Sunday, January 14, 2007

കാമധേനുവും കമ്പ്‌ ഐസും

ഞങ്ങളെ തല്ലു കൊള്ളിക്കാന്‍ മാത്രമായി ഒരു ജന്മം .. അതായിരുന്നു ഞങ്ങളുടെ ചേച്ചി.

അവള്‍ പ്രത്യക്ഷമായി ഒന്നു ചെയ്യുകേല.. പക്ഷേ നല്ല പോലെ പഠിക്കുമായിരുന്നു, പിന്നെ കൊറച്ച്‌ അടക്കോം ഒതുക്കോം ഒണ്ടായിരുന്നു... പോരേ പൂരം..

ഇതൊന്നും ഇല്ലാത്ത നമുക്ക്‌ യെവള്‌ കാരണം സ്കൂള്‍ ഒരു തലവേദനയായിരുന്നു. ആഴ്ചയില്‍ രണ്ട്‌ ദിവസമൊഴികെ ബാക്കിയെല്ലാ ദിവസവും ഒരു സാറിന്റെ കൈയില്‍ നിന്നും മിനിമം ഒരടിയെങ്കിലും സ്കൂളില്‍ നമ്മുടെ അവകാശമായിരുന്നു.

പക്ഷേ അഹങ്കാരം കൊണ്ട്‌ പറേവാണെന്ന്‌ കരുതല്ലേ .. കൈവെള്ളയിലൊഴിച്ച്‌ വേറേ എവിടെയും എത്ര അടികൊണ്ടാലും അതൊന്നും പുറത്ത്‌ കാണില്ലായിരുന്നു. അത്‌ എന്റെ കളറിന്റെ പ്രത്യേകത. ജന്മനാ ലഭിച്ച ആ നിറം, ശനിയും ഞായറും പത്ത്‌ മണിക്കൂറുകളും, ബാക്കിയുള്ള ദിവസങ്ങളില്‍ കുറഞ്ഞത്‌ രണ്ട്‌ മണിക്കൂറുകളെങ്കിലും വെയിലിലും പൊടിയിലും നിന്ന്‌ സുന്ദരമാക്കുന്നതില്‍ ഞാന്‍ വളരെ ശ്രദ്ധിച്ച്‌ പോന്നിരിന്നു.

രാവിലെ ചകിരി വച്ച്‌ തേച്ച്‌ കുളിച്ച്‌ ആറന്മുള രഘുവാനയെപ്പോലെ പുറത്തേക്ക്‌ പോകുന്ന എന്നെ ഉച്ചയ്ക്ക്‌ ഭക്ഷണപാത്രത്തിന്‌ മുന്‍പില്‍ വീണ്ടും കാണുന്ന എന്റെ അമ്മയ്ക്‌ 'യെവന്‍ തന്നെയായിരുന്നോ ലവന്‍" എന്ന വര്‍ണ്യത്തിലൊരാശങ്ക സ്ഥിരമായുണ്ടാകാറുണ്ടായിരുന്നു.

അതവിടെ നിക്കട്ടെ, നമുക്ക്‌ അടിയിലേക്ക്‌ വരാം "നീയെങ്ങനെ അവളുടെ ആങ്ങളയായി പെറന്നെടാ" .. എന്നു ചോദിച്ചായിരുന്നു മിക്കപ്പോഴും അടി. സാറന്മാരായിപ്പോയി അല്ലെങ്കില്‍ ഞാന്‍ നല്ല ചുട്ട മറുപടി കൊടുത്തേനേം... മാത്രോമല്ല എങ്ങനാ പിറന്നേന്ന്‌ അധ്യാപകരോടൊക്കെ പറഞ്ഞ്‌ കൊടുക്കാന്‍ പറ്റുമോ. മോശമല്ലേ ..

അങ്ങനെ ഞാന്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം ബോളര്‍മാരെപ്പോലെ ഒരു ചളിപ്പുമില്ലാതെ എല്ലാവരുടെ കൈയില്‍ നിന്നും അടിയൊക്കെ വാങ്ങിച്ച്‌ നടക്കുന്ന സമയത്തായിരുന്നു പിതാശ്രീ പട്ടാളത്തിലെ പണി നിര്‍ത്തിനാട്ടില്‍ വന്നത്‌ .

കുറേക്കാലം എല്ലാപട്ടാളക്കാരെയും പോലെ വെടിക്കഥകള്‍ പറഞ്ഞ്‌ നാട്ടുകാരെയും ഞങ്ങളെയും ബോറടിപ്പിച്ചു. ആദ്യമൊക്കെ ഷക്കീലയുടെ സിനിമയ്ക്ക്‌ കെളവന്മാരുടെ കൈയില്‍ നിന്നും കിട്ടിയിരുന്ന പോലൊരു സ്വീകരണമായിരുന്നു പിതായുടെ കഥകള്‍ക്ക്‌ അയല്‍ക്കാരില്‍ നിന്നും കിട്ടിയിരുന്നത്‌. പക്ഷേ കഥ കേള്‍ക്കുന്നതിനേക്കാള്‍ പിതാ കൊണ്ടുവന്ന സ്മാളിലായിരുന്നു എല്ലാവര്‍ക്കും താല്‍പര്യം എന്ന്‌ ഞങ്ങള്‍ക്ക്‌ മനസിലായത്‌, A പടം രണ്ടാമത്‌ കാണുന്നവര്‍ കാണേണ്ട സീനുകള്‍ കഴിയുമ്പോള്‍ തീയേറ്ററില്‍ നിന്നും ഇറങ്ങി പോകുന്നതു പോലെ സ്മാള്‍ തീരുമ്പോള്‍ എന്നാ പിന്നെ നാളെ കാണാം എന്നും പറഞ്ഞ്‌ അവര്‍ ചിറിയും തുടച്ച്‌ നടന്നു പോകുമ്പോളായിരുന്നു.

അങ്ങനെയുള്ള ഒരു വെടി-കുടി മീറ്റിലെ ഏതൊ ഒരു അഭിശപ്ത നിമിഷത്തിലാണ്‌ ഏതോ ഒരനോണി, പിതായുടെ മനസിലേക്ക്‌, "നമുക്കോരോ നാരങ്ങ്യാ വെള്ളമങ്ങട്‌ കാച്ചിയാലോ" എന്ന്‌ തൂവാനത്തുമ്പികളില്‍ മോഹന്‍ലാല്‍ ചോദിക്കുന്നതു പോലെ "നമുക്കൊരു പശുവിനെ വാങ്ങിയാലോ" എന്നൊരു കമന്റിട്ടത്‌. ..

അവിടെത്തുടങ്ങി എന്റെ ശനിദശ. മൂത്തത്‌ പെണ്ണായതു കൊണ്ടും, പിന്നീടുള്ള ഇരട്ടകളായ ചേട്ടന്മാര്‍ രണ്ടും ഉന്നത വിദ്യാഭാസത്തിനായി ആറ്‌ കിലോമീറ്റര്‍ ദൂരെയുള്ള കോളേജില്‍ രാവിലെ പോയാല്‍ രാത്രിയിലേ തിരിച്ചു വരൂ എന്ന കാരണത്താലും, പശുവിനെ വാങ്ങിയാല്‍, പുല്ലു പറിക്കുക, കാടി കൊടുക്കുക, തീറ്റാന്‍ പോകുക, ചാണകം വാരുക മുതലായ എക്സിക്യൂട്ടീവ്‌ പണികള്‍ ബാലവേല നിയമം മൂലം നിരോധിച്ചിട്ടില്ലാത്ത ആ കാലത്ത്‌ എനിക്കു തന്നെ കിട്ടും എന്നുറപ്പായിരുന്നു .

