Tuesday, January 2, 2007

എങ്കിലുമെന്റെ ജെന്നിഫര്‍ ലോപ്പസേ ...

എങ്കിലുമെന്റെ ജെന്നിഫര്‍ ലോപ്പസേ ...

ചന്തുവിനെ തോല്‍പ്പിച്ചിട്ടുണ്ട്‌ പലരും .. തമനൂനേം തോല്‍പ്പിച്ചിട്ടുണ്ട്‌ പലരും പലവട്ടം. പക്ഷേ തോല്‍പ്പിച്ച കാര്യത്തില്‍ ഒരു ഭയങ്കര ചെയ്ത്തു ചെയ്തത്‌ നമ്മുടെ ജെന്നിഫര്‍ ലോപ്പസ്‌ ആയിരുന്നു. (അതേന്നേ .... ഓള്‌ തന്നെ.)

ദുബൈയിലെ ഒരു പ്രശസ്തമായ ഒരു ഹോട്ടലിലെ ഒരു ബാറിലായിരുന്നു ഞങ്ങള്‍. ഞങ്ങളെന്നു പറഞ്ഞാല്‍ ഞാനും, സ്വന്തമായി ലേബര്‍ സപ്ലൈ കമ്പനി നടത്തുന്ന അവറാനും, അങ്ങേരുടെ ഒരു ക്ലയന്റായ ഒരു ഫിലിപ്പിനോയും.

അങ്ങേര്‌ ഒരു കപ്പല്‍ നിര്‍മ്മാണ ശാലയിലെ വല്യ കൊമ്പത്തെ ആളാ. അങ്ങോര്‍ക്ക്‌ ബീര്‍ കുടിക്കണം. അയാള്‍ക്ക്‌ കമ്പനി കൊടുക്കുന്ന കൂട്ടത്തില്‍ അവറാനും അടിച്ചു വീലായി പോയാല്‍ തിരികെ കാര്‍ ഓടിക്കാന്‍ വെളിവുള്ള ആരെങ്കിലും വേണ്ടേ.. അതിനാണ്‌ നമ്മളെ കൊണ്ടു പോകുന്നത്‌. നമ്മളാണെങ്കില്‍ ഒരു ഓറഞ്ച്‌ ജ്യൂസും രണ്ട്‌ പൊറോട്ടയും പേരറിയാത്ത ഏതെങ്കിലും ഒരു ചിക്കന്‍ വിഭവവും കിട്ടിയാല്‍ ഫിലിപ്പൈനിക്കല്ല സാക്ഷാല്‍ വീരപ്പനു വരെ കമ്പനി കൊടുക്കാന്‍ തയാറായി നടക്കുന്ന കാലവും. (ഞാന്‍ കള്ളു കുടിക്കില്ല എന്ന്‌ എല്ലാവര്‍ക്കും മനസ്സിലായല്ലോ അല്ലേ ... ? അല്ലേല്‍ ഇത്രയും കഷ്ടപ്പെട്ട്‌ എഴുതിയ കള്ളമെല്ലാം വെറുതെയാകും).

എന്തായാലും അവറാന്‍ ചോദിച്ചപ്പോള്‍ ഒട്ടും മസിലു പിടിക്കതെ ഞാന്‍ സമ്മതിച്ചു (അല്ലെങ്കിലും പിടിക്കാന്‍ മാത്രം മസില്‍ ഒന്നും നമ്മുടെ ശരീരത്തില്ല). പോകാന്‍ പോകുന്ന സ്റ്റാര്‍ ഹോട്ടലിന്റെ പേരു കൂടി കേട്ടപ്പോള്‍ മൈക്ക്‌ കൈയില്‍ കിട്ടിയ റിമി ടോമി യെ പോലായി ഞാന്‍, ഒരു നിമിഷം പോലും അനങ്ങാതെ നില്‍ക്കാന്‍ വയ്യാത്ത അവസ്ഥ. പോരാത്തതിന്‌ അവിടെ ഒരു റഷ്യന്‍ ബാന്‍ഡും ഉണ്ടെന്ന്‌ എവിടെയോ ഞാന്‍ പടം കണ്ടിരുന്നു. ഞാനാണെങ്കില്‍ കുഴിക്കാല CMS സ്കൂളുകാരുടെയും, പിന്നെ പ്രക്കാനത്തെ പള്ളിപ്പെരുനാളിന്‌ വന്ന മുറിഞ്ഞകല്ലുകാരുടെ ബാന്‍ഡുകളുമേ കേട്ടിട്ടുമുള്ളൂ. ആനന്ദ ലബ്ദിക്കിനി എന്തു വേണം.

