Tuesday, August 14, 2007

ഒടേതമ്പുരാന്റെ ചതി

ശിവരശനെപ്പിടിക്കാന്‍ പോയ മേജര്‍ രവിയുടെ അവസ്ഥ പോലായിപ്പോയി എന്റേയും അവസ്ഥ അന്ന്. എന്തൊക്കെ പ്ലാനുകളായിരുന്നു. എത്ര ദിവസം ആലോചിച്ച്‌ വച്ചതാ. എവിടെയെങ്കിലും പിഴവുകള്‍ വരുമോ എന്ന് എന്തുമ്മാത്രം തലപുകച്ച്‌ ആലോചിച്ചതാ. പറയേണ്ടുന്ന ഡയലോഗുകള്‍ വരെ എല്ലാം എത്ര വട്ടം കാണാതെ പഠിച്ചതാ..

എന്നിട്ടും പറഞ്ഞിട്ടെന്താ ... അവസാനം ശ്രീശാന്ത്‌ ബോള്‍ എറീന്ന പോലായിപ്പോയി. കുരിശു വരക്കാഞ്ഞാന്നോ, അമ്മ പൊങ്കാലയിടുന്ന പടം മനോരമേ വരാഞ്ഞാന്നോ, ബാറ്റു കറക്കി ഡാന്‍സ്‌ ചെയ്യാഞ്ഞാന്നോ, നിക്കറുമിട്ട്‌ പ്രാക്ടീസ്‌ ചെയ്യാഞ്ഞാന്നോ, ചെവിക്കാത്തൂന്ന് ഇസിജി എടുക്കാനെന്നപോലെ ഫുള്‍ടൈം രണ്ട്‌ വള്ളി തൂക്കിയിട്ട്‌ നടക്കാഞ്ഞാന്നോ, മോന്തേല്‍ അരിമാവ്‌ തേക്കാഞ്ഞാന്നോ .. ... എല്ലാം ഓകെ, പക്ഷേ എറീന്ന ബോള്‍ കൈയീന്നു വിട്ടാ പിന്നെ കാണണേ അങ്ങ്‌ ബൗണ്ടറീ ചെല്ലണം..

പക്ഷേ ഒള്ളത്‌ പറേണമല്ലൊ, അതിലും കഷ്ടമാരുന്നു എന്റെ അവസ്ഥ...

എന്റെ ബില്‍ഗേറ്റ്‌സ്‌ പഠിത്തത്തിന്‌ കോട്ടയം പട്ടണം വിരിമാറ്‌ കാണിച്ചു കെടക്കുന്ന കാലം. (ഉവ്വ്‌ അതു തന്നെ , നമ്മുടെ പാണ്ടി അമ്മച്ചിയെ ടോയിലറ്റില്‍ പൂട്ടിയിട്ട കാലം തന്നെ..!!).

കാശു കൊടുക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനോട്‌ കാണിക്കുന്ന അതേ ചിറ്റമ്മ നയമാണ്‌ എല്ലാ മാസോം പിതാ എന്നോട്‌ കാണിച്ചോണ്ടിരുന്നത്‌. നമ്മള്‍ ഏതൊക്കെ പദ്ധതികളുടെ വിശദ റിപ്പോര്‍ട്ടും, അത്തരമൊരു നാലു പരിപാടിക്കുള്ള ബഡ്‌ജറ്റുമായി ചെന്നാലും പിതാ ഒരു തുക തീരുമാനിച്ചിട്ടുണ്ട്‌,അതില്‍ നിന്നും അഞ്ചു പൈസ കൂടുതല്‍ അനുവദിക്കില്ലായിരുന്നു..

റോഷ്‌നിയും, ഹാഷ്മിയും, സൂസനും, സാലിയും, റീനയും, മഞ്ജുവും ഒക്കെ പഠിക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ടില്‍ പാഠ്യേതര വിഷയങ്ങള്‍ക്കുണ്ടാകുന്ന ചെലവുകളെപ്പറ്റി നമ്മുടെയൊക്കെ അപ്പന്മാര്‍ക്ക്‌ എന്തോന്നറിയാം. അഞ്ചു പൈസാ പോലും കൊടുക്കാതെ ഇവരെ ആ പെണ്‍പിള്ളാരുടെ കൂട്ടത്തിലേക്ക് ഒരു രണ്ടു മാസം ഒന്നു വിട്ടു നോക്കണം. എന്നാലേ ഈ അപ്പന്‍ മാരൊക്കെ പഠിക്കൂ.. !!(ഇവരെല്ലാമൊന്നും എന്റെ ക്ലാസില്‍ പഠിക്കുന്നവരല്ലാരുന്നു കേട്ടോ. ക്ലാസുള്ള ഒന്നരമണിക്കൂറേ ഇന്‍സ്റ്റിട്യൂട്ടില്‍ കാണാവൂ എന്നൊരു നിര്‍ബന്ധം മാനേജ്‌മെന്റിന്‌ ഇല്ലാതിരുന്നതിനാല്‍ രാവിലെ മുതല്‍ വൈകിട്ടു വരെ വരുന്ന എല്ലാ കളറുകളും എന്റെ പരിചയക്കാരാരുന്നു. കൊറേ ആണ്‍പിള്ളേരും കൂട്ടുകാരായുണ്ടാരുന്നു, പണ്ടാരമടങ്ങാനായിട്ട്‌ ഒറ്റയൊരുത്തന്റെ പേരെനിക്കോര്‍മ്മയില്ല.)

