Tuesday, December 26, 2006

കൊച്ചാട്ടനും പൂക്കളവും

ഇതു ഒരു ഓണക്കഥ. സ്ഥലം ഷാര്‍ജയിലെ ഞങ്ങളുടെ അവിവാഹിത ക്യാമ്പ്‌ (മക്കളും, കൊച്ചുമക്കളും ഒക്കെയുള്ള, അമ്പതും അറുപതും വയസായ, സ്ക്രാപ്പ്‌ പരുവത്തിലായ കെളവന്മാരാണ്‌ കൂടുതല്‍ താമസമെങ്കിലും സ്റ്റാറ്റസ്‌ എല്ലാവര്‍ക്കും ഒന്നു തന്നെ - ബാച്ചിലേഴ്സ്‌).

ഓണം മാത്രമാണ്‌ വിശാലമായി ആഘോഷിക്കുന്ന ഏക പൊതു ഉത്സവം. ബാക്കി ഉത്സവങ്ങളും ചെറു പൂരങ്ങള്‌ പോലെ ഒന്നും, രണ്ടും റൂമിലുള്ളവര്‌ ചേര്‍ന്ന്‌ അടിച്ചു പൊളിച്ചാഘോഷിക്കാറുണ്ടെങ്കിലും ഓണമാണ്‌ ഓണം. മണിച്ചനും താത്തയും കൂടി ഒരു മാസം മൊത്തത്തില്‍ വിറ്റിരുന്ന ഷാമ്പെയ്നിന്റെ ഇരട്ടി ഒറ്റ ദിവസം കൊണ്ട്‌ കുടിച്ചു വറ്റിക്കുക എന്നതാണ്‌ പ്രധാന ആഘോഷം. (ഷാമ്പെയ്നെന്നു പറഞ്ഞാല്‍ അമ്മയാണെ നല്ല സൊയമ്പന്‍ സാധനങ്ങളു തന്നെ കേട്ടോണ്ണാ... ഒരു പത്തിരുപത്‌ രൂപകളൊക്കെ വരും ഒരെണ്ണത്തിന്‌). അന്നു മാലോകരെല്ലാം ഒന്നു പോലാണ്‌. അതും വെറും ഒന്നല്ല ഒരുമാതിരി നമ്മുടെ പാമ്പും കോണീം കളിയിലെ പാമ്പിന്റെ കൂട്ടുള്ള ഒരു വളഞ്ഞ ഒന്ന്‌.

ശക കലണ്ടര്‍ പ്രകാരവും, റോമന്‍ കലണ്ടര്‍ പ്രകാരവും, എന്തിന്‌ നമ്മുടെ മനോരമ കലണ്ടര്‍ പ്രകാരവും തെറ്റാണെന്നു പറഞ്ഞാലും ഞങ്ങളുടെ തിരുവോണം ഒരു വെള്ളിയാഴ്ച്ചയായിരിക്കും. അതിനി അത്തം കഴിഞ്ഞ്‌ പതിനാറിന്റന്നായാലും അതു മറ്റൊരു ദിവസത്തേക്ക്‌ മാറ്റുക എന്നുള്ളത്‌ ഞങ്ങള്‍ക്ക്‌ ചിന്തിക്കാന്‍ പോലും കഴിയില്ല.

ശരിക്കും ഉള്ള തിരുവോണത്തിന്റന്ന്‌ അവുധി വേണമെന്നും, ഓണം കേരളത്തിന്റെ കൊയ്ത്തുത്സവം ആണെന്നും ഞങ്ങളുടെ മുതലാളിമാരോട്‌ പറഞ്ഞാല്‍ അവര്‌ ചെലപ്പം ഒരുദിവസത്തെ അവുധി തന്നേക്കും. പക്ഷേ ഇതൊക്കെ അവന്മാരോട്‌ ഇംഗ്ലീഷില്‍ പറഞ്ഞ്‌ മനസിലാക്കാന്‍ നമ്മുടെ പട്ടി പോകും, അങ്ങനെ പറഞ്ഞ്‌ അവര്‍ക്ക്‌ വിവരം വയ്പിക്കേണ്ട ആവശ്യം നമുക്കില്ലല്ലോ.

