയ്യാന്‍ തുടങ്ങി. എവടേ ... ലാഭം പോയിട്ട് മുതല് പോലും കാണുന്നില്ല. പിഴിഞ്ഞ നാരങ്ങാകളൂടെ തോട് എണ്ണി നോക്കി കണക്ക് കൂട്ടിയപ്പൊ 4 നാരങ്ങാ വെള്ളത്തിന്റേം, 2 സിഗരറ്റിന്റേം പൈസ കാണുന്നില്ല.
പോലീസ് പിടിച്ച കള്ളവാറ്റുകാരെ പോലെ ബക്കറ്റും, കലവും, ഗ്ലാസുകളും ഒക്കെ തലയില്‍ വച്ച് ശശിക്കുട്ടന്റെ അച്ഛന്റെ കടയിലേക്ക് നടക്കുമ്പോ 4 നാരങ്ങാ വെള്ളത്തിന്റേം 2 സിഗരറ്റിന്റേം കാര്യത്തില്‍ എന്തു പറയും എന്ന ആധി ആയിരുന്നു ഞങ്ങള്‍ക്ക്.
കടയുടെ പുറകില്‍ സാധങ്ങളെല്ലാം അണ്‍ലോഡ് ചെയ്ത് ഞങ്ങള്‍ വീണ്ടും അവന്റെ അച്ഛന്റെ മുന്നില്‍ നല്‍കേണ്ടുന്ന സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തേണ്ട കള്ളങ്ങളെപ്പറ്റി ആലോചിച്ചു. ഒടുവില്‍ ശശിക്കുട്ടന്റെ ബുദ്ധിയില്‍ തെളിഞ്ഞതിന്‍ പ്രകാരം കണക്ക് ബുക്കില്‍ ഞാന്‍ ഇങ്ങനെ എഴുതി..
മഞ്ഞിനിക്കര തിരുമേനി - പറ്റ് - 4 നാരങ്ങാ വെള്ളം 2 സിഗരറ്റ്.
ആ ബുക്ക് കൈമാറിയപ്പോള്‍ എന്തൊക്കെ സംഭവിച്ചു എന്നെനിക്കോര്‍മ്മയില്ല. അപസ്മാരം വരുന്നോരെ പോലെ അദ്ദേഹത്തിന്റെ മുഖം വലിഞ്ഞു മുറുകിയതോര്‍മ്മയുണ്ട്. അപ്പോഴേക്കും ഞാന്‍ ഓടി. ശശിക്കുട്ടനും എന്റെ പുറകെ ഓടി എന്നത് നൂറേല്‍ കത്തിച്ചു വിട്ടിരുന്ന എന്നെ അവന്‍ ഓവര്‍ടേക്ക് ചെയ്തു പോയപ്പോള്‍ മാത്രമായിരുന്നു എനിക്ക് മനസിലായത്. ഓടുന്ന ഓട്ടത്തിനിടയിലും ശശിക്കുട്ടന്റെ അച്ഛന്റെ ഒരു ഡയലോഗ് ഞാന്‍ ഉച്ചത്തില്‍ കേട്ടു..
"നിന്നെ സൃഷ്ടിച്ച സമയത്ത് ഒരു വാഴ വച്ചാ മതിയാരുന്നെടാ.."
*******
ഫ്ലാഷ് ബാക്കില്‍ നിന്നും ഞെട്ടിയുണര്‍ന്ന് ഞാന്‍ ചോദിച്ചു.
“എന്നാലും ശശിക്കുട്ടാ നിന്റപ്പന്‍ അന്ന് വാഴ വയ്ക്കുന്നതാ ഭേദം എന്നു പറഞ്ഞു കളഞ്ഞല്ലോ..“
ശശിക്കുട്ടന്റെ മറുപടി പെട്ടെന്നാരുന്നു
"പിന്നേ ...... പകല് പോലും പറമ്പില്‍ എറങ്ങി ഒരു പണീം ചെയ്യാത്ത ആളല്ലേ അര്‍ദ്ധരാത്രിയില്‍ വാഴ വയ്ക്കാന്‍ പോന്നേ..... ഒന്ന് പോടേ "
അപ്പൊ ശശിക്കുട്ടന്റെ മുഖം ആരെപ്പോലെ ആയിരുന്നു എന്നു നോക്കാനെനിക്കൊത്തില്ല. പരിസരം മറന്ന് പൊട്ടിച്ചിരിക്കുന്നതിന്റിടയില്‍ ഞാന്‍ മറന്നു പോയതാ, സത്യമായിട്ടും.