പിതായുടെ കൈയില്‍ നിന്നും കിട്ടുന്ന കാശ്‌ സ്കൂളില്‍ നിന്നും കിട്ടുന്ന ഉപ്പുമാവ്‌ പോലെ കൃത്യമായ അളവിലായതിനാല്‍ എന്റെ നിത്യാഭ്യാസ ചെലവുകള്‍ക്കായുള്ള അധിക പണം ഞാന്‍ സ്വയം കണ്ടെത്തേണ്ട അവസ്ഥയിലായി. അപ്പോഴേക്കും ജോലിയില്‍ പ്രവേശിച്ചു കഴിഞ്ഞിരുന്ന ചേച്ചിയുടെ ബാഗ്‌, ചേട്ടന്മാരുടെ പോക്കറ്റുകള്‍,അമ്മയുടെ സ്വകാര്യ സമ്പാദ്യം ഇവയൊക്കെയായിരുന്നു ആ കഷ്ടപ്പാടിലും നമ്മളെ കാത്തിരുന്ന വരുമാന സ്രോതസുകള്‍..

കാശുകിട്ടുന്ന ആദ്യ രണ്ട്‌ ദിവസം ഐഡയിലോ, അര്‍ക്കാഡിയായിലോ മാത്രം ഉച്ചയൂണു കഴിക്കുന്ന ഞങ്ങള്‍ പിന്നീടുള്ള ദിവസങ്ങളില്‍ ചിക്കന്‍ കോര്‍ണര്‍, തണ്ടൂര്‍, ബെസ്റ്റോട്ടല്‍, ആര്യഭവന്‍ അങ്ങനെ ക്ഷയിച്ചു ക്ഷയിച്ച്‌ അവസാനം 3 രൂപയ്ക്ക്‌ വയറ്‌ നെറച്ച്‌ ദോശ കിട്ടുന്ന ഗീത്‌ ഇന്റര്‍നാഷണലില്‍ ആവും ഭക്ഷണം.

അങ്ങനെ പട്ടിണിയും പരിവട്ടവുമായി നീങ്ങുന്നതിനിടക്കാണ്‌ ഏതോ കോമളാംഗി, രെജിസ്റ്ററില്‍ നിന്നും എന്റെ ബെര്‍ത്ഡേ കണ്ടു പിടിച്ച്‌ "അന്ന്‌ തമനൂന്റെ വക പാര്‍ട്ടി" എന്ന് എല്ലാരുടേം മുന്‍പില്‍ വച്ച്‌ അനൗണ്‍സ്‌ ചെയ്തത്‌. മഞ്ഞപ്പിത്തം നോക്കാന്‍ കൊടുത്ത മൂത്രം ടെസ്റ്റ്‌ ചെയ്തിട്ട്‌ ഗര്‍ഭം ഒണ്ടെന്ന റിസല്‍റ്റ്‌ കേട്ടപോലെ ഒന്നും മിണ്ടാനാവാത നിലയില്‍ ഇരുന്നുപോയി ഞാന്‍.

“ഏയ്‌ അന്നല്ല, അത്‌ സ്കൂളില്‍ ചേര്‍ക്കാന്‍ വേണ്ടി കൊടുത്ത ഡേറ്റാ, ശരിക്കും ഉള്ളത്‌ ഡിസംബറിലാ“ എന്നൊക്കെയുള്ള എന്റെ പ്രതിരോധ വാദങ്ങള്‍ "അത്‌ കുഴപ്പമില്ല, അന്നും ചെലവു ചെയ്തോ" എന്ന എതിര്‍ വാദമുഖത്താല്‍ അടച്ചു കളഞ്ഞു തെണ്ടികള്‍..

സ്ഥലം, സമയം, പങ്കെടുക്കേണ്ടുന്ന ആളുകള്‍, മെനു എല്ലാം അവര്‍ തീരുമാനിച്ചു, കാശിന്റെ കാര്യം മാത്രം ഞാന്‍ കണ്ടേത്തിയാല്‍ മതിയത്രേ..!!!

വാദിച്ചാല്‍ പ്രയോജനം ഒന്നും ഇല്ല എന്നു മാത്രമല്ല, എച്ചി, കഞ്ഞി, ദരിദ്രവാസി എന്നൊക്കെയുള്ള പേരുകള്‍ സ്ഥിരമായി ചാര്‍ത്തപ്പെടും എന്നുറപ്പായിരുന്നതിനാല്‍ ഞാന്‍ എങ്ങനെ കാശുണ്ടാക്കും എന്നതിനെപ്പറ്റി ആ നിമിഷം മുതല്‍ ശക്തമായി ചിന്തിച്ചു തുടങ്ങി.

പിന്നെ ഊണിലും ഉറക്കത്തിലും ഒക്കെ അതായി ചിന്ത. ലോണ്‍ അടക്കാന്‍ കാശ്‌ ഇല്ലാത്തതിനാല്‍ ജപ്തി പേടിച്ച്‌ ആത്മഹത്യ ചെയ്തവരെപ്പോലെ, കാശ്‌ കണ്ടെത്താനാവാതെ ഞാന്‍ ആത്മഹത്യ ചെയ്തേക്കുമോ എന്നുവരെ ഞാന്‍ പേടിച്ചു.

അലസമായ മനസാ ചെകുത്തന്റെ പണിപ്പുര എന്ന് ഏതു പൊട്ടനാ പറഞ്ഞേ ... കൂടുതല്‍ ചിന്തിച്ചാലും മനസ്‌ ചെകുത്താന്റെ പണിപ്പുരയാകും.

അങ്ങനെ ഞാന്‍ വിജയിക്കാന്‍ 100% സാധ്യതയുള്ള ഒരു പരിപാടി കണ്ടെത്തി..