അതുകൊണ്ട്‌ തിരുവോണത്തിന്റെ ഏറ്റവും അടുത്ത വ്യാഴാഴ്ച്ച വൈകുന്നേരം നമ്മുടെ ആഘോഷം കൊടിയേറുകയായി. കൊടിയിറക്കം മാത്രം അവനവന്റെ കപ്പാസിറ്റിക്കും, അടിച്ച സാധനത്തിന്റെ വീര്യത്തിനനുസരിച്ചും വ്യത്യാസപ്പെട്ടിരിക്കും എന്നേ ഉള്ളൂ.

ഓണസദ്യ ആണ്‌ ആഘോഷത്തിലെ രണ്ടാം നമ്പര്‍ ഐറ്റം. സ്ഥിരമായി ലഭിക്കുന്ന ദാല്‍ എന്ന പോഷക സമൃദ്ധമായ കഷായത്തില്‍ നിന്നും, അതുണ്ടാക്കുന്ന നമ്മുടെ സ്ഥിരം പാചകവിദഗ്ദ്ധനില്‍ നിന്നും ഒരു ദിവസത്തെ പരോള്‍ എന്ന മോഹം പൂവണിയിക്കാന്‍ വേണ്ടി അന്നത്തെ ഭക്ഷണം തയ്യാറാക്കുന്നത്‌, ഈ ഗവണ്മേന്റിന്റെ പ്രത്യേക അഭ്യര്‍ത്ഥന പ്രകാരം ഇവിടെ വന്ന്‌ പൊരി വെയിലത്ത്‌ 'സോയില്‍ ആന്‍ഡ്‌ റോക്ക്‌ ലോജിസ്റ്റിക്ക്‌ ഓഫീസറന്മാരായി' (റോക്സും സോയിലും ഒക്കെ സാന്‍ഡ്‌ ബാഗ്സിലാക്കി വണ്‍ പ്ലേസ്‌ റ്റു അനദര്‍ പ്ലേസിലേക്ക്‌ ഈ ഷോള്‍ഡറില്‍ ഒക്കെ വച്ച്‌ മൂവ്‌ ചെയ്യണ പണിയെയ്‌) ജോലി ചെയ്യുന്ന ഞങ്ങളിലെ നളന്മാരാണ്‌.

പക്ഷേ എത്ര നല്ല സദ്യ ഉണ്ടാക്കിയിട്ടെന്താ കാര്യം, വെള്ളിയാഴ്ച്ച ഒരു ഉച്ചയാകുമ്പോളേക്ക്‌, അവിയലേതാ, അടപ്രഥമനേതാന്ന്‌ തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ യിലായിരിക്കും ഭൂരിപക്ഷം പേരും. ബാക്കിയുള്ള ന്യൂനപക്ഷം ഭക്ഷണത്തിലുള്ള അവിശ്വാസം രേഖപ്പെടുത്തി എവിടെയങ്കിലും ഫ്ലാറ്റായി കിടപ്പുണ്ടാകും. ഭക്ഷണം കഴിഞ്ഞു വരുന്നവരെ കണ്ടാലോ, ഹോളി ആഘോഷത്തിനിടയില്‍പ്പെട്ടു പോയ പള്ളീലച്ചനെപ്പോലെ, ബഹുവര്‍ണ്ണ കളറിലുള്ള വസ്ത്രങ്ങളും അണിഞ്ഞാവും വരിക. സാമ്പാറും, അവിയലും, ഇഞ്ചിക്കറിയും ഒക്കെ വച്ച്‌ അലങ്കരിച്ച്‌, ഒരുമാതിരി ഫാഷന്‍ ഷോയെ ഓര്‍മ്മപ്പെടുത്തിക്കൊണ്ട്‌.