പ്രതിഷേധിക്കാന്‍ ഒരു വിഫല ശ്രമം നടത്തി നോക്കി ഞാന്‍, പക്ഷെ അതിന്‌ ഇറാക്കിനെ ആക്രമിച്ചാല്‍ വളരെയധികം പ്രത്യാഘാതങ്ങളുണ്ടാകുമെന്ന്‌ മുട്ടത്തുകോണം സന്തോഷ്‌ ആര്‍ട്‌സ്‌ ആന്‍ഡ്‌ സ്പ്പോര്‍ട്സ്‌ ക്ലബ്ബ്‌ പ്രസിഡന്റ്‌ രാമേട്ടന്റെ വാണിംഗിന്‌ ബുഷ്‌ കൊടുത്തതിന്റെ അത്രയും പ്രാധാന്യം പോലും എന്റെ പിതാശ്രീ കൊടുത്തില്ല.

അങ്ങനെ പത്തനംതിട്ട-കോഴഞ്ചേരി ഉഷസ്‌ ബസോടിച്ചും, പിന്നെ സൂര്യന്‍ പോലും കൊടയില്ലാതെ വെളിയിലെറങ്ങാത്ത വെയിലില്‍ പറമ്പില്‍ കബടി കളിച്ചും ഒക്കെ വെയിലേറ്റു കരുവാളിച്ച്‌ പോന്നിരുന്ന എന്റെ ജീവിതത്തിലേക്ക്‌ ഒരു വേനലവധിക്ക്‌ ആ പശു കടന്നു വന്നു.

എല്ലാ വെല്യവുധിക്കും പള്ളിയില്‍ vacation bible school എന്നൊരു മാമാങ്കം ഉണ്ട്‌. അത്‌ പല സണ്‍ഡേ സ്കൂളുകളില്‍ നിന്നും വരുന്ന വിവിധ കളര്‍ പീസുകളാല്‍ സമൃദ്ധമാണ്‌. ആ ഒരാഴ്ച പുനലൂര്‍ ഷുഗര്‍ ഫാക്ടറി നമ്മുടെ മുന്നില്‍ വെറും ശിശു. അവര്‍ ഒരു വര്‍ഷം കൊണ്ട്‌ ഒണ്ടാക്കുന്ന പഞ്ചാര നമ്മള്‍ ഒറ്റ ആഴ്ച കൊണ്ട്‌ അടിച്ചെടുത്തിരിക്കും. ആ ഒരു മനോഹരാവസരമാണ്‌ പിതാശ്രീയും, പശുവും കൂടി തൊലച്ചിരിക്കുന്നത്‌.ആ പ്രാവശ്യത്തെ VBS ചിന്താവിഷയം "യേശുവിനെ നോക്കുക" എന്നായിരുന്നു. ഞാന്‍ ആദ്യമേതന്നെ അതിന്റെ ഒരു സ്റ്റിക്കര്‍ കൊണ്ടുവന്ന്‌ വീട്ടില്‍ ഒട്ടിച്ചു. പക്ഷേ പിതാവിന്റെ മനമലിയുന്ന യാതൊരു ലക്ഷണവും നഹി. "പശുവിനെ നോക്കിക്കഴിഞ്ഞിട്ട്‌ യേശുവിനെ നോക്കിയാല്‍ മതി" എന്നൊരു അലിഘിത നിയമം പിതാ എനിക്കു മാത്രമായി വീട്ടില്‍ നടപ്പിലാക്കി.

പക്ഷേ അമ്മ ത്രൂ ഒരാഴ്ചത്തെ ഹാഫ്‌ ഡേ ലീവ്‌ ഞായറാഴ്ച്ച ഞാന്‍ സമര്‍പ്പിക്കുകയും കരച്ചില്‍, നിരാഹാര സത്യാഗ്രഹ ഭീഷണി (ഭീഷണി മാത്രമേ ഒള്ളൂ .. പട്ടിണി കെടക്കണേല്‍ കൊറെ പുളിക്കും) മുതലായ സമര മുറകളാല്‍ അത്‌ പാസാക്കിയെടുക്കുകയും ചെയ്തു.

അങ്ങനെ പിറ്റേ ദിവസത്തെ മധുര മനോഹര സ്വപ്നങ്ങളൊക്കെ കണ്ട്‌, രാവിലെ പത്തു മണിക്ക്‌ പള്ളിയില്‍ പോകാന്‍ വേണ്ടി തലേ ദിവസമേ കുളിച്ചിട്ട്‌ കിടന്ന എന്നെ, ചാമ്പക്ക വീഴ്താന്‍ വേണ്ടി മരമിട്ടു കുലുക്കുന്ന പോലെ കുലുക്കി ഉണര്‍ത്തിയിട്ട്‌ പിതാ ഇങ്ങനെ പറഞ്ഞു.

"രാവിലെ പശൂനെ ബ്ലോക്കില്‍ കൊണ്ടുപോയി കുത്തി വപ്പിച്ചിട്ടു വാ.. എന്നിട്ടു പള്ളീല്‍ പോയാ മതി".

വെറുതെ പോയ സിദാനെ വിളിച്ചു വരുത്തി 10 ടണ്ണിന്റെ ഒരു ഇടി വാങ്ങിച്ച്‌ നെഞ്ചിന്‍ കൂട്‌ തകര്‍ന്ന്‌ കെടന്ന മറ്റരാസിയെപ്പോലെ ഞാന്‍ കുറേനേരം ആ കെടപ്പ്‌ കെടന്നു. ഇങ്ങനൊരു ചതി സ്വന്തം അപ്പന്‍ കാണിക്കുമെന്ന്‌ കരുതിയില്ല.

ബ്ലോക്ക്‌ ആപ്പീസ്‌ എന്നു പറയുന്നത്‌ രണ്ടര കിലോമീറ്റര്‍ ദൂരെയാണ്‌. അതിനിടയില്‍ ഏതൊരു മരുന്നു വില്‍പ്പനക്കാരനും, ലോട്ടറി ടിക്കറ്റ്‌ കാരനും ഒന്നു നിര്‍ത്തി ഒരു ചെറിയ കച്ചോടം നടത്താന്‍ തോന്നുകയും, ബസ്‌ കേറാനായി നില്‍ക്കുന്ന ഒട്ടേറെ ലലനാമണികള്‍ക്കിടയിലൂടെ ഇന്നലെ വരെ തോള്‌ ചരിച്ച്‌ നമ്മള്‍ തന്നെ നടക്കുകയും ചെയ്ത ആശുപത്രിപ്പടി, ഗണപതിയമ്പലപ്പടി, ചന്ത, നെടുവേലി മുക്ക്‌ എന്നീ പ്രധാന ടൂറിസ്റ്റ്‌ സ്പോട്ടുകളുമുണ്ട്‌. അതിലേറെ സങ്കടം ചന്തക്കും, നെടുവേലി മുക്കിനുമിടയിലാണ്‌ ഞങ്ങളുടെ യുവാക്കളുടെ ആശയും ആവേശവുമായ കവിതാ പാരലല്‍ കോളേജ്‌ സ്ഥിതിചെയ്യുന്നത്‌ എന്നതാണ്‌.