എല്ലാ ദിവസത്തേം ട്രെയിന്‍ യാത്രകളില്‍ സ്ഥിരമായി പിച്ചക്കാരെപ്പോലെ കൊട്ടിപ്പാടിയിരുന്നതിനാല്‍ താഴ്‌വശം ഒടിഞ്ഞു പോയ ഒരു സ്വര്‍ണ്ണമോതിരം എനിക്കുണ്ടായിരുന്നു.

അത്‌ വില്‍ക്കുക.. !!!!

അത്‌ ഒടിഞ്ഞിരിക്കുകയാണെന്ന് അമ്മയ്കറിയാം. ഒരിക്കല്‍ അമ്മ പറയുകയും ചെയ്തു, സൂക്ഷിക്കണേ അത്‌ ചെലപ്പൊ കളഞ്ഞു പോയേക്കും എന്ന്‌...

അപ്പൊപ്പിന്നെ അതങ്ങ്‌ കളഞ്ഞു പോകട്ടെ..

പിതാജി ഒരു കോര്‍ട്ട്‌ മാര്‍ഷല്‍ നടത്തിയാല്‍, അമ്മ പോലും പറഞ്ഞതല്ലേ എന്ന ഒരു മുന്‍കൂര്‍ ജാമ്യം ഉണ്ടല്ലോ നമുക്ക്‌ പൊക്കിക്കാണിക്കാന്.

‍റോഷ്‌നിയുടെം, ഹാഷ്മിയുടേം മുന്നില്‍ അപഹാസ്യനാകുന്നതിനേക്കാള്‍ വലുതൊന്നുമല്ലല്ലോ വെറുമൊരു സ്വര്‍ണ്ണ മോതിരം..

തല്‍ക്കാലം മോതിരം വിരലില്‍ നിന്നും ഊരി മാറ്റിയിട്ട്‌, കളഞ്ഞുപോയി എന്നൊന്നു പറഞ്ഞു നോക്കാം.... വലിയ പ്രശ്നമാവുകയാണെങ്കില്‍ ഇന്‍സ്റ്റിറ്റിട്യൂട്ടില്‍ കെടന്ന് കിട്ടി എന്ന് പറഞ്ഞ്‌ പിറ്റേ ദിവസം കൊണ്ട്‌ വന്ന് കാണിക്കാം, പ്രശ്‌നങ്ങളില്ലെങ്കില്‍ വില്‍ക്കാം ... അതായിരുന്നു ആക്ഷന്‍ പ്ലാന്‍.

വീട്ടില്‍ നിന്നും ചോദിക്കപ്പെടാവുന്ന ചോദ്യങ്ങളും, അവയുടെ വിശ്വനീയമായ ഉത്തരങ്ങളും ഞാന്‍ കാണാതെ പഠിച്ചു വച്ചു. വീട്ടില്‍ ചെന്നാല്‍ ഉടന്‍ മോതിരം പോക്കറ്റില്‍ നിന്നും സുരക്ഷിതമായ ഒരു സ്ഥാനത്തേക്ക്‌ മാറ്റുക, എന്നിട്ട്‌ അമ്മയോട്‌ പറയുക. മുഖത്ത്‌ സ്വല്‍പം ദൈന്യഭാവവും കൂടി ഫിറ്റ്‌ ചെയ്താല്‍ ചീറ്റിപ്പോകാന്‍ ഉള്ള തടസങ്ങളൊന്നും കാണുന്നില്ല.

അങ്ങനെ ഒരു ദിവസം ക്ലാസ്‌ കഴിഞ്ഞ്‌ വീട്ടിലേക്ക്‌ വരുന്ന വഴി വിറയാര്‍ന്ന കൈകളോടെ ഞാന്‍ മോതിരം ഊരി പോക്കറ്റിലിട്ടു..

ഒരു കിലോമീറ്റര്‍ ദൂരെ വരെ കേള്‍ക്കാവുന്ന, ഡോള്‍ബി സ്റ്റീരിയോ സിസ്റ്റത്തെവെല്ലുന്ന ശബ്ദമുള്ള, ഞങ്ങളുടെ ജാംബവാന്‍ മോഡല്‍ ടിവിയുടെ ശബ്ദം നിശബ്ദതയെ കീറിമുറിച്ച്‌ എന്റെ ചെവികളിലേക്ക്‌ ദൂരെ നിന്നേ എത്തിപ്പെട്ടപ്പോഴേ തുടങ്ങിയ ചങ്കിടിപ്പോടെയാണ് ‍വീട്ടുമുറ്റത്തേക്ക് ഞാനെത്തിയത്.

കേറ്റം കേറുമ്പോള്‍ സൈക്കിളിന്റെ ഡൈനാമോ ലൈറ്റില്‍ നിന്നും വരുന്നതുപോലെ‍ കുറച്ചു മാത്രം പ്രകാശം വര്‍ഷിച്ചു കൊണ്ടിരുന്ന തിണ്ണയിലെ 40 വാട്‌സ്‌ ഫിലിപ്‌സ്‌ ബള്‍ബിനു മുന്‍പില്‍, മൈക്രോസോഫ്റ്റിന്റെ ചെയര്‍മാനായി അഫ്ഗാനിസ്ഥാനിലേക്ക്‌ അപ്പോയിന്റ്‌മന്റ്‌ ഓര്‍ഡര്‍ കൈയില്‍ കിട്ടിയവനെപ്പോലെ, വേണോ വേണ്ടേ എന്ന ചിന്തയില്‍ വിയര്‍ത്ത്‌ കുളിച്ച്‌ ഞാന്‍ കുറേനേരം തിരിഞ്ഞുകളിച്ചു.