ബീര്‍ അടിക്കാത്തതില്‍ ആദ്യമായി സങ്കടം തോന്നിയത്‌ ഒാര്‍ഡര്‍ എടുക്കാന്‍ വന്ന ആ റഷ്യക്കാരി ഞാന്‍ ഓറഞ്ച്‌ ജ്യ്‌ഊസ്‌ എന്നു പറഞ്ഞതു കേട്ടിട്ട്‌ ഒരു പുച്ഛച്ചിരി ചിരിച്ചപ്പോഴും, പിന്നെ അടുത്ത ടേബിളിലും പിന്നെ അങ്ങേ മൂലക്കും ഇരുന്നിരുന്ന മദാമ്മമാര്‍ പശു കാടിവെള്ളം കുടിക്കുന്നതു പോലെ ബീര്‍ കുടിക്കുന്നതു കണ്ടപ്പോളുമായിരുന്നു (ആണുങ്ങളും അവിടവിടിരുന്ന്‌ കുടിക്കുന്നുണ്ടായിരുന്നു, നമ്മളെന്തിനാ ആവശ്യമില്ലാത്ത കാര്യങ്ങളു നോക്കാന്‍ പോകുന്നേ ...?) എന്നാല്‍ ഒറ്റ ബീര്‍ കൊണ്ട്‌ ഞാന്‍ നമ്മുടെ "അയ്യപ്പ ബൈജു" വിനെക്കാള്‍ മോശം അവസ്ഥയില്‍ ആകും എന്ന മുന്നറിവും, അനുഭവവും ഉണ്ടായിരുന്നതു കൊണ്ടും 'വയ്യാത്ത പട്ടി എന്തിനാ കയ്യാല കേറാന്‍ പോയേ" എന്ന്‌ മറ്റുള്ളവര്‍ക്ക്‌ പറയാന്‍ അവസരം കൊടുക്കാന്‍ താല്‍പര്യം ഇല്ലാതിരുന്നതു കൊണ്ടും ഞാന്‍ നമ്മുടെ എ.കെ. ആന്റണി സാറിനെപ്പോലെ മിണ്ടാതെ ബാന്‍ഡ്‌ എന്താ തൊടങ്ങാത്തേ തൊടങ്ങാത്തേ എന്നാലോചിച്ച്‌ ഇരുന്നു.

ഒടുവില്‍ അതു തുടങ്ങിയപ്പ്പ്പോളാണറിയുന്നത്‌ യെവന്മാര്‍ക്ക്‌ ബാന്‍ഡ്‌ പോയിട്ട്‌ കാബൂളിവാലയിലെ വിനീതിന്റെ കൈയിലിരുന്ന പോലുള്ള തരം ബീഗിള്‍ പോലും ഊതാന്‍ അറിയില്ലെന്ന്‌. യിത്‌ ചുമ്മാ ഗാനമേള, അതും ഇംഗ്ലീഷ്‌ പാട്ടും. ഹാപ്പി ബര്‍ത്ത്‌ ഡേയ്‌ റ്റൂ യുവും, ട്വിന്‍കിള്‍ ട്വിന്‍കിളുമാണ്‌ നമുക്ക്‌ ആകെ അറിയാവുന്ന ഇംഗ്ലീഷ്‌ പാട്ടുകള്‍. അല്ലല്ല ഒരു പാട്ടൂടെ അറിയാം നമ്മുടെ ടൈറ്റാനിക്കിലെ "മൈ പാട്ട്‌ വില്ല് ഗോ... ഓണ്‍" എന്ന സാധനം. പക്ഷേ അതാണെങ്കില്‍ ആ വരി മാത്രമേ അറിയൂ താനും.