കല്യാണ പ്രായമൊന്നുമായില്ലെങ്കിലും, സാധാരണ അരിയാട്ടുന്നപോലെ കുണുങ്ങി കുണുങ്ങി നടന്നിരുന്ന ഞാന്‍ നാലു പെണ്‍പിള്ളേരെ കാണുമ്പോള്‍ മോഹന്‍ലാലിനെപ്പോലെ നടക്കാന്‍ വൃഥാ ശ്രമിച്ചിരുന്ന കാലവുമായിരുന്നു അത്‌. ആ എന്നോടാ പെണ്‍പിള്ളേര്‍ കൂട്ടം കൂട്ടമായി കവിതയിലേക്കും പിന്നെ അന്നു തുടങ്ങുന്ന VBS -ലേക്കും വരുന്ന സമയം പശുവിനേം കൊണ്ട്‌ പോകാന്‍ പറയുന്നത്‌. ഒരു ദിവസത്തേക്ക്‌ പ്ലാസ്റ്റിക്ക്‌ സര്‍ജറി ചെയ്ത്‌ തെങ്ങു കേറ്റക്കാരന്‍ സുകുമാരന്റെ മൊഖഷേപ്‌ വരുത്തിയാലോ എന്നു വരെ ആ കെടപ്പില്‍ കെടന്ന്‌ ഞാന്‍ ആലോചിച്ചു.

പക്ഷേ വരാനുള്ളതിന്റെ സ്വഭാവം അന്നും ഇന്നും ഒരുപോലെയായതിനാല്‍, അത്‌ വഴിയില്‍ തങ്ങില്ലാന്ന്‌ എനിക്ക്‌ നല്ല് ഒറപ്പായിരുന്നു.

അങ്ങനെ അയല്‍വക്കത്തെ 'ജോസപ്പ്‌' എന്ന പയ്യനേം കൂട്ടി പോകാന്‍ ഞാന്‍ തീരുമാനിച്ചു. അവനെന്നേക്കാളും പയ്യന്‍, പശുവിനെ തെളിക്കാനുള്ള പ്രായമോ ആരോഗ്യമോ അവനില്ലെന്നെനിക്കറിയാം. പക്ഷേ ആരെയെങ്കിലും കിട്ടേണ്ടേ..? ആരോഗ്യമുള്ളവരെ വിളിച്ചോണ്ട്‌ പോയാന്‍ അവര്‍ക്ക്‌ ഒരു സ്മാളിനെങ്കിലും കാശ്‌ എന്റപ്പന്‍ കൊടുക്കുമോ ..!.. ഇവനാകുമ്പോള്‍ ചന്തയില്‍ നിന്ന്‌ ഒരു "കമ്പ്‌ ഐസ്‌" വാങ്ങി കൊടുത്താല്‍ മതി. അങ്ങനെ കവിതയിലേക്ക്‌ പീസുകള്‍ വരും മുന്‍പ്‌ പോകാനും, അവരെല്ലാം ക്ലാസില്‍ കയറിക്കഴിഞ്ഞ്‌ തിരിച്ചിറങ്ങുന്നതിന്‌ മുന്‍പ്‌ തിരികെ വരാനും, ഇനി അബദ്ധവശാലെങ്ങാനും വല്ല കളറിനേം കാണുകയാണെങ്കില്‍ ആ സമയത്തേക്ക്‌ മാത്രം ജോസപ്പിന്റെ കൈയ്യില്‍ കയര്‍ കൊടുക്കാനും തീരുമാനിച്ച്‌ ഞങ്ങള്‍ കാമധേനുവിനേയും കൊണ്ടിറങ്ങി.

അങ്ങനെ ഒരുവിധം കുഴപ്പങ്ങളില്ലാതെ ഞങ്ങള്‍ ബ്ലോക്കാപ്പീസിലെത്തി. അവിടെ കന്നുകാലി ചന്തയ്ക്‌ വന്നപോലെ വിവിധ നാട്ടുകാര്‍ തങ്ങളുടെ പശുക്കളെയും കൊണ്ട്‌ വന്നിട്ടുണ്ട്‌. അപ്പോള്‍ ഒടനെയെങ്ങും തിരിച്ചു പോക്ക്‌ നടക്കില്ല.

തെണ്ടികള്‍.. എല്ലാവന്മാരും രാവിലെ തന്നെ പശൂനേംകൊണ്ടിങ്ങിറങ്ങും... ഇവന്മാരുടെ അടുത്തെങ്ങും കാളകളില്ലേ എന്ന്‌ ഞാന്‍ പലതവണ അല്‍ഭുതം കൂറി.

ഒടുവില്‍ എന്റെ നമ്പര്‍ വന്നപ്പോള്‍ (സോറി.. പശുവിന്റെ നമ്പര്‍) സമയം പതിനൊന്നര. പത്തു മിനിറ്റ്‌ കൊണ്ട്‌ അതു കഴിഞ്ഞു. ഇപ്പോള്‍ പോയാല്‍ അവധിക്കാല ട്യൂഷന്‍ കഴിഞ്ഞ്‌ കവിതാ മണികള്‍ തിരികെ വരുന്ന സമയമാണ്‌. പക്ഷേ ഇവിടെത്രസമയം നില്‍ക്കും. ഒടുവില്‍ ജോസപ്പില്‍ പ്രതീക്ഷയര്‍പ്പിച്ച്‌ ഞങ്ങള്‍ തിരിച്ചു പോക്ക്‌ തുടങ്ങി. കവിതാ കോളേജ്‌ കഴിയുന്നതു വരെ പശൂന്റെ കയര്‍ അവന്‍ പിടിക്കുക, അതു കഴിഞ്ഞ്‌ ഞാന്‍ ... അതിന്റെ പ്രതിഫലമായി ഒരു "കമ്പ്‌ ഐസ്‌" കൂടുതല്‍.

അങ്ങനെ അവനും പശുവും മുന്നിലും, ഞാന്‍ സുരക്ഷിതമായ ഒരകലത്തില്‍ പിന്നിലും നടന്നു. ഇടയ്ക്കിടെ വണ്ടികള്‍ ചീറിപ്പാഞ്ഞ്‌ പോകുമ്പോള്‍ കാമധേനു (ആ ദിവസം മുഴുവന്‍ ഞാന്‍ അതിനെ സംബോധന ചെയ്തിരുന്നത്‌ മലയാളികള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന തമിഴ്‌ വാക്ക്‌ വച്ചായിരുന്നു) ജൊസപ്പിന്റെ കൈയില്‍ നില്‍ക്കാതെ ചാടിത്തുടങ്ങി. ഇതെന്റെ കൈയില്‍ നില്‍ക്കില്ലണ്ണാ എന്ന ദൈന്യ ഭാവത്തില്‍ അവനെന്നെ നോക്കിയപ്പോഴൊക്കെയും ഞാനവനെ "കമ്പൈസ്‌", "കമ്പൈസ്‌" എന്ന്‌ പറഞ്ഞ്‌ പ്രോല്‍സാഹിപ്പിച്ചും, ധൈര്യപ്പെടുത്തിയും പോന്നു.