ഒടുവില്‍ രണ്ടും കല്‍പ്പിച്ച്‌, വിവാഹത്തിനു മുന്‍പ്‌ ഒരു കാമുകനാലും, വിവാഹശേഷം മറ്റൊരു കാമുകനാലും നശിപ്പിക്കപ്പെട്ട പതിവ്രതയായ നായികയുടെ സീരിയല്‍ കണ്ടുകൊണ്ട്‌ കണ്ണീര്‍ തൂകി ഇരിക്കുന്ന അപ്പായുടേം അമ്മായുടേം മുന്‍പില്‍ കൂടി, ജോസ്‌ പ്രകാശിന്റെ കൊള്ള സങ്കേതത്തിലേക്ക്‌ ഒളിച്ച്‌ ചെന്ന് കേറുന്ന സി.ഐ.ഡി.നസീറിന്റെ ചങ്കിടിപ്പോടെ ഞാന്‍ എന്റെ സ്വന്തം വീട്ടിലെ, എന്റെ സ്വന്തം മുറിയിലേക്ക്‌ ചെന്നു കേറി..

ഇനി ആക്ഷന്റെ സമയമാണ്‌... എന്തായാലും വരുന്നത് വരട്ടെ.

ചെയ്യുന്നത്‌ കള്ളത്തരമാണെങ്കിലും കര്‍ത്താവിനോട്‌ ചോദിക്കാതെ ചെയ്യുന്നത്‌ മോശമല്ലേ.. അതോണ്ട്‌ മാത്രം ഒന്നു പറഞ്ഞു..

കര്‍ത്താവേ കാത്തോളണേ..

പക്ഷേ കര്‍ത്താവാരാ മോന്‍... ഇത്തരം പരിപാടികളുടെ ക്വൊട്ടേഷന്‍ എടുക്കുന്ന സ്വഭാവം കര്‍ത്താവിനില്ലാഞ്ഞതിനാലാരിക്കും... കാത്തില്ല.

കാത്തില്ലെന്നു മാത്രമല്ല.. ചതിക്കുവേം ചെയ്തു..

പോക്കറ്റില്‍ തപ്പി നോക്കിയ ഞാന്‍ ഞെട്ടിപ്പോയി..

മോതിരം കാണാനില്ല.. !!!!!!!

കാബൂളിവാലയില്‍ ജഗതിയും, ഇന്നസെന്റും ശങ്കരാടിയുടെ മുന്‍പില്‍ നിന്ന് മാറി മാറി എല്ലാ പോക്കറ്റും തപ്പുന്നതു പോലെ ഞാനും മോതിരം ഇട്ട പോക്കറ്റും, ഇടാത്ത പോക്കറ്റും, എന്തിന്‌ ഒരാഴ്ചയായി ഊരി ഇട്ടിരുന്ന ഷര്‍ട്ടിന്റെ പോക്കറ്റ്‌ വരെയും തപ്പി നോക്കി..

ഗോവിന്ദ....!!

വന്ന വഴിക്ക്‌ എവിടെയോ മോതിരം നഷ്ടപ്പെട്ടിരിക്കുന്നു.

ചിരിയാണൊ കരച്ചിലാണോ എനിക്ക്‌ വന്നതെന്നോര്‍മ്മയില്ല, ആകെ ഓര്‍മ്മയുള്ളത്‌ അപ്പോള്‍ ഞാന്‍ പറഞ്ഞ വാക്കും, തമിഴന്മാര്‍ മുഖത്തിന്‌ പറയുന്ന വാക്കും ഒന്നു തന്നെയായിരുന്നു എന്നു മാത്രമാണ്‌.

അങ്ങനെ 100% വിജയിക്കാന്‍ സാധ്യത ഉണ്ടായിരുന്ന ആ പ്ലാന്‍ ഒടേതമ്പുരാന്‍ അലക്കിപ്പൊളിച്ച്‌ കൈയില്‍ തന്നു.

പക്ഷേ അതുകൊണ്ട്‌ എന്തായാലും ഒരു സമാധാനം ഉണ്ടായി .. വീട്ടില്‍ കള്ളം പറയേണ്ടി വന്നില്ല..

46 comments:

തമനു said...

നാലു മാസത്തിലേറേയായി ഒരു പോസ്റ്റ്‌ ഇട്ടിട്ട്‌. ഇടക്കിടക്ക്‌ പോസ്റ്റിട്ടില്ലെങ്കില്‍ ഗൂഗിളമ്മച്ചി ബ്ലോഗ്‌ ജപ്തി ചെയ്യും എന്നു പറഞ്ഞെന്നെ പേടിപ്പിച്ച എല്ലാവര്‍ക്കുമായി ഈ പോസ്റ്റില്‍ വരുന്ന തെറിവിളികള്‍ ഞാന്‍ സമര്‍പ്പിക്കുന്നു.

എന്റെ ഒരു കത്തി കൂടി.. സഹിച്ചാലും

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഇതെന്താ തുടരനാണോ? എന്നിട്ട്. ആ പിറന്നാളാഘോഷം എങ്ങനെ നടത്തി? അതോ മുങ്ങിയാ.. തെളിച്ച് പറയൂ തമനുച്ചായാ..

ശ്രീ said...

കഥ നന്നായി... നല്ല നര്‍‌മ്മം
:)

(ഒരു തിരുത്ത്: വിയറ്റ്നാം കോളനിയിലല്ല; കാബൂളിവാലയിലാണ്‍ ഇന്നസെന്റും ജഗതിയും പോക്കറ്റ് തപ്പുന്നത്)

Rasheed Chalil said...