യെവന്മാര്‍ക്ക്‌ വല്ല 'സാഗരങ്ങളെ' യോ 'ലജ്ജാവതിയോ' പാടിക്കൂടേ. നമ്മുടെ ഫിലിപ്പിനോയാണെങ്കില്‍ ആസ്വദിക്കുകയും, ഇടയ്ക്കിടെ കൂടെ പാടുകയും ഒക്കെ ചെയ്യുന്നുമുണ്ട്‌. അല്ലെങ്കിലും ആ ക്ണാപ്പന്മാരങ്ങനാ.. പറയുന്നത്‌ 'പോര്‍ട്ടി പൈവ്‌' എന്നും 'പോട്ടോ കോപ്പി' എന്നും ഒക്കെ ആണെങ്കിലും ഇംഗ്ലീഷ്‌ പാട്ടു കേട്ടാല്‍ പുല്ലു പോലെ അവന്മാര്‍ക്ക്‌ മനസിലാകും.

അതിനിടയ്ക്ക്‌ ഓരോത്തന്മാര്‍ എന്തൊക്കെയോ പാട്ടുകള്‍ എഴുതിക്കൊടുക്കുന്നുണ്ട്‌, അതൊക്കെയാണെന്ന്‌ തോന്നുന്നു അവര്‌ പാടുന്നുമുണ്ട്‌. അപ്പോഴാണ്‌ എനിക്കും ഒരു ബുദ്ധി തോന്നിയത്‌.

എന്നേപ്പറ്റി അവറാനും ആ ഫിലിപ്പിനോയ്ക്കും പിന്നെ സംഗീതത്തെ സ്നേഹിക്കുന്ന എല്ലാവര്‍ക്കും ഒരു നല്ല അഭിപ്രായം ഉണ്ടാക്കാന്‍ പറ്റിയ അവസരം. എന്തു കൊണ്ട്‌ എനിക്കും ഒരു പാട്ടാവശ്യപ്പെട്ടു കൂടാ. അതിന്‌ നമ്മള്‍ പാട്ടറിയണമെന്നില്ലല്ലോ, പാട്ടറിയാവുന്ന ആരെയെങ്കിലും അറിഞ്ഞിരുന്നാല്‍ പോരെ. സ്ഥിരമായി ഇംഗ്ലീഷ്‌ CD കള്‍ വാങ്ങി അലമാരയില്‍ വച്ചു പൂട്ടുന്ന ലൂയിസിനെ വിളിച്ചു, എന്നിട്ടു ഒരു പാട്ടിന്റെ പേരും അതു പാടിയ ആളിന്റെ പേരും സ്പെല്ലിങ്ങ്‌ സഹിതം തരാന്‍ പറഞ്ഞു. അങ്ങനെ അവന്‍ തന്ന പേരാണ്‌ ജെന്നിഫര്‍ ലോപ്പസിന്റേത്‌. പാട്ടിന്റെ പേര്‌ ഞാന്‍ ഓര്‍ക്കുന്നില്ല. അല്ലെങ്കിലും പാട്ടല്ലല്ലോ അതിന്റെ സ്പെല്ലിംഗ്‌ ആണല്ലോ ഞാന്‍ എഴുതി വാങ്ങിയത്‌.

അങ്ങനെ ഞാന്‍ ആ തുണ്ട്‌ കടലാസുമായി ആ ഗാന കോകിലങ്ങളുടെ അടുത്തേക്ക്‌ നടന്നു. തങ്കശ്ശേരി വെളക്കുമാടത്തിന്റെ കൂട്ട്‌ ഉയരമുള്ള (ഒരു ഉപമ പറഞ്ഞെന്നേ ഒള്ളൂ.. ശരിക്കും അത്രയ്ക്കൊന്നും വരില്ല.) ഒരമ്മായി അപ്പോള്‍ അടിച്ചു പൊളിച്ചൊരു പാട്ടു പാടുകയാണ്‌. ഞാന്‍ കുറെ സമയം പാട്ടു തീരാന്‍ സ്റ്റേജിന്‌ മുന്‍പില്‍ വൈയ്റ്റ്‌ ചെയ്തു (ഫോര്‍ പീപ്പിള്‍സ്‌ കാണുന്നെങ്കില്‍ കണ്ടോട്ടെ), എന്നിട്ടു ആ കടലാസ്‌ ആ തരുണീ മണി യുടെ കൈയ്യില്‍ കൊടുത്തു. ഭയങ്കര കൈയടിയായിരുന്നു അപ്പോള്‍. അതു അവളുടെ പാട്ട്‌ അവസാനിച്ചതു കൊണ്ടാണോ, അതോ ഞാന്‍ പാട്ടെഴുതി കൊടുത്തതു കൊണ്ടാണോ എന്നെനിക്കു തീര്‍ച്ചയില്ല. എന്തായാലും അവിടുന്ന്‌ തിരികെ സീറ്റിലേക്ക്‌ ഞാന്‍ വന്നത്‌ മമ്മൂട്ടി കിംഗ്‌ സിനിമയില്‍ അവസാനം നടന്ന സ്റ്റൈലില്‍ ആയിരുന്നു.