പക്ഷേ കുറച്ചുകൂടി കഴിഞ്ഞപ്പോള്‍ പശുവിന്റെ ചാട്ടം കൂടി. ജോസപ്പിന്റെ കൈയില്‍ നില്‍ക്കില്ലെന്നെനിക്കുറപ്പായി. ആ നിമിഷം തന്നെ ഒരു 200 മീറ്റര്‍ ദൂരെ കവിതയിലെ ആദ്യ സുന്ദരിക്കൂട്ടം പ്രത്യക്ഷപ്പെട്ടു.

അതു പിന്നെ കഷ്ടകാലം വരുമ്പോള്‍ വയറെളക്കം പിടിച്ചോന്‍ വാളു വെയ്ക്കുന്നതു പോലെ രണ്ടു സൈഡില്‍ നിന്നുമാണല്ലോ വരിക.

എന്താ ചെയ്യുക. ഗ്ലാമര്‍ നോക്കണോ, അതോ പശൂനെ നോക്കണോ ...

അപ്പോള്‍ തോന്നിയ ഒരു ബുദ്ധിയില്‍ ഞാന്‍ പറഞ്ഞു.. "ജോസപ്പേ .. അതിനെ തല്‍ക്കാലം അവിടെ കെട്ടിയിട്‌". അവന്‍ അത്‌ അക്ഷരം പ്രതി അനുസരിച്ച്‌, അടുത്ത്‌ കണ്ട മുള്ളുവേലിയുടെ കല്‍ത്തൂണിലേക്ക്‌ കെട്ടി. കവിതാ മണികളേയും, കാമധേനൂന്റെ വെപ്രാളവും മാത്രം ശ്രദ്ധിച്ചിരുന്ന ഞാന്‍ ആ മുള്ളു വേലിക്കപ്പുറത്ത്‌ നിന്നിരുന്ന, രണ്ട്‌ ചുമന്ന കണ്ണുകളുടെയും, ഒരു വലിയ മീശയുടെയും ഉടമയായ പാപ്പിച്ചാനെ കണ്ടില്ല, പകരം പാപ്പിച്ചാന്റെ ഇങ്ങനൊരു ചോദ്യം കേട്ടു.

"ഏത്‌ @$#^$#$@%^*&*## - ന്റെ മോനാടാ എന്റെ പറമ്പില്‍ പശൂനെ കെട്ടിയത്‌."

ജോസപ്പിന്‌ ഒരു കമ്പ്‌ ഐസൂടെ കൈക്കൂലിയായ്‌ നല്‍കാമെന്ന്‌ കരുതി ഞാന്‍ അവന്റെ മോന്തയ്ക്‌ നോക്കുന്നതിന്‌ മുന്‍പ്‌ അവന്‍ ഓടി.. ദുഷ്ടന്‍ ... കാലുവാരി.

ഏതായാലും ചീത്തവിളി കേട്ടു, എന്നാപ്പിന്നെ മലവെള്ളപ്പാച്ചില്‍ പോലെ വരുന്ന ഈ പെണ്‍പിള്ളേരെല്ലാം പോയിട്ട്‌ പാപ്പിച്ചാന്റെ കൈയ്യില്‍ നിന്നും രണ്ട്‌ അഡീഷണല്‍ തെറിയും വാങ്ങി പശൂനെയും കൊണ്ട്‌ പോകാമെന്ന്‌ കരുതി നിന്നിരുന്ന എന്നെ അമ്പരപ്പിച്ചു കൊണ്ട്‌ അങ്ങേര്‌ പശൂനെ അഴിച്ചു വിട്ടു.

അങ്ങനൊരു ചതി പ്രയോഗം ഞാനും കാമധേനുവും പ്രതീഷിച്ചില്ല. അപ്രതീക്ഷിതമായ ആ സംഭവത്തില്‍ പേടിച്ചോ, പ്രതിഷേധിച്ചോ കാമധേനു ഓടാന്‍ തുടങ്ങി.

ഒരു കൈകൊണ്ട്‌ കയറിന്റെ മറ്റേ അറ്റത്തും, മറുകൈ കൊണ്ട്‌ ഏതുനിമിഷവും അഴിഞ്ഞു പോയേക്കാവുന്ന എന്റെ മുണ്ടിലും പിടിച്ച്‌, "ജയിക്കാനായ്‌ ജനിച്ചവന്‍ ഞാന്‍" എന്ന പാട്ടും പാടി നസീര്‍ സാര്‍ കുതിരപ്പുറത്ത്‌ വരുന്നത്‌ പോലെ, ജനസഹസ്രങ്ങളെ ചിതറിയോടിച്ച്‌, എന്റെ സ്വപ്നങ്ങളില്‍ പലപ്രാവശ്യം കണ്ടിട്ടുള്ള ആ സുന്ദര മുഖങ്ങള്‍ക്കിടയിലൂടെ ഞാനും അതിന്റെ പുറകേ ഓടി.

കാള്‍ ലൂയിസിനെ തോല്‍പ്പിക്കുന്ന സ്പീഡില്‍ ഓടിയതുകൊണ്ട്‌ എന്നെ ആരും കണ്ടുകാണില്ല എന്നാണെന്റെ വിശ്വാസം. എന്തായാലും ഞാന്‍ പിന്നെ അവരെ ആരേയും കണ്ടിട്ടില്ല.

ചന്തയും കഴിഞ്ഞ്‌ പോസ്റ്റ്‌ ഓഫീസിന്റെ പടിക്കല്‍ എത്തിക്കഴിഞ്ഞപ്പോള്‍ കാമധേനു നിന്ന്‌ കൂളായിട്ട്‌ പുല്ലു തിന്നാന്‍ തുടങ്ങി. അപാര സ്റ്റാമിന തന്നെ അതിന്‌, കാരണം അപ്പോഴേക്കും സര്‍ഗ്ഗത്തിലെ കുട്ടന്‍ തമ്പുരാന്‌ ചുഴലി വരുന്നതിന്റെ ക്ലൈമാക്സ്‌ പോലെ എന്റെ വായില്‍ നിന്നും നുരയും പതയും ഒക്കെ വന്നു തുടങ്ങിയിരുന്നു.

ജോസപ്പും അവിടെ അമ്പത്‌ കിലോമീറ്റര്‍ മാരത്തോണ്‍ ഓട്ടത്തിന്റെ ആദ്യത്തെ ഒരു കിലോമീറ്റര്‍ മാത്രം ഓടിയ ഇന്ത്യക്കാരനെപ്പോലെ ഒരു മയില്‍ക്കുറ്റിയുടെ പുറത്തിരുന്ന്‌ അണക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടയുടന്‍ അവന്‍ ചോദിച്ചു.

"കമ്പ്‌ ഐസ്‌ വാങ്ങിച്ചില്ലിയോ...?"

50 comments:

തമനു said...

കാമധേനുവും കമ്പ്‌ ഐസും ..