കഴിഞ്ഞ ഓണത്തിന്‌ ഒരു അത്തപ്പൂ ഇട്ടാലോ എന്ന്‌ ഞങ്ങള്‍ക്കൊരാലോചന. തോവാളപ്പൂക്കള്‍ കിട്ടുന്നില്ലെങ്കില്‍ പിന്നെ പൂക്കളേ വേണ്ട എന്നു ഞങ്ങള്‍ ആദ്യമേ തന്നെ തീരുമാനിച്ചു. പിന്നെക്കിട്ടുന്ന സുലഭമായ സാധനം ചെറിയ ചരല്‍ കല്ലുകളാണ്‌. അതു പൈയിന്റില്‍ മുക്കി, ചുമപ്പും, പച്ചയും, വെള്ളയും, വയലറ്റും കളറില്‍ ഉള്ള കല്‍പ്പൂക്കള്‍ തയ്യാറാക്കി, ഞാനും, വര്‍ക്കിയും, കൊച്ചാട്ടനും, ബെന്‍സും, ചിന്നനും കൂടി സമൂഹപ്രാര്‍ത്ഥനയൊക്കെ ഏകദേശം തീര്‍ത്ത്‌ ഒരു പന്ത്രണ്ട്‌ മണിയോടെ അത്തക്കളം ഇടാന്‍ തുടങ്ങി.

ചിന്നനും കൊച്ചാട്ടനും ഫോമിന്റെ കാര്യത്തില്‍ ഫോര്‍മാന്‍ മാരായി നില്‍ക്കുകയാണ്‌. അന്നേരം എങ്ങാനും വാമനനെ കൈയ്യില്‍ കിട്ടിയാല്‍ തല്ലണോ, ചവിട്ടി താക്കണോ എന്ന ഒരു കണ്‍ ഫ്യൂഷന്‍ മാത്രം. ഞാനും വര്‍ക്കിയും, ബെന്‍സും കൂടി ഒരു കഷണം കയറിന്റെയും, ഒരു ചോക്കിന്റെയും സഹായത്താല്‍ അത്തക്കളത്തിന്റെ ഒരു F.I.R. തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്‌. കയറില്‍ പിടിക്കുന്നത്‌ ഞാന്‍, വരക്കുന്നത്‌ വര്‍ക്കി. കൊച്ചാട്ടന്‌ സഹായിക്കണം എന്നുണ്ടെങ്കിലും, ഭൂമിയുടെ ഗുരുത്വാകര്‍ഷണ ബലത്തിനെതിരെ നില്‍ക്കാന്‍ തന്നെ പാവം വളരെ കഷ്ടപ്പെടുവാ, പിന്നാ പൂ.....ക്കളം.

മാത്രവുമല്ല കൊറെ നേരമായി കൊച്ചാട്ടന്റെ വയറ്റില്‍ ഒരു ഗ്യാസ്‌ ട്രബിള്‍. ഈ ട്രബിള്‍ ഒള്ള ഗ്യാസിനെ മോളില്‍ക്കൂടിയോ, താഴെക്കൂടിയോ ഒന്നു പുറത്ത്‌ കളയുമ്പോളാണല്ലോ നമുക്കൊരാശ്വാസം കിട്ടുക.

കൊച്ചാട്ടനും അത്രയേ കരുതിയുള്ളൂ .....

അത്രേ ചെയ്തുമുള്ളൂ......

ഗ്യാസ്‌ പോയത്‌ താഴക്കൂടാണെന്ന്‌ മാത്രം, അതും സാമാന്യം നല്ല ശബ്ദത്തില്‍........

പെട്ടെന്ന്‌ കേട്ട സൗണ്ടില്‍ ഞങ്ങളെല്ലാവരും ഒന്നു ഞെട്ടി, അതിന്റെ ഫലമായി ഞാന്‍ പിടിച്ചിരുന്ന കയറില്‍ നിന്നും പിടിവിട്ടുപോവുകയും ചെയ്തു. മൊത്തതില്‍ ഒരു ഡിസ്‌ ഓര്‍ഡര്‍. വട്ടത്തില്‍ വരച്ചുകൊണ്ടിരുന്ന പൂക്കളത്തിന്റെ ഒരു സൈഡ്‌ ആഫ്രിക്കയുടെ മാപ്പ്‌ പോലായി. ആ ദേഷ്യത്തില്‍ വര്‍ക്കി എന്നോട്‌ ചോദിച്ചു:

"അതെന്തിനാ വിട്ടേ"

ഞാന്‍ മറുപടി ഒന്നും പറഞ്ഞില്ല, കാരണം ചോദ്യം തന്നോടാണെന്നു കരുതി കൊച്ചാട്ടന്‍ എനിക്കു മുന്‍പേ അതിനു മറുപടി പറഞ്ഞു കളഞ്ഞു.