കാശു കൊടുക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനോട്‌ കാണിക്കുന്ന അതേ ചിറ്റമ്മ നയമാണ്‌ എല്ലാ മാസോം പിതാ എന്നോട്‌ കാണിച്ചോണ്ടിരുന്നത്‌.

വല്ലപ്പോഴും എഴുതാശാനേ... സാക്ഷരതാ ക്ലാസ് മാത്രം മതിയോ....

ഓടോ : പോസ്റ്റ് നന്നായി
ഞാന്‍ ഇന്ന് അന്റാര്‍ട്ടിക്കയിലേക്ക് മണ്ടി കെയ്ച്ചിലായി...

സാല്‍ജോҐsaljo said...

anngane break kazhinjach..!

good...

ഏറനാടന്‍ said...

തമനൂ എന്താ കാച്ചലിത്‌. കായംകുളം കൊച്ചുണ്ണീടെ പുനരവതാരമോ നീ?? പിന്നെ വിയറ്റ്‌നാം കോളനി മാറ്റി കാബൂളിവാല എന്നാക്ക്‌, അതാ നിനക്കും നല്ലത്‌. :)

മുസ്തഫ|musthapha said...

ഈ പോസ്റ്റിന് ചേരുന്ന ടൈറ്റില്‍ ‘ശാകുന്തളം’ എന്നായിരുന്നു :)

അഭിലാഷങ്ങള്‍ said...

ടെന്‍ ടെടേന്‍...!

സോ.....ങും..!! അങ്ങിനെ ബ്ലോഗ് ജപ്തിനടപടിയില്‍ നിന്ന് ഗൂഗ്ഗിളമ്മച്ചി തല്‍കാലത്തേക്ക് പിന്മാറിയിട്ടുണ്ടാവും..

പോസ്റ്റ് വായിച്ചു.. നല്ല അനുഭവം... !

എനിക്കേറ്റവും ഇഷ്ടപ്പെട്ടത് :

“മൈക്രോസോഫ്റ്റിന്റെ ചെയര്‍മാനായി അഫ്ഗാനിസ്ഥാനിലേക്ക്‌ അപ്പോയിന്റ്‌മന്റ്‌ ഓര്‍ഡര്‍ കൈയില്‍ കിട്ടിയവനെപ്പോലെ, വേണോ വേണ്ടേ എന്ന ചിന്തയില്‍ വിയര്‍ത്ത്‌ കുളിച്ച്‌ ഞാന്‍ കുറേനേരം തിരിഞ്ഞുകളിച്ചു“.
:-)

ഇനിയും അനുഭവങ്ങള്‍ പങ്കുവയ്‌കൂ തമനൂ..

[ആത്മഗതം: ദൈവമേ, അന്ന് എനിക്ക് വീണുകിട്ടിയ താഴ്‌വശം ഒടിഞ്ഞു പോയ ആ സ്വര്‍ണ്ണമോതിരം ഈ മഹാപാപിയുടേതായിരുന്നോ..!!! ]

അരവിന്ദ് :: aravind said...

ഹഹഹ..തമനൂ ഇത് വായിച്ച് ഞാന്‍ ചിരിച്ച് തലകുത്തി മറിഞ്ഞു......
....എന്നു വിചാരിക്കരുത്!

ബട്ട്...സംഗതി കൊള്ളാം, രസിച്ചു..

എന്തേയ് പകുതി വെച്ച് നിര്‍ത്ത്യേ?
:-)

മറ്റൊരാള്‍ | GG said...

എന്നാലും ഇതൊരു വല്ലാത്ത ചതി തന്നെയായിരുന്നു. മോതിരം പോയി എന്നറിഞ്ഞപ്പോള്‍ സത്യത്തില്‍ എനിക്കും സങ്കടം വന്നൂട്ടോ.

പിന്നെ എനിയ്ക്കറിയാന്‍മേലാഞ്ഞ്‌ ചോദിക്കുവാ. തമിഴന്‍മാര്‍ മുഖത്തിന്‌ എന്നതാ പറയുന്നത്‌? ചുമ്മാ കൊറെ തമിഴ്‌ വാക്കുകള്‍ അറിഞ്ഞിരിക്കാമല്ലോ!!

"വിവാഹത്തിനു മുന്‍പ്‌ ഒരു കാമുകനാലും, വിവാഹശേഷം മറ്റൊരു കാമുകനാലും നശിപ്പിക്കപ്പെട്ട പതിവ്രതയായ നായികയുടെ സീരിയല്‍".... കിടിലന്‍


ഓ.ടോ:ആ ബുള്‍ഗാന്‍ താടി അല്‍പം നരപ്പിച്ചിരുന്നെങ്കില്‍ ഉപരാഷ്ട്രപതിയായി വിലസാമായിരുന്നു. ഹ ഹ ഹാ

Visala Manaskan said...

അഫ്ഗാനിസ്ഥാനില്‍ ജോലികിട്ടിയ ആ മൈക്രോസോഫ്റ്റ് ചെയര്‍മാന്റെ ഡൈലമ... അത് ആലോച്ചിച്ച് ഞാന്‍ കുറെ ചിരിച്ചു.

ഓ.ടോ:

അപ്പോ ഈ മൂന്ന് മാസം കൊണ്ട് ബ്ലോഗിന്റെ ടെമ്പ്ലേറ്റ് പണിയായിരുന്നോ???

ഓ എന്നിട്ട്, കണ്ടേച്ചാലും മതി.