എന്റെ പഴയൊരു ചമ്മലിന്റെ കഥ,

പുതിയൊരു പോസ്റ്റ്‌.

സുല്‍ |Sul said...

ഹെ ഹെ ഹെ

തമനു, തേങ്ങ എന്റെ വഹ. ‘ഠേ......’

“വെറുതെ പോയ സിദാനെ വിളിച്ചു വരുത്തി 10 ടണ്ണിന്റെ ഒരു ഇടി വാങ്ങിച്ച്‌ നെഞ്ചിന്‍ കൂട്‌ തകര്‍ന്ന്‌ കെടന്ന മറ്റരാസിയെപ്പോലെ ഞാന്‍ കുറേനേരം ആ കെടപ്പ്‌ കെടന്നു.“ ഉപമകള്‍ കിടിലം.

-സുല്‍

Rasheed Chalil said...

ഏതോ ഒരനോണി, പിതായുടെ മനസിലേക്ക്‌, "നമുക്കോരോ നാരങ്ങ്യാ വെള്ളമങ്ങട്‌ കാച്ചിയാലോ" എന്ന്‌ തൂവാനത്തുമ്പികളില്‍ മോഹന്‍ലാല്‍ ചോദിക്കുന്നതു പോലെ "നമുക്കൊരു പശുവിനെ വാങ്ങിയാലോ" എന്നൊരു കമന്റിട്ടത്‌. ..

തമനുവേ അനുഫവം കോ‍ള്ളാല്ലോ...

Anonymous said...

കലക്കീ തമനൂ....

സ്മാളിനായി കഥ കേള്‍ക്കലും, അനോണിക്കമന്റും, സ്വന്തം കളറിന്റെ വിവരണവും, എല്ലാം ഉഗ്രന്‍ ! കലക്കന്‍ പോസ്റ്റ് ട്ടാ ;)

കുറുമാന്‍ said...

ഇത് കലക്കി തമന്‍ (ഉ). ചാമ്പക്കമരം കുലുക്കുന്നതുപോലെ, രാവിലെ ഉണര്‍ത്താനുള്ള അപ്പന്റെ കുലുക്കല്‍ അടിപൊളി :)

sandoz said...

ആരിയാട്ടുന്നത്‌ പോലെ നടന്നിരുന്ന ആള്‍ പെട്ടെന്ന് ലാല്‍ സ്റ്റയിലില്‍ ഒരു തോള്‍ ഇടിച്ചു താഴ്ത്തി നടക്കണത്‌ വായിച്ചപ്പൊ നാട്ടിലെ കാമുക കൂട്ടങ്ങളെ ഓര്‍മ്മ വന്നു.
കലക്കി.

Unknown said...

കാമധേനു (ആ ദിവസം മുഴുവന്‍ ഞാന്‍ അതിനെ സംബോധന ചെയ്തിരുന്നത്‌ മലയാളികള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന തമിഴ്‌ വാക്ക്‌ വച്ചായിരുന്നു

അണ്ണാ എന്നാണോ പുരട്ച്ചി തലൈവി എന്നാണോ തമനുച്ചേട്ടന്‍ പശുവിനെ വിളിച്ചിരുന്നത്? :-)

ഓടോ: കസറി അണ്ണാ... കസറി! ചിരിച്ച് അടപ്പിളകി. :-)

magnifier said...

ഹെയ്...അങ്ങിനെ അല്ല ദില്‍ബൂ...നമ്മ മലയാളികളല്ലേ..അപ്പോ അത് “മ...മ...അല്ലേവേണ്ട, മത്തങ്ങാത്തലയീ“ എന്നു തന്നെ ആവണം! തമനൂ സംഗതി ഉഷാര്‍ ട്ടോ..

ഓ.ടോ : ഈ പെട്ടത്തലയും ബുള്‍ഗാന്‍ താടിയും ഉള്ളവരൊക്കെ ഇങ്ങനെ തകര്‍ക്കുന്നതിന്റെ രഹസ്യമെന്താ തമനൂ? കുറുമാന്‍ പറഞ്ഞാലും മതി!

Unknown said...

തമനൂ,
കലക്കീ, ഓഫീസിലിരുന്നു വായിച്ച് ചിരിയടക്കാന്‍ ഇത്തിരി പാടു പെട്ടു. ഈ ബ്ലോഗും അരവിന്ദന്റേയും വിശാലന്റെയും ബ്ലോഗു പോലെ ‘ Read at your own risk during office hours' എന്ന ഗണത്തില്‍ വരുമെല്ലോ!

കമ്പ് ഐസ് ചോദിച്ചു വന്ന ജോസ്സപ്പിനോട് എന്താ പറഞ്ഞത്? :)

Mubarak Merchant said...

കാമധേന്‍ (ഉ) കലക്കി തമന്‍(ഉ) ചേട്ടാ..

"കമ്പ്‌ ഐസ്‌ വാങ്ങിച്ചില്ലിയോ...?"

അന്നേരമെന്താ സത്യത്തില്‍ പറഞ്ഞെ? :)

(ഇവിടെ പറയാന്‍ പുത്തിമുട്ടാണെങ്കി മെയിലയച്ചാ മതി, ഞാനിവിടെ കമന്റാക്കിക്കോളാം)

Unknown said...

മാഗ്നീ...
പറഞ്ഞത് നന്നായി എനിക്കറിയാമായിരുന്നില്ല കേട്ടോ. (ഹാവൂ.. എത്ര നല്ല ഇമേജ് എനിയ്ക്ക് ബൂലോഗത്ത്) :-)

അത്തിക്കുര്‍ശി said...

വായിച്ചു.. രസിച്ചു..

തമനു said...

ജോസപ്പിനോട്‌ അന്നേരം പറഞ്ഞ പലകാര്യങ്ങളും അന്നവന്‌ മനസിലാക്കാനുള്ള പ്രായമായില്ലായിരുന്നു. പറഞ്ഞ എനിക്കു പോലും വര്‍ഷങ്ങള്‍ക്കു ശേഷമാ പലതും മനസിലായെ.

എന്തായാലും അതിവിടെ പറഞ്ഞ്‌ ഏവൂര്‍ജിയുടെ കൈയില്‍ നിന്നും ഒരു ബ്ലോക്ക്‌ വാങ്ങാന്‍ താല്‍പര്യമില്ലണ്ണന്മാരേ ..

ചേച്ചിയമ്മ said...

കലക്കീട്ടോ.താങ്കളുടെ മുന്‍പത്തെ എല്ലാ പോസ്റ്റുകളും വായിച്ചിരുന്നു.ഇപ്പോഴാ ഒന്ന് കമന്റിടുവാന്‍ ഒത്തത്‌.

Kiranz..!! said...

വിശാലന്റേയും അരവിന്ദന്റേയും ഇടിവാളിന്റേയും ഒന്നും പോസ്റ്റുകള്‍ ഓഫീസില്‍ ഇരുന്നു വായിക്കില്ല,അപ്പുറത്തിരിക്കുന്ന പിള്ളേര്‍ ഇങ്ങോര്‍ക്കെന്താ വട്ടാണോന്നു വിചാരിച്ചിട്ട് മാത്രം.