"അറിഞ്ഞോണ്ടു വിട്ടതല്ലല്ലോ, അതങ്ങു പോയതല്ലേ"

19 comments:

തമനു said...

എന്റെ ആദ്യത്തെ പോസ്റ്റ്‌.

അഭിപ്രായങ്ങളും വിമര്‍ശനങ്ങളും പ്രതീക്ഷിക്കുന്നു

തമനു

Visala Manaskan said...

എന്തിറ്റാ പെട! ഹൌ.

“ഷാമ്പെയ്നെന്നു പറഞ്ഞാല്‍ അമ്മയാണെ നല്ല സൊയമ്പന്‍ സാധനങ്ങളു തന്നെ കേട്ടോണ്ണാ... ഒരു പത്തിരുപത്‌ രൂപകളൊക്കെ വരും ഒരെണ്ണത്തിന്‌“

“ഞങ്ങളുടെ തിരുവോണം ഒരു വെള്ളിയാഴ്ച്ചയായിരിക്കും“

“പക്ഷേ ഇതൊക്കെ അവന്മാരോട്‌ ഇംഗ്ലീഷില്‍ പറഞ്ഞ്‌ മനസിലാക്കാന്‍ നമ്മുടെ പട്ടി പോകും“

“ഹോളി ആഘോഷത്തിനിടയില്‍പ്പെട്ടു പോയ പള്ളീലച്ചനെപ്പോലെ“

അടിപൊളി നമ്പറുകള്‍.

പൊന്നപ്പന്‍ - the Alien said...

ഗുഡ്, ഗുഡ്ഡെര്‍.. ഗുഡ്ഡെസ്റ്റ്.. ഒരുപദേശം - മയത്തില്‍ ചിരിപ്പിക്കുക. ഇല്ലേല്‍ വായനക്കാര്‍ ശ്വാസം കിട്ടാതെ ചത്തു പോകും.! ;)

ഓന്ത് said...

സുഹ്രുത്തേ,
വാക്കുകള്‍ക്കിടയിലൊളിപ്പിച്ച നര്‍മ്മം നന്നായിട്ടുണ്ട്‌.

തമനു said...

എന്റെ ആദ്യത്തെ പോസ്റ്റിന്‌ ആദ്യത്തെ കമന്റ്‌ ഇട്ട കൊടകരയുടെ കഥാകാരാ അങ്ങേയ്ക്ക്‌ ആയിരം പ്രണാമങ്ങള്‍.

ഈ പോസ്റ്റ്‌ കുറേ ദിവസം മുന്‍പേ ഇട്ടിരുന്നു. ആരും ശ്രദ്ധിക്കാഞ്ഞിട്ട്‌ അതു ഡിലീറ്റ്‌ ചെയ്തിട്ട്‌ വീണ്ടും പോസ്റ്റ്‌ ചെയ്തതാ .. ഇന്നു വന്ന്‌ ആദ്യം നോക്കിയത്‌ ആരെങ്കിലും കമന്റ്‌ ചെയ്തിട്ടുണ്ടോന്നാ .. ഞെട്ടിപ്പോയി .. വിശാലഗുരുവിന്റെ ഒരു അഭിനന്ദന കമന്റ്‌ എന്റെ പോസ്റ്റിന്‌ . വളരെ നന്ദി.

പൊന്നപ്പന്‍ ദി "അളിയനും", ഉണ്ണിക്കും ഒരായിരം നന്ദികള്‍.

അതുല്യ said...

ദേണ്ടെ.. ഇപ്പോ ഞാന്‍ ആരായി? തപ്പി തപ്പി മുങ്ങി എടുത്ത്‌, പാലും കാച്ചിയിരിയ്കുന്ന തമന്നുവിന്റെ വീട്ടിലെത്തി 11 രൂപയം ഒരു പൂ പാത്രവും ആദ്യായിട്ട്‌ വന്ന് തന്നിട്ട്‌ ഇപ്പോ, വിശാലനായി എല്ലാം. ഓ.. എന്നാപ്പിന്നെ ഞാന്‍ എറങ്ങുവാ.. വിശാലനുണ്ടല്ലോ എല്ലാത്തിനും..