“നല്ല മാനം മര്യാദക്കിരുന്നിരുന്ന ഒരു എണ്ണം പറഞ്ഞ ടെമ്പ്ലേറ്റായിരുന്നു..അതിനെ മൂന്നുമാസമിരുന്ന് പണിത് പണിത് ഈ കോലമാക്കിയല്ലോടാ കാലമാടാ..“

എന്ന് ആരുമെന്തേ പറയാത്തെ. ഞാന്‍ അങ്ങിനെ പറയില്ല. (പൊന്നുങ്കട്ടേ.. തമാശ തമാശ..:) )

അതെ അരവിന്ദ് പറഞ്ഞത് തന്നെ... ബാക്കി എവിടേ?

മൂര്‍ത്തി said...

സത്യമേവ ജയതേ എന്നിപ്പോള്‍ മനസ്സിലായല്ലോ.:) പാവം ശ്രീശാന്ത്..മിക്കവാറും ഇത് വായിച്ചാല്‍ സ്പിന്നിലേക്ക് തിരിയും.

Visala Manaskan said...

“മൈക്രോസോഫ്റ്റിന്റെ ചെയര്‍മാനായി അഫ്ഗാനിസ്ഥാനിലേക്ക്‌ അപ്പോയിന്റ്‌മന്റ്‌ ഓര്‍ഡര്‍ കൈയില്‍ കിട്ടിയവനെപ്പോലെ"

അതെ, അതു തന്നെയാ ഞാനും ഉദ്ദേശിച്ചേ.. പക്ഷെ, എടുത്തെഴുതിവന്നപ്പോള്‍ ബില്‍ഗേറ്റ്സിന് അഫ്ഗാനിസ്ഥാനില്‍ ജോലി കിട്ടിയെന്നോ മറ്റോ ആയിപ്പോയി അര്‍ത്ഥം ല്ലേ?

എന്താ ചെയ്യാ.. മലയാള ഭാഷയുടെ ഓരോ പ്രശ്നങ്ങളേ.. :)

Visala Manaskan said...

പോസ്റ്റ് വായിച്ച് കഴിഞ്ഞപ്പോള്‍ ഇതൂടെ പറയാതെ പോകാന്‍ എനിക്കാവുന്നില്ല .

‘അപ്പോള്‍‍ തമന്‍ (ഉ)ല്ലേ?‘

:))

തമനൂ ഞാനിപ്പോള്‍ നാട്ടിലാ..

Anonymous said...

താമനുസെ എന്നലും ഒന്ന് ഓര്‍ത്തെ അന്‍പില്ലെരുടെ പെരുകല്‍ ഒന്നും ഓര്‍മയില്ലെ ...സരിക്കും.....അവസാനം തമനു ശശി അയി...കര്‍ത്താവെ നീയിതു ച്യ്തല്ലൊ

R. said...

>ആകെ ഓര്‍മ്മയുള്ളത്‌ അപ്പോള്‍ ഞാന്‍ പറഞ്ഞ
>വാക്കും, തമിഴന്മാര്‍ മുഖത്തിന്‌ പറയുന്ന
>വാക്കും ഒന്നു തന്നെയായിരുന്നു എന്നു
>മാത്രമാണ്‌.

ദ് തൊമ്മനും മക്കളും എന്ന സില്‍മേല് രാജന്‍ പി ദേവ് പറഞ്ഞ അതേ ഡയലോഗല്ലെ...?

Kiranz..!! said...

പോസ്റ്റിനേക്കാള്‍ കൂടുതല്‍ രണ്ടാമെതെഴുതിയിരിക്കുന്ന ലേബല്‍ എന്നെ ചിരിപ്പിച്ചു..:)


ഈശോ..ഒരു കമന്റിടണേലും ഉണ്ട് സമ്മര്‍ദ്ദം..ദേവേട്ടാ,ബ്ലോഗ് സമ്മര്‍ദ്ദത്തിന്റെ കൂടെ കമന്റ് സമ്മര്‍ദ്ദോന്നൂടൊന്ന് എഴുതണേ,സമയം കിട്ടുമ്പോ..:)

നിഷ്പിഷം..നിഷ്പിഷ്തം..ഇതുച്ചരിച്ച് ആ കൃത്യമായ വാക്കും മറന്നു..:)

മെലോഡിയസ് said...

സ്വര്‍ണ്ണ മോതിരം പോയലെന്താ..വീട്ടില്‍ നുണ പറയാതെ രക്ഷപ്പെട്ടില്ലേ? എന്നിട്ട് പിറന്നാളാഘോഷം എങ്ങിനെ നടത്തി?

എഴുത്ത് അടിപൊളി ട്ടാ..

മഴത്തുള്ളി said...

തമനു മാഷേ,

സംഗതി അടിപൊളിയായി കേട്ടോ. എന്തെല്ലാം പാരകളാ അല്ലേ.

പിന്നെ ഇത് കോപ്പി പേസ്റ്റ് ചെയ്തോ..

നിക്ക്ഛിപ്തം.... അയ്യോ, അല്ലേല്‍ മാഷ് പറഞ്ഞതു തന്നെയാകട്ടെ ;)

ഗുപ്തന്‍ said...

മഞ്ഞപ്പിത്തം നോക്കാന്‍ കൊടുത്ത മൂത്രം ടെസ്റ്റ്‌ ചെയ്തിട്ട്‌ ഗര്‍ഭം ഒണ്ടെന്ന റിസല്‍റ്റ്‌ കേട്ടപോലെ...

ha ha ha

ഗുപ്തന്‍ said...
This comment has been removed by the author.
Santhosh said...

ഹ ഹ!! തമനൂ, നന്നായി രസിച്ചു.

ദിവാസ്വപ്നം said...