ചുമ്മാ ഒന്നോടിക്കറങ്ങിയപ്പോളിങ്ങോട്ടോന്നു കേറിയതാ.തമനേ,മാനം തകര്‍ക്കാതെ ബലം പിടിച്ചിരുന്ന കാര്യം എനിക്കു മാത്രമറിയാം,ചിരിച്ച് വശായി.മുട്ടത്ത് കോണം സന്തോഷ്,യേശുവിനേ നോക്കല്‍..ഹെന്റമ്മോ..തകര്‍ത്തു മാഷേ..:)

ദിവാസ്വപ്നം said...

"പശുവിനെ നോക്കിക്കഴിഞ്ഞിട്ട്‌ യേശുവിനെ നോക്കിയാല്‍ മതി" എന്നൊരു അലിഘിത നിയമം പിതാ എനിക്കു മാത്രമായി വീട്ടില്‍ നടപ്പിലാക്കി.

തലേ ദിവസമേ കുളിച്ചിട്ട്‌ കിടന്ന എന്നെ, ചാമ്പക്ക വീഴ്താന്‍ വേണ്ടി മരമിട്ടു കുലുക്കുന്ന പോലെ കുലുക്കി ഉണര്‍ത്തിയിട്ട്‌ പിതാ ഇങ്ങനെ പറഞ്ഞു.

കല്യാണ പ്രായമൊന്നുമായില്ലെങ്കിലും, സാധാരണ അരിയാട്ടുന്നപോലെ കുണുങ്ങി കുണുങ്ങി നടന്നിരുന്ന ഞാന്‍ നാലു പെണ്‍പിള്ളേരെ കാണുമ്പോള്‍ മോഹന്‍ലാലിനെപ്പോലെ നടക്കാന്‍ വൃഥാ ശ്രമിച്ചിരുന്ന കാലവുമായിരുന്നു അത്‌

ആ ദിവസം മുഴുവന്‍ ഞാന്‍ അതിനെ സംബോധന ചെയ്തിരുന്നത്‌ മലയാളികള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന തമിഴ്‌ വാക്ക്‌ വച്ചായിരുന്നു

*******

ഹ ഹ ഹ തമനൂ,

ചിരിച്ചു ചിരിച്ച്‌ ഞാനൊരു വഴിയ്ക്കായി. സപ്തനും കിരണ്‍സും പറഞ്ഞപ്പോഴും ഇത്രേം ഞാന്‍ പ്രതീക്ഷില്ല. വീട്ടില്‍ ചെന്ന് വിശാലമായിട്ട്‌ ഒന്നൂടെ വായിച്ച്‌ ഒരുത്തനേം പേടിക്കാതെ ഒന്ന് ചിരിക്കണം

:-))

വിന്‍സ് said...

ഹഹഹ അവസാനത്തെ മൈല്‍ കുറ്റിയും ഐസ് വാങ്ങീയില്ലേ എന്ന ചൊദ്യവും കലക്കി. ഇവിടെ ആരാണു നന്നായി കൊമഡി എഴുതുന്നതു എന്നതിന്റെ മത്സരം ആണെന്നു തോന്നുന്നു. അരവിന്ദനും, വിശാലനും, കുറുമാനും ഒക്കെ ഒരു ഗോബ്ബട്ടീഷന്‍ ആയി.

ചാക്ക്യാര്‍ said...

ചേട്ടനെ ഒരു പ്രാവശ്യമെങ്കിലും ഉത്തമന്‍ എന്ന് ഞനൊന്ന് വിളിച്ചോട്ടേ..........

കമ്പ്‌ ഐസ്‌ വാങ്ങിതന്നാല്‍ കുത്തി വെപ്പിക്കാന്‍ പോകുമ്പോള്‍ ഞാന്‍ വരാം........ വിളിക്കുമല്ലോ.

തമനു said...

കാമധേനൂനെ കാണാന്‍ വന്ന സുല്‍, ഇത്തിരി, ഇടീ, കുറു, സാന്‍ഡോ, തമിഴറിയാത്ത ദില്‍ബൂ, തമിള്‍ ശിങ്കം മാഗ്നീ (ശിങ്കമാണെന്ന്‌ കരുതി ബുള്‍ഗാനേ തൊട്ടൊള്ള കളി വേണ്ടാ .. കേട്ടല്ലോ..), സപ്താജി, ഇക്കാസ്‌, അത്തിക്കുര്‍ശിജി, ചേച്ചിയമ്മ, കിരണ്‍സ്‌, ദിവാ, വിന്‍സ്‌, ചാക്യാര്‍ ... എല്ലാവര്‍ക്കും നന്ദിയും ഓരോ കമ്പൈസും.

നന്ദു കാവാലം said...

entha ezhuthu...entha flow..enthu nissaramayi valia karyangal parayunnu...sarikkum abhimanamundu

Achoos said...

ചിരിച്ചു മരിച്ചു തമനു മാഷേ. അടിപൊളി.

Anonymous said...

Thamanu, appreciate your sense of humor. But you could have avoided two lines in the story, if you wanted - one saying "appante santhanolpaadana swathanthraym..." and "athirthiyil vedivekkan poyi...." both regarding a dad. I understand that you wrote that as sincere jokes....but it doesn’t sound right. Even without these two lines, your story would have been as good and funny as it is now. Referring to our own parents in a slang manner is not a good manner...... is it? I also enjoyed the rest. Keep it up.

തമനു said...

പ്രിയപ്പെട്ട നന്ദുവേട്ടാ .. എന്നെ വായിച്ചു എന്നറിഞ്ഞതില്‍ വളരെ സന്തോഷം. നല്ല വാക്കുകള്‍ക്ക്‌ ഒരായിരം നന്ദി.

അച്ചൂസേ .. ചിരിച്ചോളൂ .. മരിക്കണ്ടാ ..ഇവിടൊക്കെത്തന്നെ കാണണം.

പ്രിയ അനോണി സുഹൃത്തേ .. ക്ഷമിക്കുക. എന്റെ സ്നേഹധനനായ അപ്പയെക്കുറിച്ച്‌ മോശമായൊന്നും ഉദ്ദേശിച്ചെഴുതിയതല്ല ആ വാക്കുകള്‍. പക്ഷേ ഇപ്പോള്‍ അതൊരു കോമാളിത്തരമായോ എന്നൊരു സംശയം. താങ്കളുടെ അഭിപ്രായത്തെ അതേ ഗൗരവത്തോടുകൂടി സ്വീകരിക്കുന്നു. ഇനിയും എഴുതുമ്പോള്‍ തീര്‍ച്ചയായും ശ്രദ്ധിക്കാം. നന്ദി. ഇതേപോലുള്ള ആത്മാര്‍ത്ഥമായ നിര്‍ദ്ദേശങ്ങള്‍ വീണ്ടും പ്രതീക്ഷിക്കുന്നു.

Peelikkutty!!!!! said...

ഹൊ..ചിരിയടക്കാന്‍ ഞാന്‍ പെട്ട പാട്..
ദൈവമെ,ഇങ്ങ്നെ ചിരിപ്പിക്കുന്നവര്‍ ദിവസവും ഉണ്ടാകണേ ബൂലോകത്ത്:)

മുല്ലപ്പൂ said...

തമനൂ ഇതു കലക്കന്‍ പൊസ്റ്റ്.
തലക്കെട്ടുമുതല്‍ എല്ലാം സൂപര്‍.