പക്ഷേ തിരിച്ചു വന്ന്‌ സീറ്റിലിരുന്നപ്പോള്‍ കേട്ട അനൗണ്‍സ്‌മെന്റ്‌ ആയിരുന്നു ഞാന്‍ എന്റെ ജീവിതത്തില്‍ കേട്ട ഏറ്റവും ഹൃദയ ഭേദകമായ സാധനം...അത്‌ ഇപ്രകാരമായിരുന്നു.

"ഹലോ സുഹൃത്തേ ... ആ ഗാനമാണ്‌ ഞങ്ങള്‍ ഇപ്പോള്‍ പാടിക്കൊണ്ടിരുന്നത്‌"

.....
....

ആ പറഞ്ഞത്‌ ഇംഗ്ഗ്ലീഷില്‍ ആയിരുന്നെങ്കിലും ഞാനുള്‍പ്പെടെ എല്ലാവര്‍ക്കും അത്‌ നല്ല വ്യക്തമായി മനസിലായി.

ആദ്യം ഒരു നിശബ്ദതയായിരുന്നു. പിന്നീട്‌ കുഞ്ഞാലിക്കുട്ടിക്ക്‌ എതിരെ ജലീല്‍ ജയിച്ചതറിഞ്ഞ്‌ അദ്ദേഹത്തിന്റെ അനുയായികള്‍ ഉണ്ടാക്കിയതു പോലെ ഒരു ശബ്ദം.. അല്ല ഒരാരവം. പൊട്ടിച്ചിരികള്‍, കൂക്ക്‌ വിളികള്‍ ...

എന്റെ കളറ്‌ കണ്ടിട്ടുള്ള ആരും വിശ്വസിക്കില്ലെങ്കിലും ഞാന്‍ പറയട്ടേ, എന്റെ സമ്പാദ്യത്തിന്റെ ഭൂരിഭാഗവും തിന്നു തീര്‍ക്കുന്ന ഫെയര്‍ ആന്‍ഡ്‌ ലൗലി ക്രീം ആണെ സത്യം ഞാന്‍ വിളറി 'വെളുത്തു' പോയി.

ചിരിച്ചവരുടെ കൂട്ടത്തില്‍ അവറാനില്ലയിരുന്നു, മുഖത്ത്‌ നവരസങ്ങളിലെ മറ്റേതോ ഭാവമായിരുന്നു.

എന്തായാലും ഇപ്പോള്‍ ജെന്നിഫര്‍ ലോപ്പസ്‌ എന്നു കേട്ടാല്‍ ഞാന്‍ ആവശ്യമില്ലാതെ ഒന്നു ഞെട്ടും.

ഇപ്പോള്‍ അവറാന്‍ അങ്ങനെയുള്ള പരിപാടികള്‍ക്കൊന്നും എന്നെ വിളിക്കാറില്ല, എന്താണാവോ എന്തോ ...

32 comments:

തമനു said...

എങ്കിലുമെന്റെ ജെന്നിഫര്‍ ലോപ്പസേ ...

എന്റെ രണ്ടാമത്തെ പോസ്റ്റ്‌. പുതു വര്‍ഷത്തെ ആദ്യത്തേതും.

വായിച്ച്‌ അഭിപ്രായം അറിയിച്ചാലും, ...

കുറുമാന്‍ said...

ുര്‍മന72തമനുവേ, ലോപ്പസ് കൊള്ളാലോ.

പറഞ്ഞപോലെ ഈ ഫിലിപ്പിനോകള്‍, മേദം, ഡുദ് മോണിംഗ്, പ്പോര്‍ട്ടി പൈവ് എന്നൊക്കെയാണു പറയുന്നതെങ്കിലും, പാട്ടിന്റെ കാര്യത്തിലും മറ്റു സംഗീത ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്ന കാര്യത്തിലും അഗ്രഗണ്യന്മാര്‍ തന്നെ

പ്രിയംവദ-priyamvada said...