"തല്‍ക്കാലം മോതിരം വിരലില്‍ നിന്നും ഊരി മാറ്റിയിട്ട്‌, കളഞ്ഞുപോയി എന്നൊന്നു പറഞ്ഞു നോക്കാം.... വലിയ പ്രശ്നമാവുകയാണെങ്കില്‍ ഇന്‍സ്റ്റിറ്റിട്യൂട്ടില്‍ കെടന്ന് കിട്ടി എന്ന് പറഞ്ഞ്‌ പിറ്റേ ദിവസം കൊണ്ട്‌ വന്ന് കാണിക്കാം, പ്രശ്‌നങ്ങളില്ലെങ്കില്‍ വില്‍ക്കാം ... അതായിരുന്നു ആക്ഷന്‍ പ്ലാന്‍"

great people think alike :-)

Sathees Makkoth | Asha Revamma said...

പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയെ ദൈവം ചതിക്കും.നന്നായി തമനു.മോതിരം പോയതല്ല.തന്റെ എഴുത്ത്.

Mubarak Merchant said...

ക്ലൈമാക്സിലെ ആ വേദനിപ്പിക്കുന്ന നര്‍മ്മം ശോഭിച്ചു അച്ചായാ. പിന്നെ മഞ്ഞപ്പിത്തം നോക്കാന്‍ കൊടുത്ത മൂത്രം ടെസ്റ്റ്‌ ചെയ്തിട്ട്‌ ഗര്‍ഭം ഒണ്ടെന്ന റിസല്‍റ്റ്‌ കേട്ടപോലെ
മോഡല്‍ തനി നാടന്‍ പ്രയോഗങ്ങളും രസിപ്പിച്ചു. നാലും അഞ്ചും മാസം ഇടവേളകളില്ലാതെ ഇതുപോലുള്ള കഥകള്‍ പോസ്റ്റ് ചെയ്യൂ.

asdfasdf asfdasdf said...

:) :)

പുള്ളി said...

>>പക്ഷേ അതുകൊണ്ട്‌ എന്തായാലും ഒരു സമാധാനം ഉണ്ടായി .. വീട്ടില്‍ കള്ളം പറയേണ്ടി വന്നില്ല..
ഹൗ! തമനൂ ഇതാണ് പൊസിറ്റീവ് തിങ്കിംഗ്!

എന്നിട്ട് ആ നിക്കറിന്റെ പോക്കറ്റ് തയ്പ്പിച്ചോ?

കൊച്ചുത്രേസ്യ said...

മോതിരോം ട്രീറ്റുമൊക്കെ പെരുവഴീലായാലെന്ത്‌ പോസ്റ്റ്‌ ഉഗ്രനായില്ലേ. ആദ്യം മുതല്‍ അവസാനം വരെ ചിരീടെ മാലപ്പടക്കം. ഒരു സിദ്ദിക്ക്‌-ലാല്‍ സിനിമ കണ്ട പോലെ :-)

ഒരു തംശം -ഈ ഉപമകളൊക്കെ എവിടുന്നു വരുന്നു? ഇതിനു വേണ്ടി തന്നെ വല്ല കോഴ്സുമുണ്ടെങ്കില്‍ അഡ്രസ്സ്‌ പ്ലീസ്‌...

Unknown said...

തമനുച്ചായോ,
എഴുത്ത് പഴയ പോലെ തന്നെ അലക്കി. നന്നായി ചിരിപ്പിച്ചു.പോസ്റ്റിനെ പറ്റി ഒരു ഉപമ പറഞ്ഞിട്ട് പോകാമെന്ന് വെച്ചപ്പോള്‍ മനസ്സില്‍ വരുന്നത് ഇതാണ്. കെട്ടാന്‍ പോണ പെണ്ണിന്റെ കൂടെ ഒളിച്ചോടിയ പോലെ. (എനിക്കെന്താണാവോ ഇപ്പൊ അങ്ങനെ തോന്നാന്‍?)

കറുമ്പന്‍ said...

ഹും ... അപ്പൊ അതെന്റെ മാത്രം നമ്പര്‍ അല്ലായിരുന്നു അല്ലെ!! ഞാന്‍ പണ്ട് അമ്മച്ചി തലയണിയുടെ അടിയില്‍ വെക്കുന്ന കാശെടുത്തു മെത്തയുടെ അടിയില്‍ വെക്കും ... ഒരന്വേഷണം നടന്നാല്‍ നമ്മള്‍ തന്നെ തപ്പിയെടുത്തു കൊടുക്കും ... ഒത്താല്‍ എം.പി ഇല്ലെങ്കില്‍ ഊ...ജ്ജ്വലമായിരുന്നു പ്രകടനം :)

കഥ സൂപ്പര്‍ !!! നിര്‍ത്തിയ രീതിയാണു കൂടുതല്‍ ഇഷ്ടമായത്

shaama said...

കുറച്ചു നാളിനു ശേഷം അണെങ്കിലും കൊള്ളാം, ഓണത്തിനു ഒരു പോസ്റ്റ്‌ പ്രതീക്ഷിക്കുന്നു.

ഇടക്കിടക്ക്‌ പോസ്റ്റിട്ടില്ലെങ്കില്‍ ഗൂഗിളമ്മച്ചി ബ്ലോഗ്‌ ജപ്തി ചെയ്യും

വേണു venu said...

ഹാഹാ...ചിരിയുടെ മാലപ്പടക്കം തന്നെ.ഉപമകള്‍‍ ഉത്തരാധുനികന്മാര്‍.:)

സാജന്‍| SAJAN said...