Anonymous said...

കൊള്ളാം തമനൂ കലക്കി....
തമനൂന്റെ വേദന എനിക്ക്‌ മനസിലാകുന്നുണ്ട്‌. എനിക്കും ഇതുപോലെ കുറെ അനുഭവങ്ങള്‍ ഉണ്ട്‌.... ഞാന്‍ എന്റെ ഭൂതകാലത്തിലേക്ക്‌ ഒന്നു പോയി........

ലിഡിയ said...

തമനൂ കലക്കന്‍, ക്വാട്ടാന്‍ ബാക്കിയക്കാതെ എല്ലാവരും മാലയിട്ട് ഉളുക്കി തന്ന ആ കഴുത്തില്‍ ഇടാന്‍ മാലകളൊന്നും മിച്ചമില്ലെങ്കിലും എനിയും ഇത് വഴി വരാം, കൂടുതല്‍ പ്രതീക്ഷകളുമായി.

സത്യം,സരസമായി എഴുതുന്നവരുടെ എണ്ണം കൂടി വരുന്നു ബൂലോഗത്ത്, നല്ലത് തന്നെ :)

ശ്ശൊ, എന്റെ വെ.വെ മാമോത്ത് :(

-പാര്‍വതി.

G.MANU said...

Thamnu...Kollam....
Ilanthookkaran alle...Naam Konni..

ente roomil onnu kerane
brijviharam.blogspot.com

Visala Manaskan said...

"ഒരു ദിവസത്തേക്ക്‌ പ്ലാസ്റ്റിക്ക്‌ സര്‍ജറി ചെയ്ത്‌ തെങ്ങു കേറ്റക്കാരന്‍ സുകുമാരന്റെ മൊഖഷേപ്‌ വരുത്തിയാലോ എന്നു വരെ ആ കെടപ്പില്‍ കെടന്ന്‌ ഞാന്‍ ആലോചിച്ചു"

തമനുവേ.. സുപ്പര്‍ ഡ്യൂപ്പര്‍ സൂപ്പര്‍!!!!!

നമ്പറുകളാല്‍ പോസ്റ്റ് സമൃദ്ദം (ധ/ദ/ദ്ധ?) തമനുവിന്റെ ഏറ്റവും നല്ല പോസ്റ്റ് തന്നെ ഇത്!

കുറെ ചിരിച്ച്.. പൊട്ടിപ്പൊട്ടി ചിരിച്ചളിയാ...

ഉമേഷ്::Umesh said...

ഡാ തമനുവേ,

ശ്ശെടാ, ഇതിനു മുമ്പു് ഇതു വായിക്കാന്‍ തോന്നിയില്ലല്ലോ.

ബ്ലോക്കാഫീസ്, നെടുവേലിമുക്കു്, കവിതാ കോളെജ്, ഗണപതിയമ്പലം, ആശുപത്രിപ്പടി,... നൊസ്റ്റാള്‍ജിയ, നൊസ്റ്റാള്‍ജിയ...

അപ്പോള്‍ കൊടകരക്കാര്‍ക്കു മാത്രമല്ല, എന്റെ ഗ്രാമക്കാര്‍ക്കും അഭിമാനിക്കാന്‍ ഒരു പുരാണക്കാരന്‍.

ഇന്നലെയാണു് ഇവന്‍ ലവനാണെന്നു മനസ്സിലായതു്. ഇതു നേരത്തെ വായിച്ചാല്‍ മനസ്സിലായേനേ. എക്സ്‌പട്ടാളം അച്ഛന്‍, മിടുക്കിയായ ചേച്ചി, ഇരട്ടകളായ ചേട്ടന്മാര്‍... ഇത്രയും കണ്ടിട്ടു പ്രൊഫൈലില്‍ നോക്കുമ്പോള്‍ “ഇലന്തൂര്‍‍” എന്നു കൂടി കാണുമ്പോള്‍ ആളെ പിടികിട്ടിയേനേ...

ഇനി എനിക്കും തലയുയര്‍ത്തി നടക്കാം...

(യഥാര്‍ത്ഥ പേരു് ഞാന്‍ ആരോടും പറയില്ല കേട്ടോ...)

സൂപ്പര്‍ എഴുത്തു്....

ഓ. ടോ.: ഈ കവിതാ കോളേജില്‍ പണ്ടു പത്താം ക്ലാസ്സില്‍ വെച്ചു ട്യൂഷനു പോയപ്പോള്‍ കൂടെയുണ്ടായിരുന്ന കവിതാമണികളുടെ ലിസ്റ്റ് അടങ്ങിയ ഒരു ശ്ലോകം രണ്ടു ദിവസം മുമ്പു് ഇവിടെ ഇട്ടിരുന്നു.

Anonymous said...

Thamanu, I am glad to see that you had taken my criticism positively and accepted the suggestions to change "slang references to Pithashree". You are really an “UTHAMAN”. And for your information, there was no sugar factory in Punalur, it was at Pandalam !! Correct your story again please !

മുസ്തഫ|musthapha said...

"...ഒരു കൈകൊണ്ട്‌ കയറിന്റെ മറ്റേ അറ്റത്തും, മറുകൈ കൊണ്ട്‌ ഏതുനിമിഷവും അഴിഞ്ഞു പോയേക്കാവുന്ന എന്റെ മുണ്ടിലും പിടിച്ച്‌, "ജയിക്കാനായ്‌ ജനിച്ചവന്‍ ഞാന്‍" എന്ന പാട്ടും പാടി നസീര്‍ കുതിരപ്പുറത്ത്‌ വരുന്നത്‌ പോലെ..."

ഹ..ഹ..ഹ... :))

ഇത് ചുമ്മാ ഒന്ന് ക്വാട്ടി എന്നേയുള്ളൂ... ഇഷ്ടപ്പെട്ട എല്ലാ ഉപമകളും ക്വാട്ടാന്‍ തുടങ്ങിയാല്‍ പോസ്റ്റ് മൊത്തം ക്വാട്ടേണ്ടി വരും...

അലക്കിപ്പൊളിച്ചിരിക്കുന്നു ബുള്‍ഗാനീ... ഇജ്ജ് ബൂലോഗത്തിന് ബൈകി കിട്ടിയ മുത്താണ് :)

ഒ.ടോ: എല്ലാ ഇന്‍ഡോ അറബ് ഫെസ്റ്റിനു വരുമ്പോഴും, കവിത ചൊല്ലാന്‍ ‘മുട്ടി‘ നില്‍ക്കുന്ന മറ്റൊരു ബുള്‍ഗാനിയുടെ കൂടെ തന്നെ വരണം കേട്ടോ... :)

Kaithamullu said...

തമന്‍ ഏറെ വൈകിയാണു വായിച്ചത്.
നോക്കീപ്പോ കമന്റിട്ടെല്ലാരും കൂടി ഒരു പരുവമാക്കിയിരിക്കുന്നു.
അതിനാല്‍ ഞാന്‍ കൂടി കേറുന്നില്ലാ....

ഉം...അടുത്തതിനാകട്ടെ, ആദ്യം ഞാനിടും കമന്റ്...!

:: niKk | നിക്ക് :: said...