ഹാവു സമാധാനമായീ..എന്നെപോലെ പോപ്പില്‍ നിരക്ഷരകുക്ഷികള്‍ വെറേം ഇണ്ടല്ലാ.
പിന്നെ എഴുത്തു ഉത്തമം!

സുല്‍ |Sul said...

ഏയ് തമനു ആളു കണ്ടപോലെയല്ലല്ല്. പുലിയല്ലെ പുലി. എന്താ എഴുത്ത്. എന്താ പ്രയോഗങ്ങള്‍. ഉം. ക്ഷ പിടിച്ചിര്ക്കുന്നു. കസറന്‍ പോസ്റ്റ് കണ്ണാ.

-സുല്‍

Kiranz..!! said...

ഹ..ഹ...കുറുമാന്‍ പറഞ്ഞത് അപ്പടി ശരിയാ..വോഗേ വോഗേ എന്ന് പറഞ്ഞോണ്ടിരിക്കുമെങ്കിലും ഇവള്‍മാര്‍ എന്ത് സ്റ്റൈല്‍ ആയിട്ടാ വെസ്റ്റേണ്‍ പാടുന്നത്..!
നന്നായി എഴുതി ഉത്തമനേ..ചിരി വന്നതോട്ടോമാറ്റിക്..:)

Siju | സിജു said...

ഇതൊരൊടുക്കത്തെ പറ്റലായി പോയല്ലോ

Unknown said...

തമനു ഭായ്,
ലോപ്പസ് കലക്കി. ഇനിയുമുണ്ടോ ഇത് പോലെ മനോഹരമായ അനുഭവങ്ങള്‍? :-)

ദിവാസ്വപ്നം said...

ഹ ഹ ഹ

എന്നാ കീ‍റാ ഇച്ചായാ കീറിയിരിക്കുന്നേ... സത്യമായിട്ടും ഞാന്‍ പൊട്ടിച്ചിരിച്ചുപോയി :‌‌-))

ഡെല്‍ഹിയിലായിരിക്കുമ്പോള്‍, കൂടെ ജോലി ചെയ്യുന്ന ചില ചുണക്കുട്ടന്മാരൊക്കെ ഇംഗ്ലീഷ് പാട്ടുകാരുടേ കൂടെ പാടുന്നത് കേട്ട് നമുക്ക് ഈ ഐറ്റം വെറുത്തുപോയതാണ്. ഹിന്ദിയാണെങ്കില്‍ പിന്നേം നമുക്ക് ഓര്‍ത്തുവച്ച് പാടാമെന്ന് വയ്ക്കാം. ഇതങ്ങനെ വല്ലതുമാണോ ?

പോസ്റ്റ് അമറി (അമറന്‍ എന്ന് ഭൂതകാലത്തിലാക്കിയതാണ്). തമനുവിനെ പുലിയായി പ്രഖ്യാപിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു... !

കഴിഞ്ഞ പോസ്റ്റും വായിച്ച് ചിരിച്ചിട്ട് ഞാന്‍ നന്ദിയില്ലാതെ (കമന്റാതെ) തിരിച്ചുപോയി. സോറി.

ഇമ്മാതിരി കിണുക്കന്‍ ഐറ്റംസ് (കട: വിശാലമനസ്സ്‌) ഉണ്ടെങ്കില്‍ ഇനിയും പോരട്ടെ.

ആശംസകള്‍

പാപ്പാന്‍‌/mahout said...

നല്ല തമാശ. വായിച്ചു, ചിരിച്ചു.

qw_er_ty

തമനു said...

ഇതുവരെ വന്ന്‌ അഭിപ്രായം അറിയിച്ച എല്ലാവര്‍ക്കും നന്ദി.

കുറുമാന്‍ജീ ... വളരെ നന്ദി.. ആദ്യ കമന്റ്‌ പുലികളുടേതാകുന്നതിന്‌ ഒരു പ്രത്യേക സുഖമാ..