RR said...

അയ്യോ...ചിരിക്കാന് വയ്യ... പൊന്നപ്പന്റെ കമന്റ് കോപി/പേസ്റ്റ് ചെയ്യുന്നു :)

qw_er_ty

കുറുമാന്‍ said...

'സോയില്‍ ആന്‍ഡ്‌ റോക്ക്‌ ലോജിസ്റ്റിക്ക്‌ ഓഫീസറന്മാരായി' (റോക്സും സോയിലും ഒക്കെ സാന്‍ഡ്‌ ബാഗ്സിലാക്കി വണ്‍ പ്ലേസ്‌ റ്റു അനദര്‍ പ്ലേസിലേക്ക്‌ ഈ ഷോള്‍ഡറില്‍ ഒക്കെ വച്ച്‌ മൂവ്‌ ചെയ്യണ പണിയെയ്‌) - തമനൂ, ചിരിച്ചു ചിരിച്ചു സത്യം പറഞ്ഞാ ഞാനും വിട്ടു ഒന്ന് - എന്താ ചെയ്യാ അതങ്ങ് പോയതല്ലെ?

എഴുതിഷ്ടാ, ഇനിയും, ഇനിയും, ഇനിയും എഴുതൂ.

Unknown said...

ഇട്ടാല്‍ പിന്നെ കാണില്ല എന്നാണല്ലോ. :-)
എന്റെ കമന്റിന്റെ കാര്യാണേയ്.. ഇന്നലെ ഒരെണ്ണം ഇവിടെ ഇട്ടു എന്നായിരുന്നു ഓര്‍മ്മ. ഇപ്പൊ നോക്കുമ്പോ കാണാല്ല്യ. എന്താപ്പൊ ചെയ്യാ? :-)

അതുല്യ said...

തമ്മന്നുവേ... ഓടോയ്ക്‌ മാപ്പ്‌.. ഇത്‌ പതിവാ.. ഐ മീന്‍ ഈ ഒാട്ടൊയേ..

(പണ്ട്‌ വല്യ തറവാട്ടിലേ മറിയാമ്മ ചേടത്തി പള്ളീലു പോയി ഇത്‌ പോലെ വിട്ടാച്ച്‌.. ആമ്പ്ലീഫ്ലയറിര്‍ അല്‍പം ഒച്ചയില്‍ തന്നെ. വലിയ വീട്ടിലെ അല്ലയോ.. മറിയാമ്മ ചേടത്തിയ്ക്‌ ആകെ വിഭ്രാന്തി. കൊച്ചമ്മാര്‍ക്കൊക്കെ ഇതൊക്കെ പാടില്ലല്ലോ. വീട്ടി ചെന്ന് കുശിനിക്കാരി ഏലീശാ നേ ചട്ടം കട്ടി. അടുത്ത ഞായറാശ്ച കുര്‍ബാനയ്ക്‌.. അന്ന് പോയത്‌ എന്റെ ആയിരുന്നു, മറിയാമ്മേടേ അല്ലായിരുന്നു എന്ന് പറയണം.

. ഏറ്റു.. കൊച്ചമ്മയായിപോയില്ലേ...

ഞായാറഴ്ച വന്നു, പള്ളീലും എത്തി എല്ലീശാ... കുര്‍ബാനയൊക്കെ കഴിഞ്ഞപ്പോ പറഞ്ഞു,

കഴിഞ്ഞ ഞായറാശ്ച മറിയാമ്മ വിട്ട കീഴ്‌ വായൂ എന്റേയായിരുന്നു....

krish | കൃഷ് said...

ഈ കമന്റ്‌ അറിഞ്ഞോണ്ട്‌ ഇട്ടതല്ലാ.. അങ്ങ്‌ ഇട്ടുപോയതാ.. തമനൂ

കൃഷ്‌ | krish

പുള്ളി said...