തമനൂന്റെ കൊച്ചാട്ടനും പൂക്കളവും വായിച്ചിട്ട്‌ ഓഫീസില്‍ കൂട്ടച്ചിരിക്കു വകയുണ്ടാക്കി, എനിക്കിപ്പോഴും ചിരി നിര്‍ത്താന്‍ കഴിഞ്ഞിട്ടില്ല.

തമനു said...

പീലിക്കുട്ടീ, മുല്ലപ്പൂവേ, അനോണീ, പാര്‍വതി, മനു വളരെ നന്ദി.

വിശാല്‍ജീ.. സുകുമാരന്‌ എന്നേക്കാള്‍ ഗ്ലാമറാ ഇപ്പോഴും.

ഉമേഷ്ജി .. വളരെ നന്ദി. എന്നെ തിരിച്ചറിഞ്ഞല്ലോ .. കവിതാ മണികളുടെ കവിത കലക്കി. എനിക്കറിയാവുന്ന ഒന്നു രണ്ടു ചേച്ചിമാരുണ്ട്‌ അതില്‍...

അഗ്രജാ .. കവിതേടെ കാര്യം മിണ്ടരുത്‌.

കൈതേ .. ഇപ്പൊഴത്തെ കമന്റിന്‌ പ്രത്യേക നന്ദി.

നിക്കേ .. കൊച്ചാട്ടനും പൂക്കളവും മാത്രമേ വായിച്ചുള്ളോ ..?

Anonymous said...

തമനൂ കലക്കനണല്ലോ ഇത്.
ഞാനിപ്പഴാ കണ്ടത്.കൊള്ളാം


വിവി

അലിഫ് /alif said...

ഏവൂരാന്‍ ജി ബ്ലോക്കിയില്ലങ്കിലും ഞാനിതാ ബ്ലോക്കുന്നു, ഒരു ഫില്‍ട്ടറും എഴുതിയിട്ടു, “ ഓഫീസ് സമയ്ത്ത് വായിക്കുന്നത് സൂക്ഷിച്ച്” (അല്ലങ്കില്‍ പണിപോവും, ചിരിച്ചിട്ടേയ്..) ആ ‘ജയിക്കാനായി ജനിച്ചവന്‍‘ ഓര്‍ക്കുമ്പോള്‍ ചിരിക്കാതിരിക്കുന്നത് എങ്ങിനെ. നന്നായിട്ടുണ്ട്, എന്നല്ല കിടുക്കന്‍. വായിക്കാന്‍ വൈകി.
(കഥയില്‍ ചോദ്യമില്ല, എന്നാലും ‘പുനലൂര് ‍ ഷുഗര്‍ ഫാക്ടറിയുണ്ടോ, പേപ്പര്‍ മില്ലേയുള്ളൂ. പന്തളത്താണ് മറ്റവന്‍, നമ്മുടെ ഷുഗറന്‍ )

മൈഥിലി said...

എല്ലാം കൂടി ഞാനിപ്പോഴാ വായിച്ചത് ചിരിച്ച് ചിരിച്ച്.
ചിരിച്ച്................വയ്യാണ്ടായി.ഞാന്‍ ചപ്പാത്തിക്ക് മാവു കുഴക്കുകയായിരുന്നു. ഇനിയെനിക്ക് ഒന്നിനും വയ്യേ.................

P Das said...

:D

Anonymous said...

Uthamanchetta kalaki, nadodikattile Dasanu vijayanum pole josphum chettanum pinne kamadenuvum..,tamilnadin preyogam adipoli

Sathees Makkoth | Asha Revamma said...

ഇതു എങ്ങനെ മിസ്സായി പോയിയെന്നറിയില്ല.
കഥ ഉപമകളാല്‍ സ‌മൃദ്ധം
എല്ലാമൊന്നിന്നൊന്നു മെച്ചം
എങ്കിലുമൊരു ഉളുപ്പുമില്ലാതെ ഇതെല്ലാം എഴുതിപ്പിടിപ്പിച്ചല്ലോ മോനേ
തൊലിക്കട്ടി കാമധേനുവിനേക്കാള്‍ ബെസ്റ്റ്!

ശ്രീവല്ലഭന്‍. said...

ഹയ്യയ്യോ, അപ്പുവിന്റെ ബ്ലോഗിലുടെ ഒരു വര്‍ഷത്തിനു ശേഷം എത്തി. ചിരിച്ചു വശായി!

ജഗ്ഗുദാദ said...

അയ്യോ അണ്ണാ. അവസാനത്തെ ചോദ്യം കെട്ട് ഞാന്‍ ചിരിച്ചു ചിരിച്ചു ചുമ പിടിച്ചു... കമ്പ്‌ ഐസ് വാങ്ങിചില്ലിയോ.. !!!

വളരെ വളരെ നന്നായിട്ടുണ്ട്..

ഷാഹിദ്.സി said...

സാഹിത്ത്യവും ഇപ്പോ പണക്കാർക്കു മാത്രം പറഞ്ഞതാണോ? പാവങ്ങളായ ഞങ്ങൾ നാട്ടിൻപുറത്തുകാർ “akshaya ജനസേവന കേന്ദ്രം “ വന്നില്ലായിരുന്നെങ്കിൽ ഇതു വല്ലോം കാണ്വാരുന്നോ....ഹെന്റമ്മോ ചിരിച്ചു ചിരിചു മണ്ണു കപ്പി........

രഘു said...

ഹയ്യൊ!
ചിരിച്ചു മണ്ണുകപ്പി!
കൊള്ളാം

മുജീബ് ശൂരനാട് said...

സ്വന്തമായിട്ട്ട് create ചെയ്ത ബ്ലോഗ്‌ സായിപ്പംമാരെടെ ഇടക്കായിപ്പോയി. അതുകൊണ്ട് ഇങ്ങളെയൊക്കെ ഇപ്പോഴാ കാണാന്‍ പറ്റിയെ. കലക്കീട്ടിണ്ട് ... ചിരിക്കില്ലാന്നു വാശി പിടിച്ചിട്ടും കൊറേ ചിരിച്ചു....

Unknown said...

അതു പിന്നെ കഷ്ടകാലം വരുമ്പോള്‍ വയറെളക്കം പിടിച്ചോന്‍ വാളു വെയ്ക്കുന്നതു പോലെ രണ്ടു സൈഡില്‍ നിന്നുമാണല്ലോ വരിക.......

കിടു അണ്ണാ...കിടു ....ചിരിച്ചു ചിരിച്ചു ഒരു പരുവമായി

Sreehari Perumana said...

nanayi super exlnt plz visit my blog paravablog.blogspot.com

sudhi said...

അതു പിന്നെ കഷ്ടകാലം വരുമ്പോള്‍ വയറെളക്കം പിടിച്ചോന്‍ വാളു വെയ്ക്കുന്നതു പോലെ രണ്ടു സൈഡില്‍ നിന്നുമാണല്ലോ വരിക.
വളരെ ഏറെ നര്‍മം കലര്‍ന്ന നല്ല രചന

സുധി അറയ്ക്കൽ said...

എന്റെ പൊന്നോ!!!ചിരിച്ച്‌ ചിരിച്ച്‌ എനിക്ക്‌ വല്ലതും സംഭവിച്ചാൽ!!!!!!