പ്രിയം വടേ ( അങ്ങനെ ഞങ്ങ വിളിക്കണ ഒരു കൂട്ടുകാരി ഒണ്ടായിരുന്നു).. ഞാന്‍ പുതിയ ഒരു ഇംഗ്ലീഷ്‌ പാട്ട്‌ പടിച്ചോണ്ടിരിക്കുവാ ..."ജിംഗിള്‍ ബെല്‍സ്‌, ജിംഗിള്‍ ബെല്‍സ്‌ ടണ്‍ ടണ ടണ്‍ ടണ്‍ ടാ.."

സുല്ലേ ... പുലീന്ന്‌ വിളിച്ച്‌ യഥാര്‍ത്ഥ പുലികളുടെ കടി വാങ്ങല്ലേ ..(എന്തായാലും ആ വിളി കേള്‍ക്കുന്നതിന്‌ ഒരു ചെറിയ സുഖമുണ്ട്‌ ... താങ്ക്സ്‌)

നന്ദി കിരണ്‍സേ .. നമ്മളും ഇംഗ്ലീഷ്‌ പാടുമെന്നേ.. പിന്നെ അവന്മാരത്‌ മനസിലാക്കണമെങ്കില്‍ കൊറേ പുളിക്കും..

എന്റെ സിജൂ ഞാനും വിചാരിച്ചു അതൊടുക്കത്തെ പറ്റലാണെന്ന്‌ ... എവിടെ ... പറ്റലുകളേറ്റു വാങ്ങാന്‍ തമനൂന്റെ ജീവിതം പിന്നെയും ബാക്കി..

നന്ദി ദില്‍ബൂസേ .. എന്നാലും എന്റെ അനുഭവത്തെ മനോഹരമെന്ന്‌ വിളിക്കേണ്ടായിരുന്നു. ഇപ്പോഴും ആ ചളിപ്പ്‌ മാറിയിട്ടില്ല.

ദിവാ(ന്‍) ജീ ... വളരെ നന്ദി.. താങ്കളുടെ 'അവറാപ്പപ്പന്‌" ഒരു കമന്റിടാന്‍ ഞാന്‍ രണ്ട്‌ പ്രാവശ്യം ശ്രമിച്ചു തോറ്റു പോയിരുന്നു. അതിവിടെ അറിയിക്കട്ടെ .. അതു നല്ല പൊളപ്പന്‍ സാധനമാരുന്നെന്നേ .. കൊറേ ചിരിച്ചു. (അതിനിടാന്‍ വച്ച കമന്റ്‌ ഒരു പോസ്റ്റാക്കാന്‍ പറ്റുമെന്ന്‌ തോന്നുന്നു, നോക്കട്ടെ)
എന്തായാലും നിങ്ങളൊക്കെ എന്റെ പോസ്റ്റ്‌ വായിക്കുന്നു എന്നതില്‍പരമൊരു സന്തോഷം എന്നെപ്പോലുള്ള പുതു ബ്ലോഗന്മാര്‍ക്ക്‌ ഒരു പ്രചോദനം ആണ്‌. എല്ലാ നല്ല വാക്കുകള്‍ക്കും ഒരിക്കല്‍ കൂടി നന്ദി.

പാപ്പാനേ ... നന്ദി..

സു | Su said...

നല്ല തമാശ. എനിക്കും ജെലോയുടെ പാട്ടുകള്‍ ഇഷ്ടമാണ്. എന്നുവെച്ച് അതൊക്കെ എനിക്കു മനസ്സിലാവും എന്നു വിചാരിക്കരുതേ.

വെയ്റ്റിങ് ഫോര്‍ റ്റുനൈറ്റ് എന്നൊരു പാട്ടുണ്ട്. അതെനിക്ക് കുറച്ച് അറിയാം.

ഓടിക്കോ തമനൂ ;)

Anonymous said...

കലക്കി മച്ചാ...നമസ്ക്കരിച്ചു.

ന്നാലും മ്മ്ടെ റിമി ടോമീനെ കളിയാ‍ക്കീലോ?
[ഞാന്‍ റിമി ടോമി ഫാന്‍സ് അസ്സോസിയേഷന്‍ സെക്രട്ടറിയാ.ഹാഹാ]
അങ്ങിനെ തന്നെ വേണം തനിയ്ക്ക്.
അന്ന് അവിടെ കൂവാത്തത് അവറാനായി ഇവിടെ കൂവുന്നു. കൂ..യ്യ്..കൂ...

വിവി

magnifier said...