ഇതിനാണ്‍ ഓണാഘോഷം എന്നു പറയുന്നത്. മൃദു , അനുനാസികം, ഘോഷം അതിലെ ഘോഷം തന്നെ
നന്നായിട്ടുണ്ട്‌, ഇനീം ആഘോഷമായി എഴുതിക്കോളൂ തമനൂ..

തമനു said...

പെണങ്ങല്ലേ അതുല്യാമ്മേ .. അന്നു വന്ന്‌ അനുഗ്രഹിച്ചതിന്റെയും തന്ന പൈശയുടെയും നന്ദി ഞാന്‍ മറന്നാലും മരിക്കുമോ (ഏതോ ഒരു സിനിമയോട്‌ കടപ്പാട്‌) .. വീട്ടില്‍ വയ്ക്കാന്‍ ഒരു ഫോട്ടോ ചോദിക്കണം എന്നു വ്യാരിച്ചിരിക്കുകയായിരുന്നു. മാത്രോമല്ല ഇത്രേം നാള്‍ ഇങ്ങാട്ട്‌ വരാഞ്ഞേന്‌ ഞാനും പെണങ്ങി ഇരിക്കുകയായിരുന്നു
എന്തായാലും വന്നതിനും, പിന്നേം ഓഫായി വന്നതിനും നന്ദി.

രണ്ടാറേ ... താങ്ക്സ്‌.

കുറുമാന്‍ ജീ... എന്റെ ഈ പൊട്ട സാധനം വായിച്ച്‌ നിങ്ങളൊക്കെ ചിരിക്കുന്നു എന്നറിയുന്നത്‌ ഒരു സന്തോഷം തന്നെ ... നന്ദി.

ദില്‍ബണ്ണാ ... ഇന്നലെ ഇട്ടു നഷ്ടപ്പെട്ടു പോയതിനും, ഇന്ന്‌ ഇട്ടേക്കുന്നതിനും നന്ദി.. (ഇന്നലെ യാത്‌ ഷാമ്പൈനുകള്‍ അടിച്ചത്‌)

കൃഷേ .. കൈവിട്ട കമന്റിനും പിന്നെ അതിനും ഈ ഒരു കൊഴപ്പമുണ്ട്‌ .. ഇട്ടാല്‍ ഇട്ടതു തന്നെ ..

നന്ദി പുള്ളീ

സു | Su said...

സ്വാഗതം :)

:: niKk | നിക്ക് :: said...

ഹ ഹ ഹ ... ഓഫീസിലിരുന്നു ചിരിക്കാനും വയ്യല്ലോ തമനുവേ!!!

ഓ.ടോ. അതു ല്‍സ്‌ ഒവ്വ ഒവ്വ ;)

...പാപ്പരാസി... said...

എനിക്ക്‌ വയ്യ്യ്യ്യ്യേ,,,
ചിരിച്ച്‌ ചിരിച്ച്‌ മരിച്ചിഷ്ട്ടാാ.കലക്കി മാഷെ,റീലി വണ്ടര്‍ഫുള്‍....ഇപ്പളാ വായിച്ചത്‌.നിങ്ങടെ ലോകത്ത്‌ പിച്ച വെച്ച്‌ തുടങ്ങിയതേയുള്ളൂ...ഇനീം എഴുതണേ..."അതെന്തിനാ വിട്ടേ" എന്നു ചോയ്ച്ചപ്പോ തന്നെ മനസ്സിലായി കൊച്ചാട്ടന്‍ ഇത്‌ തന്നെ പറയൂന്ന്...കങ്ഗ്രാസ്‌

P Das said...

:D

ആർ പി ആർ said...

തമന്നൂ..... സൂപ്പറായീട്ടാ........ ഒരു ദുബായിക്കാരനാണേ... ഒരെണ്ണം തുടങിവെച്ചിട്ടുന്ദ്... അനുഗ്രഹിക്കുക..

സുധി അറയ്ക്കൽ said...

അയ്യോ..എനിക്കിനി ചിരിക്കാൻ വയ്യായേ..കീഴ്ശ്വാസമല്ല ശ്വാസം തന്നെ പോയേനേ....