മൈക്രോസോഫ്റ്റിന്റെ ചെയര്‍മാനായി അഫ്ഗാനിസ്ഥാനിലേക്ക്‌ അപ്പോയിന്റ്‌മന്റ്‌ ഓര്‍ഡര്‍ കൈയില്‍ കിട്ടിയവനെപ്പോലെ, വേണോ വേണ്ടേ എന്ന ചിന്തയില്‍ വിയര്‍ത്ത്‌ കുളിച്ച്‌ ഞാന്‍ കുറേനേരം തിരിഞ്ഞുകളിച്ചു...നല്ല ഞെരിപ്പന്‍ ഉപമകള്‍,
ഇതൊക്കെ എങ്ങനെ ഒപ്പിക്കുന്നു,
വെളുപ്പാന്‍ കാലത്ത് വായിച്ച്, ചിരിച്ച് മരിച്ചേയ്, ഹഹഹ:)

Mr. K# said...

റോഷ്‌നിയും, ഹാഷ്മിയും, സൂസനും ഒക്കെ വലിയ വിഷമം ആയിക്കാണുമല്ലേ :-)

G.MANU said...

ente achayaa...
ithu vaathaye kadathi vetti
chirichu ente office closed..hahaha

ബഹുവ്രീഹി said...

പാഠ്യേതര വിഷയങ്ങള്‍ക്കുണ്ടാകുന്ന ചെലവുകളെപ്പറ്റി നമ്മുടെയൊക്കെ അപ്പന്മാര്‍ക്ക്‌ എന്തോന്നറിയാം. അഞ്ചു പൈസാ പോലും കൊടുക്കാതെ ഇവരെ ആ പെണ്‍പിള്ളാരുടെ കൂട്ടത്തിലേക്ക് ഒരു രണ്ടു മാസം ഒന്നു വിട്ടു നോക്കണം. എന്നാലേ ഈ അപ്പന്‍ മാരൊക്കെ പഠിക്കൂ.. !

:))


തമനുസാ‍ര്‍

വെല്‍കം ബാക്!

പോസ്റ്റ് രസികന്‍. ഖല്‍ഖന്‍ ഉപ്പുമാവുകള്‍.

ഏറ്റവും രസിച്ചത് “മഞ്ഞപ്പിത്തം നോക്കാന്‍ കൊടുത്ത മൂത്രം ടെസ്റ്റ്‌ ചെയ്തിട്ട്‌ ഗര്‍ഭം ഒണ്ടെന്ന റിസല്‍റ്റ്‌ കേട്ടപോലെ“

Satheesh said...

തമനൂ, പോസ്റ്റ് കലക്കി!
:)

Ziya said...

ഊ തമനൂച്ചായോ...
വെല്‍ക്കം ബാക്ക്...
പതിവു പോലെ ഉപമേം ഉത്പ്രേക്ഷേമൊക്കെയായി അരങ്ങു തകര്‍ത്തു :)
ആ നിര്‍ത്തിയ വിധം!! ചതിയായിപ്പോയി...
പോരട്ടുടന്‍...ഇടവേളകളില്ലാതെ ഉശിരന്‍ അലക്കുകള്‍

:: niKk | നിക്ക് :: said...

ഗോവിന്ദ....!!

SHAN ALPY said...

നന്നായിട്ടുണ്ട്
അല്പം നീണ്ടുപോയോ എന്നൊരു ശങ്ക
നന്മകള്‍ നെരുന്നു

Inji Pennu said...

:) ലോട്ടറി അടിക്കായിരുന്നു എന്ന് അന്ന് ചിന്തിച്ചിരുന്നെങ്കില്‍ ലോട്ടറി അടിച്ചുപോയെനെയല്ലൊ? :) എന്നിട്ട് പിറന്നാള്‍ പാര്‍ട്ടി എന്തായി?അത് പറഞ്ഞില്ല്യ്?

അപ്പു ആദ്യാക്ഷരി said...

മാഷേ പതിവുപോലെ ചിരിച്ചു വായിച്ചു. പക്ഷേ ക്ലൈമാക്സിലെത്താതെ നിര്‍ത്തിക്കളഞ്ഞല്ലോ. പാര്‍ട്ടിക്കിടയിലെ ചമ്മലും ഒക്കെയായിരുന്നു വായിക്കുമ്പോള്‍ മനസ്സില്‍.

അപ്പു ആദ്യാക്ഷരി said...
This comment has been removed by the author.
നവരുചിയന്‍ said...

ഞാന്‍ ഇവിടെ പുതിയതാണ് . ഈ ബ്ലോഗനെ ഇപ്പോഴാ കണ്ടത് .. കഥ മുഴുവന്‍ വായിച്ചു . ചിര്ച്ചു ചിരിച്ചു ഒരു വഴി ആയി . ഇങ്ങനെ പോയാല്‍ എന്റെ വയര്‍ ഉളുക്കും .
പുതിയ ബ്ലോഗും കണ്ടു .

ഇടിവാള്‍ said...

അച്ചായാ..


ക്രിസ്മസ് ആശംസകള്‍ + നവവത്സരാശംസകള്‍

യവടെ ഇപ്പോ?? കാണാറില്ലല്ലാ?? തിരിഞ്ഞു പോയ തല ശരിയായാ? ;)

ബഷീർ said...

ആദ്യമായാണു താങ്കളുടെ ബ്ലൊഗ്‌ വായിക്കുന്നത്‌... നര്‍മ്മം ഏറെ ഇഷ്ടമായി

ഓ.ടോ..
5 വയസ്സുള്ള ഒരു മോളുണ്ട്‌.. എന്നും 5 വയസാണോ ?