തമനുന്റെ ബ്ലോഗ് വെഞ്ചരിപ്പിന് ഒരു സ്വാഗതോം പറഞ്ഞ് പോയതാ ഞാന്‍. കഴിഞ്ഞപോസ്റ്റിന് കമന്റെഴുതാന്‍ ശ്രമിച്ച് ധീരമായി പരാജയപ്പെടുകയും ചെയ്തു. ഇതിനെങ്കിലും ഒരു കമന്റ് പറഞ്ഞില്ലേല്‍ അതാത്മ വഞ്ചനയാവും. നേരെ കയറിയിരുന്നോളൂ.മുന്‍ നിരയില്‍ തന്നെ ട്ടോ. അമ്മാതിരിയല്ലേ പെടയ്ക്കണേ.

വല്യമ്മായി said...

ഹ ഹ നല്ല വിവരണം.

Abdu said...

ഹ ഹ,

ആ റിമി ടോമി ഉപമേം ഫിലിപ്പീനോ നിരീക്ഷണവും ശരിക്കും രസിച്ചു.


ആസ്വദിച്ചുതന്നെ വായിച്ചു,

ഇനിയും പോരട്ടെ,

Mubarak Merchant said...

എന്റെ പൊന്നു തമനുത്തമേട്ടാ..
ഞാന്‍ തുള്ളിച്ചാടിച്ചിരിച്ചു.
ദിതാണ്.. ദിതാണ് പറ്റ്. പറ്റു പറ്റിയാല്‍ ദിങ്ങനെയിരിക്കണം.
കൊഡ് കൈ. ഒന്ന് മുത്തട്ടെ!

Sathees Makkoth | Asha Revamma said...

തമനൂ,
അപ്പോ നമ്മക്ക് രണ്ടുപേര്‍ക്കും അങ്ങട് കൈ പിടിച്ച് നടക്കാം.എനിക്ക് എന്താശ്വാസമായെന്നോ കൂട്ടിനൊരാളെ കിട്ടിയതില്‍ .

Visala Manaskan said...

തമന്‍..(ഉ)
ഹഹഹ.. ഞെരിച്ചളിയാ ഞെരിച്ച്!

പറ്റ് പറ്റ് എന്നൊക്കെ പറഞ്ഞാല്‍ ദിദാണ്. വിവരണം ഡീസന്റായിട്ടുണ്ട് ട്ടാ..

തമനു said...

ജെലോ എന്നു പറഞ്ഞാല്‍ ജെന്നിഫര്‍ ലോപ്പസ്‌ എന്നായിരുന്നല്ലേ സൂ... ആ ഫിലിപ്പിനൊ പിന്നീട്‌ അവറാനെ കണ്ടപ്പോള്‍ എന്നെപ്പറ്റി 'ജെലോ' എവിടെ എന്നു ചോദിച്ചത്രേ ... ഞാനോര്‍ത്തു അത്‌ അവന്മാരുടെ ഭാഷയില്‍ 'മണ്ടന്‍' എന്നോ മറ്റോ ആണെന്ന്‌ ..

സൂ.., വിവി(ടോമി),മാഗ്നീ, വല്യമ്മായീ, ഇടങ്ങള്‍,ഇക്കാസ്‌, സതീശ്‌, വിശാല്‍ജീ.. എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി.

വിന്‍സ് said...

ഹഹഹ കൊള്ളാം. ആഞ്ഞു പിടിച്ചാല്‍ കുറുമാന്റെയും, വിശാല മനസ്കന്റെയും, അരവിന്ദ് ന്റെയും ലെവെലില്‍ എത്താന്‍ കഴിഞ്ഞേക്കും. :) സൂപ്പര്‍.

ബിന്ദു said...

ഞാന്‍ കളിയാക്കില്ല, എനിക്കും പറ്റിയേനെ അതുപോലുള്ള അബദ്ധം.:) നന്നായിട്ടുണ്ട്.

Rasheed Chalil said...

ഇത് കലക്കി... ഇനിയും വരട്ടേന്നേ

അച്ചപ്പു said...

ഹലോ തമനുച്ചേട്ടാ, അമളിയാണേലും അവധരണം കലക്കീട്ടോ. സത്യത്തില്‍ വായിച്ചോണ്ടിരിന്നപ്പം ഞാന്‍ കര്യുതിയെ ചേട്ടന്‍ നമ്മുടെ സാക്ഷാല്‍ "ലജ്ജാവതിയെ" ആവും ആവശ്യപ്പെട്ടേന്നാ.... എന്തായാലും അനുഭവങ്ങളും പാളിച്ചകളും.

Unknown said...

ഹഹ കലക്കി!
ഇതലക്കി പ്രത്യേകിച്ചും റിമി ടോമി പോലുള്ള ഉപമകള്‍..

Anonymous said...

തമന്‍ (ഉ) .ഹഹ ഇതൊരു ഒന്നൊന്നര പറ്റലായിപ്പോയല്ലോ ? കൊള്ളാം നല്ല എഴുത്തു.

ബഹുവ്രീഹി said...

എങ്കിലുമെന്റെ മാഷേ!

കലക്കീട്ടോ.

മുസ്തഫ|musthapha said...

ഹഹഹഹഹ... തമനു... സൂപ്പര്‍ സാധനം മാഷെ... സൂപ്പര്‍ :))

നല്ല ഉപമകളും പ്രയോഗങ്ങളും... :)

കോര്‍ണിഷ് പാര്‍ക്കില്‍ വെച്ചു കണ്ട താടിക്കാരന്‍ ഇമ്മാതിരിയൊരു പുലിയാണെന്ന് നിനച്ചില്ല... :)

അറിഞ്ഞില്ല... അഗ്രജനറിഞ്ഞില്ല... ആ ബുള്‍ഗാന്‍ താടിക്കുള്ളില്‍ ഇങ്ങനെയൊരു പുലിയൊളിച്ചിരിപ്പുണ്ടെന്ന് :)

പതാലി said...

ചെറിയൊരു കൊമേഴ്സ്യല്‍ ബ്രേക്കില്‍ ആയിരുന്നതിനാല്‍ അണ്ണന്‍റെ പോസ്റ്റ് വായിക്കാന്‍ വൈകി. വൈകിയെങ്കിലെന്താ ഇരിപ്പും കുടിശികേം പലിശേം തീര്‍ക്കുന്ന മൊതലല്ലേ. കിടിലന്‍ എന്നു പറഞ്ഞാല്‍ പോര.. കിക്കിടിലന്‍. ഇത്തരം അബദ്ധങ്ങള്‍ ഒരുപാടു സ്റ്റോക്കുണ്ടാവുമല്ലോ? ഒന്നൊന്നായി ചാന്പി വിട്. ഉള്ളത് ഉള്ളതുപോലെ എഴുതുന്പോള്‍ വായിക്കുന്നതിന് ഒരു സുഖമുണ്ട്.
പിന്നെ നീണ്ട ഇടവേളക്കുശേഷം ലെവളെ(ജെന്നിഫര്‍ ലോപസിനെ) ഓര്‍മിക്കാനും അണ്ണന്‍റെ പോസ്റ്റ് ഉപകരിച്ചു. ലെവളു പുലിയാണു കേട്ടാ.
ലോകത്തിലെ സെക്സിയസ്റ്റ് പെണ്ണായിരുന്നു കേട്ടാ. പിന്നെ അമേരിക്കയിലെ ഏറ്റവും സ്വാധീന ശക്തിയുള്ള തരുണിയും ലെവളുതന്നെ. സ്ട്രോംഗസ്റ്റ് വനിത എന്ന വിശേഷണവുമായി ഈ വര്‍ഷം ഗിന്നസ് ബുക്കിലും ചാടിക്കയറിയിരിക്കുന്നു.

തറവാടി said...

തമനുവെ ,

ആദ്യായാണിവിടെ ,
മുഷിപ്പിക്കാത്ത നല്ല വിവരണം

:: niKk | നിക്ക് :: said...

ഹെ ഹെ സത്യത്തില്‍ എന്താ സംഭവിച്ചത്‌. ബിയറിന്റെ മണം കേട്ടു ഫിറ്റായതാവാനും ഒരു ചാന്‍സ്‌ കിടപ്പുണ്ടല്ലോ തമനുവേ

P Das said...

:)

സുധി അറയ്ക്കൽ said...

ഹാ ഹാ.എന്നാ പോസ്റ്റാരുന്നു.നന്നായി ഇഷ്ടപ്പെട്ടു.!!!